മഹാശ്വേതാ ദേവി
വിവര്‍ത്തനം: എ.പി. കുഞ്ഞാമു

ധര്‍മ്മയുദ്ധം കഴിഞ്ഞു. പടക്കളത്തില്‍ ചിതയിലെ തീ ആളിക്കത്തിക്കൊണ്ടിരിക്കുന്നു. കൗരവരുടേയും പാണ്ഡവരുടേയും കൂട്ടത്തിലെ, മരിച്ചുപോയ പടനായകരെ സകല ആചാരാനുഷ്ഠാനങ്ങളുമനുസരിച്ച് ദഹിപ്പിക്കുകയാണ്. ചിതയെരിഞ്ഞുകൊണ്ടിരിക്കെ, ഒരു കൂട്ടം സ്ത്രീകള്‍ ഇത്തിരി ദൂരം മാറി തിക്കിത്തിരക്കി നിന്ന് വിലപിക്കുന്നു; അലമുറകള്‍ക്കിടയില്‍ ‘ഹായ്, ഹായ്’ എന്ന വാക്ക് മാത്രമേ കേള്‍ക്കാനുള്ളു.

ഈ സ്ത്രീകള്‍ രാജവൃത്തത്തില്‍ പെട്ടവരല്ല, അതായത് രാജകുടുംബാംഗങ്ങളല്ല. ഭൃത്യകളും സേവികമാരുമല്ല. പദാതിക് എന്നു പറയുന്ന നൂറുകണക്കിന് കാലാള്‍പടയാളികളുടെ കുടുംബങ്ങളില്‍ പെട്ട സ്ത്രീകളാണവര്‍. പദാതിക് പല ചെറു രാജ്യങ്ങളില്‍ നിന്നുമുള്ള പടയാളികളാണ്. രഥങ്ങളില്‍ ആരൂഢരായ വീര നായകരെ സംരക്ഷിക്കുന്ന പണിക്കിടയില്‍, ദിവസവും ഇക്കൂട്ടത്തില്‍ പെട്ട ആയിരങ്ങള്‍ കൊല്ലപ്പെടുന്നു. അവര്‍ക്ക് ആയുധം നല്കിയിട്ടില്ല. അതിനാല്‍ വന്‍തോതിലാണ് അവരുടെ മരണം.

പടയാളികളെ ദഹിപ്പിക്കുമ്പോള്‍, കുരുക്ഷേത്രത്തിന് മീതെ ആകാശം തീറ്റ തേടി വട്ടമിട്ടു പറക്കുന്ന പക്ഷികളാല്‍ ഇരുണ്ടുപോകുന്നു. വെന്ത മാംസത്തിന്റെ നാറ്റമുള്ള പുക. എണ്ണയില്‍ കുതിര്‍ന്ന വിറകു കഷണങ്ങള്‍ ഒന്നിനു മീതെയൊന്ന് എന്നമട്ടില്‍ കൂട്ടിവച്ചതിനു മുകളില്‍, ദഹിക്കുന്ന മൃതദേഹങ്ങള്‍, അവ ജ്വലിക്കുകയാണ്. ചിതകള്‍ ദിവസങ്ങളോളം നിന്ന് കത്തുന്നു.
ചിതകള്‍ കത്തിക്കൊണ്ടേയിരിക്കുന്നു; സ്ത്രീകള്‍ പിരിഞ്ഞുപോയി ഇരുളിലലിയുന്നു. യുദ്ധരംഗത്ത് ഒഴിച്ചുകൂടാനാവാത്തവയാണ് വേശ്യാഗൃഹങ്ങള്‍. അവ ഇപ്പോള്‍ ആളൊഴിഞ്ഞു കിടക്കുകയാണ്. ആ പെണ്ണുങ്ങള്‍ ഇപ്പോഴും അവരുടെ കൂടാരങ്ങളിലുണ്ടോ, അതോ അപ്രത്യക്ഷരായിക്കഴിഞ്ഞുവോ? ആര്‍ക്കറിയാം.
ചിതയൊരുക്കുന്ന പണി ചണ്ഡാളരുടേതാണ്. മാംസവും എല്ലും കത്തിച്ചാമ്പലായി എന്ന് ഉറപ്പുവരുത്തേണ്ടത് അവരാണ്. അവര്‍ ചക്രവാളത്തില്‍ പ്രതിധ്വനിക്കുന്ന ഭീതിജനകമായ വിലാപം പേടിയോടെ കേട്ടു നില്ക്കുന്നു; ദുഃഖം ഒരു മഹാനദിയായി നിറഞ്ഞൊഴുകുകയാണ്. സങ്കടക്കടലില്‍ തിരമാലകള്‍ ആര്‍ത്തിരമ്പുകയും, രാവിന്റെ ഇരുളിലേക്ക് മാഞ്ഞുപോവുകയുമാണ്; വേലിയിറക്കം പോലെ അവ ഇരുട്ടിലേക്ക് പിന്‍വാങ്ങുന്നു.

