വി ടി ജയദേവന്‍

കുറച്ചു കാലമായി ശ്രദ്ധിക്കുന്നു.
പതിവു കണ്ടു മുട്ടല്‍
ഇടങ്ങളിലൊന്നും നിങ്ങളില്ല.
ചന്തയിലില്ല,
ആല്‍ച്ചുവട്ടിലില്ല,
മൈതാനത്തോ വായനശാലയിലോ ഇല്ല.
വീട്ടില്‍ പല കുറി വന്നു,
നിങ്ങളില്ല.
ഓഫീസില്‍ നിങ്ങളുണ്ടെന്നതിന്റെ
ഒച്ചയോ അനക്കമോ ഇല്ല.

ഇതാ പോകുന്നു ഒരു ബഹളജാഥ,
ഇതാ വരുന്നു ഒരു മൗനജാഥ,
രണ്ടിലും ഇല്ല നിങ്ങള്‍.
വാക്കുകളെയും വിചാരങ്ങളെയും
തുറന്നു നോക്കി,
അകം ഒഴിഞ്ഞ്.
അടുത്തിടെയത്തെ
എല്ലാ എഴുത്തു കുത്തുകളും
വകഞ്ഞു നോക്കി.
നിങ്ങളതിലൂടെ നടന്നു പോയതിന്റെ
മങ്ങിയ കാലടയാളം പോലും കണ്ടില്ല.

സ്‌നേഹിതാ,
നിങ്ങളുടെ കണ്ണുകളില്‍ പോലും
കുറെയായി നിങ്ങളില്ല,
എന്തു പറ്റി?

Categories: Poem

Leave a Reply

Your email address will not be published. Required fields are marked *