ചണ്ഡാളര്‍ക്ക് യുദ്ധത്തില്‍ യാതൊരു പങ്കുമില്ല. യുദ്ധം കഴിഞ്ഞ ശേഷമാണ് അവര്‍ വരിക. കഴിഞ്ഞ ഏതാനും ആഴ്ചകളായി അവര്‍ വിറകു ശേഖരിക്കുകയായിരുന്നു. ഒരുപാട് വിറകു വേണമെന്ന് അവര്‍ക്കറിയാം. പേരറിയാത്ത മൃതദേഹങ്ങളെ തിന്നു തീര്‍ക്കുന്ന തീനാളങ്ങളുടെ ദാഹം വെള്ളമൊഴിച്ച് ശമിപ്പിക്കേണ്ടതു തങ്ങളാണെന്നും അവര്‍ക്കറിയാം. പക്ഷേ ഈ പണി അവര്‍ പൂര്‍ത്തീകരിക്കാറില്ല. ‘പുഴയില്‍ വെള്ളം കയറുമ്പോള്‍ ചിതകള്‍ മുങ്ങിപ്പോവട്ടെ’-സ്ഥലം കാലിയാക്കുമ്പോള്‍ അവര്‍ പറയും.
ഏറെ നേരം അവിടെയുണ്ടായിരുന്ന ഇരുട്ടിന്റെ, കട്ടിയേറിയ വാതില്‍ ഇതാ, ചിതറിക്കഴിഞ്ഞു. പെണ്ണുങ്ങള്‍ എഴുന്നേറ്റ്, നടക്കുവാന്‍ തുടങ്ങി.

അവര്‍ തലസ്ഥാനത്തിന്റെ പുറംപ്രദേശങ്ങളിലേക്ക് തിരിച്ചു നടക്കുകയാണ്. കറുപ്പു വസ്ത്രമണിഞ്ഞ സ്ത്രീകള്‍ ഭൂമിയിലൂടെ നടന്നു നീങ്ങുന്നത് സൂര്യോദയം കണ്ടു നിന്നു. ചിതകളിലെ തീനാളങ്ങള്‍ കുരുക്ഷേത്ര ഭൂമിയെ ചുട്ടുപൊള്ളിച്ച്, കരിമ്പാറകളാക്കിയിരുന്നു. കോപതാപത്തിന്റെ തിരമാലകള്‍, വിശാലമായ ചുടുകാടിനു മീതെ, മഞ്ഞുപോലെ മൂടിക്കെട്ടി നില്ക്കുന്ന ചൂട്.

നഗരത്തിനു പുറത്തൊരിടത്ത്, അഞ്ചു പെണ്ണുങ്ങള്‍ കൂട്ടം കൂടി കുത്തിയിരുന്നു. അവരുടെ മാറുമറച്ച കറുത്ത തുണിക്കഷണങ്ങള്‍, പിന്നാംപുറത്ത് കൂട്ടിക്കെട്ടിയിട്ടുണ്ട്. അരയില്‍ ചുറ്റിയ കറുത്ത തുണികൊണ്ട് അവരുടെ തല മൂടുകയും ചെയ്തിരിക്കുന്നു.
രാജവംശത്തില്‍പെട്ട സ്ത്രീകളുടെ താമസസ്ഥലത്തെ, മുഖ്യ പരിചാരികയാണ് മദ്രജ; അവര്‍ പുതിയ പരിചാരികമാരെ തേടി നടക്കുകയാണ്. രാജഗൃഹങ്ങള്‍ എണ്ണമറ്റ യുവവിധവകളാല്‍ നിറഞ്ഞിരിക്കുന്നു. അവരുടെ ജീവിതത്തില്‍ ഇനി ആഡംബരങ്ങളും വിനോദങ്ങളുമില്ല. നറുമണം വിതറുന്ന പൂമാലകള്‍, തൊലിയില്‍ പുരട്ടുന്ന ചന്ദനവും കുങ്കുമവും, സുഗന്ധ തൈലങ്ങളുടെ വാസനയുതിരുന്ന കേശാലങ്കാരങ്ങള്‍-എല്ലാം അവരുടെ ജീവിതത്തില്‍ നിന്ന് എന്നെന്നേക്കുമായി അകന്നു പോയി.

ആചാര്യന്മാര്‍ അവരെ വൈധവ്യത്തിന്റെ കര്‍ശനമായ നിയമങ്ങള്‍ പഠിപ്പിക്കുന്ന തിരക്കിലാണ്. ദുഃഖത്താല്‍ നടുങ്ങിനില്ക്കുന്ന യുവതികള്‍ ആചാര്യന്മാര്‍ പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിക്കുന്നു.
കുരുജംഗാല്‍ പ്രദേശത്തു നിന്നു വന്ന സ്ത്രീ ആണ് മദ്രജ. അഞ്ചു പെണ്ണുങ്ങളും അതേ നാട്ടില്‍ നിന്നു വന്നവരാണെന്ന് മദ്രജക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. നിങ്ങള്‍ക്കിപ്പോഴും ചെറുപ്പമാണല്ലോ- അവള്‍ പറഞ്ഞു.
പെണ്ണുങ്ങള്‍ ഒന്നും മിണ്ടിയില്ല
തിരിച്ചു പോവുകയാണോ?
ഭൂമിക്ക് എന്തും സഹിക്കാനാവും, അവര്‍ പറയുന്നു. പക്ഷേ അതൊരു നുണയാണെന്ന് നിങ്ങള്‍ക്കറിയാം. അതിന്റെ മനം പുരട്ടുന്ന ചൂട്, പാറയുടെ ഉറപ്പ്, എന്നിട്ടെന്ത് സംഭവിച്ചു-?
വീട്ടിലേക്ക് ഏറെ ദൂരമുണ്ട്, ദുര്‍ഘടം പിടിച്ച വഴി, ഇപ്പോള്‍ തന്നെ ഇരുപതു ദിവസമായി… ഇനിയും വയ്യ.
മദ്രജ അവരുടെ കാലുകളും, തോളെല്ലുകളും കൈകളും വിലയിരുത്തുകയായിരുന്നു. അവര്‍ ചെറുപ്പക്കാരികളാണെന്നത് നേര്; എന്നാല്‍ കഠിനാധ്വാനം ചെയ്തു പരിചയിച്ച ശരീരങ്ങള്‍.
റാണി സുഭദ്രക്ക് സ്ത്രീകളെ ആവശ്യമുണ്ട്; വിധവയായ മരുമകള്‍ ഉത്തരക്കു വേണ്ടിയാണ്.
ദാസിമാരെ? അതോ പരിചാരികകളേയോ?
അവള്‍ ദുഃഖത്താല്‍ വെളിവു കെട്ടിരിക്കുകയാണ്, ഒന്നും മിണ്ടുന്നില്ല. പോരാത്തതിന് ഗര്‍ഭവതിയും..
അതിന്…
ഇങ്ങനെയൊരു ദുഃഖമുണ്ടാവുമ്പോള്‍…
ദുഃഖമോ? എന്തു ദുഃഖം? ഏയ് കിഴവിത്തള്ളേ, ഇതൊരു സ്വാഭാവിക ദുരന്തമല്ലേ? സഹോദരന്മാര്‍ തമ്മിലുള്ള യുദ്ധത്തില്‍ നിരവധി രാജാക്കന്മാര്‍ പക്ഷം ചേരുന്നു. ചിലര്‍ ഒരു ഭാഗത്ത്, വേറെ ചിലര്‍ മറുഭാഗത്തേക്ക് കൂറുമാറുന്നു. ഇത് സഹോദരന്‍ സഹോദരന്റെ കഴുത്തറുക്കുക മാത്രമല്ല. വഴക്കുകളെപ്പറ്റിയും അസൂയയെപ്പറ്റിയും നമുക്കറിയാം- ശത്രുതകളെപ്പറ്റിയുമറിയാം. പക്ഷേ വെറുമൊരു കിരീടത്തിനുവേണ്ടി ഇങ്ങനെയൊരു യുദ്ധമോ? ഇതൊരു പുണ്യ യുദ്ധമാേണാ, ധര്‍മ്മ യുദ്ധമാണോ? അതിമോഹത്തിനു വേണ്ടിയുള്ള യുദ്ധമാണെന്നേ ഇതിനെ വിളിക്കാനാവൂ…
ശരി, സമ്മതിക്കുന്നു. ഇപ്പോള്‍ എന്റെ കൂടെ വരൂ.
ദാസിമാരായിക്കഴിയാന്‍ ഞങ്ങള്‍ക്ക് സമ്മതമില്ല, ഞങ്ങള്‍ ദാസിമാരായി ജീവിക്കുകയില്ല.

വേണ്ട വേണ്ട, നിങ്ങള്‍ ഉത്തരയുടെ കൂട്ടുകാരായിരിക്കും.
അഞ്ചു സ്ത്രീകളും ഉത്തരയുടെ അടുത്തെത്തിയത് ഈ ധാരണയുമായാണ്. കടുത്ത ദുഃഖത്തോടെ സുഭദ്ര പറഞ്ഞു- അവള്‍ പരിചിത മുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ദുഃഖഭാരത്താല്‍ മിണ്ടാട്ടമില്ല. പുറത്തുള്ള ലോകവൃത്തത്തില്‍ നിന്ന് വന്നവരാണല്ലോ നിങ്ങള്‍, സാധാരണക്കാരുടെ ലോകത്തുനിന്ന് വന്നവര്‍. അവളോടൊപ്പം പാര്‍ത്ത്, അവള്‍ക്ക് കൂട്ടാവുക.
എന്തായിരിക്കും ഞങ്ങളുടെ ജോലി?
വിശേഷിച്ചൊന്നുമില്ല; അവള്‍ക്ക് വേണ്ടതെല്ലാം െചയ്തുകൊടുക്കുക; എന്റെ പാവം കുട്ടി! വിടര്‍ന്ന താമരപ്പൂവുപോലെയായിരുന്നു അവള്‍. ഇപ്പോഴോ കദനത്തിന്റെ ക്രൂരമായ കാറ്റേറ്റ് വാടിപ്പോയി.
ഉത്തര അനങ്ങാതെ, നിശ്ശബ്ദയായി ഇരുന്നു; നേരിയ നീരസത്തോടെ അവള്‍ പുറത്ത് ആകാശത്തേക്ക് കണ്ണയച്ചു.
‘ദുഃഖം അവളെ കല്ലാക്കിക്കളഞ്ഞു’-
ആര്യേ, അതു ശരിയാണ്. ഞങ്ങള്‍ക്ക് കാണാനാവുന്നു.
കുരുജംഗലില്‍ നിന്നുള്ള പെണ്‍കുട്ടികളാണോ നിങ്ങള്‍? പെണ്‍കുട്ടികള്‍, ഭാര്യമാര്‍, അതേ, കുരുജംഗലില്‍ നിന്നുള്ളവര്‍.
മറ്റു മുതിര്‍ന്ന റാണിമാര്‍ അപ്പോള്‍ അവിടെയെത്തി. ദ്രൗപദി ചോദിച്ചു- ‘നിങ്ങളുടെ പേരുകള്‍ എന്തൊക്കെയാണ്?’
ഞാന്‍ ഗോധുമി… ദാ, എന്റെ കൈ പിടിച്ചിട്ടുള്ള ഇവള്‍ ഗോമതി. കണ്‍പുരികങ്ങള്‍ക്കിടയില്‍ ചുവന്ന പൊട്ടുള്ളവള്‍ യമുന. അവിടെ താടിക്ക് വിരല്‍ കൊടുത്തുനില്ക്കുന്നവള്‍ വിതസ്ത; ഇത് വിതസ്തയുടെ അനിയത്തി വിപാഷ.
പൊടുന്നനെ ഉത്തര സംസാരിക്കുന്നു.- ”അഞ്ചു നദികളുടെ പേരുകള്‍, എത്ര മനോഹരം! ആര്യേ, ആരാണിവര്‍?”
ദ്രൗപദി അരുമയായി പറഞ്ഞു- നിന്റെ കൂട്ടുകാരാണ് മോളേ, ഇവര്‍ നിന്നോടൊപ്പം പാര്‍ക്കും. നീ പറയുന്നതെന്തും ചെയ്യും.
അങ്ങനെ അഞ്ചു സ്ത്രീകളും കൊട്ടാരത്തില്‍ സ്ത്രീകളുടെ ഭാഗത്തുള്ള ഉത്തരയുടെ വസതിയിലെത്തുന്നു.
കാലക്രമേണ അവര്‍ ഇണ പിരിയാന്‍ വയ്യാത്ത കൂട്ടുകാരായി. അവരോട് മിണ്ടിപ്പറഞ്ഞ് ഉത്തരയുടെ മനസ്സിന്റെ പിരിമുറുക്കമയഞ്ഞു. ഒരുപാടു കാലമായി അവള്‍, നിശ്ശബ്ദയായി, അനക്കമറ്റ്, മരവിച്ചു പോയിരുന്നു. പാവം പെണ്‍കുട്ടി, അതും ഗര്‍ഭവതി. അഭിമന്യുവിന്റെ മരണം അംഗീകരിക്കുക അവള്‍ക്ക് അസാധ്യമായിരുന്നു.

എത്ര വ്യാകുലയായിരുന്നു അവളുടെ അമ്മായിഅമ്മമാരെന്നോ! ദ്രൗപദിയും സുഭദ്രയുമെല്ലാം ഏറെ അസ്വസ്ഥരായിരുന്നു. ഉത്തര പ്രസവിക്കുന്നത് കുട്ടി ആണാണെങ്കില്‍ അവനായിരിക്കും രാജാവ്. അതിനാല്‍ ഉത്തരയുടെ മനസ്സു പതറാതെ നോക്കണം. എങ്ങനെയാണതു സാധിക്കുക? അവള്‍ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ. എത്ര കുറഞ്ഞ കാലത്തേക്കെങ്കിലുമായിക്കൊള്ളട്ടെ, ഒരു പുരുഷന്റെ സ്‌നേഹമറിഞ്ഞവളാണ്.
അഞ്ചു സ്ത്രീകളേയും കാണുമ്പോള്‍ അവര്‍ക്ക് മനസ്സമാധാനം തോന്നിയിരുന്നു, പഴയ വേവലാതിയൊന്നുമില്ല. കാര്യമറിഞ്ഞപ്പോള്‍ കുന്തിയും പറഞ്ഞു; നല്ലത്. അവര്‍ തീര്‍ത്തും വേറെയൊരു ലോകത്ത് നിന്ന് വരുന്നവരാണ്. അവരുടെ കൂട്ടത്തിലാവുമ്പോള്‍ ഉത്തരയുടെ മനസ്സിന്റെ ഭാരം കുറയും.
കാലം ചെല്ലുന്തോറും അങ്ങനെ തന്നെയാണ് സംഭവിച്ചത്. അവരില്ലാതെ ഒരു നിമിഷം പോലും ചെലവഴിക്കാന്‍ ഉത്തരക്ക് വയ്യാതായി. അവര്‍ കുളിക്കാന്‍ നദീജലം കൊണ്ടുവന്നതിനു ശേഷമേ അവള്‍ കുളിക്കുകയുള്ളൂ. അതൊരു നല്ല ശീലമാണെന്ന് അമ്മായിഅമ്മമാര്‍ പറഞ്ഞു. വയറ്റില്‍ വളരുന്ന കുഞ്ഞിന് നല്ലതാണ്. പലതരം ഉപദേശങ്ങള്‍; പ്രസവം കാത്തുകഴിയുന്ന അമ്മ അവയൊക്കെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്‌തേ പറ്റൂ.
താടിയില്‍ കൈവച്ച് ഗോധുമി ഉറക്കെ, അതിശയിച്ചു പോയി- ഒട്ടേറെ അമ്മായിയമ്മമാര്‍, എങ്ങനെ എണ്ണിത്തീര്‍ക്കും ഇവരെ?
-നിങ്ങളുടെ ആളുകള്‍ക്കിടയിലോ?
ഒരെണ്ണം മാത്രം. ഏതെങ്കിലും പുരുഷന്‍ ഒന്നിലധികം വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ കഥ വേറെ. അപ്പോള്‍ അയാളുടെ മകന്റെ ഭാര്യക്ക് രണ്ടു അമ്മായിഅമ്മമാരുണ്ടാവും.
അതെ; ഒരുപാട് അമ്മായിഅമ്മമാര്‍; പിന്നെ, കൗരവവിധവകളുമുണ്ട്. അവരേയും കൂട്ടത്തില്‍ പെടുത്തണമല്ലോ.
‘അവരും അമ്മായിഅമ്മമാരാണോ?’
‘തീര്‍ച്ചയായും.’
അതൊക്കെ മറന്നുകളയൂ; ഇപ്പോള്‍ തന്നെ ധാരാളമായി. ഈ കടങ്കഥക്ക് ഉത്തരം കണ്ടെത്താന്‍ നോക്ക്:
കാലില്ല, എന്നാലും പായും
കാതില്ല, എന്നാലും കേള്‍ക്കും
കണ്ണില്ല, എന്നാലും കാണും
എന്താണ് എന്ന് ഊഹിച്ചു പറയാമോ?
ഇല്ല, എനിക്കു പിടികിട്ടുന്നില്ല,
അപ്പോള്‍ ആ സ്ത്രീ ചിരിച്ചുകൊണ്ട് പറയുന്നു-മനുഷ്യ മനസ്സ്. അതിന് എവിടെയും പോകാം, എന്തും കേള്‍ക്കാം, മനസ്സിലാക്കാം. നിങ്ങള്‍ കണ്ണടച്ചിരിക്കുമ്പോള്‍ പോലും, മനസ്സ് എല്ലാം വ്യക്തമായി കാണും.

എത്ര വലിയ സത്യം! എത്ര വലിയ സത്യം. ഉത്തര സന്തോഷത്തോടെ കൈകൊട്ടിച്ചിരിക്കുന്നു; കൊച്ചുകുട്ടിയെപ്പോലെ.
യമുന വാത്സല്യപൂര്‍വ്വം അവളെ നോക്കി- ഏയ്, രാജകുടുംബത്തിലെ മരുമകളാണെങ്കിലും മോളൊരു കൊച്ചുപെണ്‍കുട്ടിയെപ്പോലെയാണല്ലോ!’
‘വേറെയൊരെണ്ണം പറയൂ’
ഗോമതി കൈയ്യും കലാശവും കാട്ടി പറയാന്‍ തുടങ്ങി- ശരി, ശ്രദ്ധിച്ചു കേള്‍ക്കൂ:
ആദ്യം പിറന്നത് വെള്ളത്തില്‍
പിന്നെ പിറന്നത് ഭൂമിയില്‍
നില്ക്ക്, നില്ക്കൂ, ഞാനൊന്നാലോചിക്കട്ടെ.
മുത്ത്; വെറും മുത്ത്. ആദ്യം വെള്ളത്തില്‍ മുത്തുച്ചിപ്പിക്കുള്ളിലാണ് അതിന്റെ പിറവി. പിന്നീട് ചിപ്പി പിളര്‍ന്ന് മുത്ത് പുറത്തെടുക്കുന്നു. അത് ഭൂമിയില്‍ വച്ചാണല്ലോ.
ഉത്തരയുടെ ചിരിയൊച്ച സുഭദ്രക്ക് വലിയ ആശ്വാസമായിരുന്നു. മദ്രജയാണ് അവരെ കൊണ്ടുവന്നത്. അതിനാല്‍ മദ്രജക്ക് അവര്‍ ഒരു പാരിതോഷികം നല്കി-വജ്രക്കല്ലു പതിച്ച മാല. അപ്പോള്‍ മദ്രജ പറഞ്ഞു. ആ ഗോധുമി വലിയ സാമര്‍ത്ഥ്യക്കാരിയാണ്, അവറ്റ മുഴുവനും അവള്‍ പറഞ്ഞതേ കേള്‍ക്കൂ..

‘ആയ്‌ക്കോട്ടെ, അവര്‍ക്കും ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാരിക്കോരി കൊടുക്കും. ചോദിക്കുന്നതെന്തും കൊടുത്തുകൊള്ളൂ’-
അവര്‍ വര്‍ണ്ണനൂലുകള്‍ ചോദിച്ചു. ഉണങ്ങിയ പുല്ലും വള്ളികളും ആവശ്യപ്പെട്ടു, കുത്തിയിരുന്നു വര്‍ത്തമാനം പറയുന്നതിന്നിടയില്‍ അവരുടെ കഴിവുറ്റ വിരലുകള്‍ കൊട്ടയും പരവതാനിയും മെടയുകയും കയര്‍ പിരിക്കുകയും ചെയ്തു.
വിളഞ്ഞ ഗോതമ്പിന്റെ നിറമായിരുന്നു അവര്‍ക്ക്. കണ്ണുകള്‍ നീല, ചെമ്പന്‍ തലമുടി അമര്‍ത്തി ചീകിക്കെട്ടിയിരുന്നു. അവര്‍ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചുള്ളൂ.
അഞ്ചു പേരും, അന്തഃപുരത്തിനുള്ളില്‍ ശിരസ്സ് മറയ്ക്കാറില്ല, വെള്ളം കൊണ്ടുവരാന്‍ പോകുമ്പോള്‍, തലയ്ക്ക് മീതെ ഒരു കറുത്ത തുണി വലിച്ചിടും. തേച്ചുമിനുക്കി സ്വര്‍ണ്ണം പോലെ തിളങ്ങുന്ന പാത്രങ്ങളിലാണ് അവര്‍ വെള്ളം കൊണ്ടു വരിക. ഔഷധ സസ്യങ്ങളില്‍ നിന്നെടുക്കുന്ന സുഗന്ധ തൈലങ്ങള്‍ കൊണ്ട് അവര്‍ ഉത്തരയുടെ ശരീരം തടവും. അവരുടെ വിരല്‍സ്പര്‍ശം അവളെ ആശ്വസിപ്പിക്കുന്നു. കുളികഴിഞ്ഞ് അവള്‍ കിടക്കയിലേക്ക് ചായും.
ഈ സമയത്താണ് സുഭദ്ര മരുമകളോടൊപ്പം സമയം ചെലവഴിക്കാനെത്തുന്നത്. പരിചാരികകളായ സ്ത്രീകള്‍ അപ്പോള്‍ ഊണുകഴിക്കാന്‍ പോയിട്ടുണ്ടാവും. പിന്നീടവര്‍ അന്തഃപുരത്തിലെ പൂന്തോട്ടത്തിലിരിക്കും. തിളങ്ങുന്ന പച്ചപ്പുല്ല്, അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന മാവുകളില്‍ ചുറ്റിപ്പിണഞ്ഞു വളര്‍ന്നു, പുഷ്പിച്ചു കിടക്കുന്ന മാധവി വള്ളികള്‍. സ്ത്രീകള്‍ തങ്ങളുടെ നനഞ്ഞ വസ്ത്രങ്ങള്‍ വെയിലത്ത് ആറാനിട്ടു, തലമുടിയുണക്കി, കൂട്ടം കൂടിയിരുന്ന്, വര്‍ത്തമാനം പറഞ്ഞു.
ഉത്തര സങ്കടത്തോടെ പറഞ്ഞു- ‘അവര്‍ അതേപോലെ എന്നോട് സംസാരിക്കുന്നില്ല.’
‘നിന്നോട് എത്ര താല്പര്യമുണ്ടെങ്കിലും, ഒരിക്കലും തീര്‍ത്തും തുറന്ന മനസ്സോടെ നീയുമായി സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല.’
ഞാനും അങ്ങനെ തന്നെയാണ് കരുതുന്നത്.
ഇന്ന് ആ സ്ത്രീകള്‍ വട്ടം വളഞ്ഞാണിരിക്കുന്നത്, കഴുകിയിട്ട തലമുടിയില്‍ വിരലോടിച്ചുകൊണ്ട്, മൂളിപ്പാട്ടുകള്‍ പാടി ആകാശത്തേക്ക് കണ്ണയച്ചു കൊണ്ട്.

ഉത്തര അവരെ നോക്കിയിരുന്നു. പല തോന്നലുകളും ആകാശ മേഘങ്ങള്‍ പോലെ അവളുടെ മനസ്സിലേക്ക് ഒഴുകിയിറങ്ങി. ഇപ്പോള്‍ യുധിഷ്ഠിരനാണ് രാജാവ്. കൗരവരുടെ മേല്‍ നേടിയ വിജയം പൂര്‍ണ്ണം, മൃഗീയം. കൗരവ സ്ത്രീകള്‍ ഇപ്പോഴും അതിന്റെ നാശനഷ്ടങ്ങളില്‍ നിന്ന് മോചിതരായിട്ടില്ല.

പശ്ചാത്താപവിവശയായ കുന്തി ഗാന്ധാരിയെ ശുശ്രൂഷിക്കുന്നു. യുധിഷ്ഠിരന്‍ കൂപ്പുകൈകളോടെ മാപ്പപേക്ഷിക്കുന്നു. അവര്‍ തന്റെ മകന്‍ പ്രകടിപ്പിക്കുന്ന വിജയത്തിന്റെ അഹങ്കാരം, സ്വയം നാടു കടത്തപ്പെട്ട മൂന്നാമതൊരാളെപ്പോലെ വിദൂരതയില്‍ നിന്ന് നോക്കിക്കാണുകയാണ്.

കൗരവരെ തുടച്ചു മാറ്റിക്കഴിഞ്ഞു. വെള്ളവസ്ത്രം ധരിച്ച അവരുടെ വിധവകള്‍, തങ്ങള്‍ക്കു വേണ്ടി അനുശാസിക്കപ്പെട്ട അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദിവസവും നടന്നുനീങ്ങുന്നതു കണ്ടാല്‍ നിഴലുകള്‍ നിശ്ശബ്ദം സഞ്ചരിക്കുകയാണെന്ന് തോന്നും. അവസാനിക്കാത്ത ഉപവാസങ്ങള്‍, പൂജകള്‍, ബ്രാഹ്മണര്‍ക്ക് ഭൂദാനം! ഇത്ര ഇളം പ്രായത്തില്‍ തന്നെ അവരുടെ ജീവിതം ശൂന്യമായി. അവര്‍ക്ക് ബാക്കിയായ ജീവിതം അനന്തമായ മരുഭൂമിപോലെയാണ്, ആ അനന്ത വിസ്തൃതിയെ ദുഃഖത്തിന്റെ വെയില്‍ച്ചൂട് ചൂഴ്ന്നു നില്ക്കുന്നു.
യുധിഷ്ഠിരന്‍ രാജാവായശേഷം, പാഞ്ചാലി കൗരവരുടെ സൂത്രങ്ങളേയും ക്രൂരതയേയും മൃഗീയതയേയും പറ്റി പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു.
ഒരു ദിവസം കുന്തി സ്വരം താഴ്ത്തി ഇങ്ങനെ പറഞ്ഞു-പാഞ്ചാലി, മിണ്ടാതിരിക്ക്. നീ അവസാനിക്കാത്ത അനീതിയും അപമാനവും സഹിച്ചിട്ടുണ്ട്. ഈ അപമാനത്തിന് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് കൗരവ സൈന്യത്തെ ഒന്നടങ്കം നശിപ്പിച്ചത്. എന്നാല്‍ നെഞ്ഞത്ത് കൈവച്ച് എന്നോട് പറയൂ- നിന്റെ പ്രതികാരം പൂര്‍ണ്ണമായും നിറവേറിയില്ലേ? കൗരവര്‍ മുഴുവനും മരിച്ചുകഴിഞ്ഞു. ഭര്‍ത്താക്കന്മാരും ആണ്‍മക്കളും മരിച്ച്, വിരഹിണികളായിത്തീര്‍ന്ന കൗരവ സ്ത്രീകളെ നീ എപ്പോഴെങ്കിലും ശ്രദ്ധിച്ചിിട്ടുണ്ടോ? അവര്‍ക്ക് നിന്റെ ദുഃഖത്തില്‍ വല്ല ഉത്തരവാദിത്വവുമുണ്ടോ?
ദ്രൗപദി നിശ്ശബ്ദയായി കേട്ടു നിന്നു.

അല്പം സഹാനുഭൂതി കാണിക്കൂ, അല്പം ദയ, അവരുടെ നേരം ഒരല്പം സ്‌നേഹം, സ്വന്തം മനസ്സ് എത്ര മാര്‍ദ്ദവമുള്ളതായിത്തീരുമെന്ന് അപ്പോള്‍ നിനക്ക് കാണാം.
ഇല്ല, ദ്രൗപദിക്ക് അത് അസാധ്യമായിരുന്നു, പക്ഷേ അവള്‍ ഇപ്പോള്‍ അധികം സംസാരിക്കാറില്ല. കൂടുതല്‍ സമയവും നിശ്ശബ്ദത. നിശ്ശബ്ദതയുടെ ആവരണത്താല്‍ അവള്‍ സ്വയം പുതപ്പിച്ചു.
സുഭദ്രക്ക് കണ്ണീരടക്കാനായില്ല. നെറ്റിയില്‍ തല്ലി കരയുകയാണവള്‍. അവളുടെ പുത്രന്മാര്‍ മരിച്ചുപോയി, പക്ഷേ അവരുടെ പിതാക്കള്‍ ജീവിച്ചിരിക്കുന്നു. മരുമക്കള്‍ക്ക് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടു, അതേസമയം അമ്മായിഅമ്മമാര്‍ അപ്പോഴും വിവാഹിതകള്‍.
ഗാന്ധാരിയുടെ വാക്കുകള്‍ അവളുടെ മനസ്സിലേക്കുവന്നു. സഹോദരന്മാരെ കൊലക്ക് കൊടുത്ത ഈ യുദ്ധത്തിനു കാരണക്കാരന്‍ കൃഷ്ണ വാസുദേവനാണെന്നാണ് അവര്‍ പറഞ്ഞത്. ആര്യ, ഗാന്ധാരി പറഞ്ഞത് ശരിയാണ്- അവള്‍ പിറുപിറുത്തു. ഈ കിരാത യുദ്ധത്തിന് കാരണക്കാരായ കുറ്റത്തിന്റെ പേരില്‍ യാദവകുലം മുടിയും.

ഭൂതകാലത്തിന്റെ മഹിമകള്‍ യാതൊന്നു കൊണ്ടും തിരിച്ചു കിട്ടുകയില്ല എന്ന് അവള്‍ പറഞ്ഞു. ഇപ്പോള്‍ മുതല്‍, ചരിത്രമെന്നാല്‍ മരണവും നാശവുമല്ലാതെ മറ്റൊന്നുമല്ല.
അവള്‍ ആകാവുന്നേടത്തോളം സമയം ഉത്തരയോടൊപ്പം ചിലവഴിച്ചു. അഭിമന്യു മരിച്ചുപോയി. സുഭദ്രക്ക് അപ്പോഴും സ്വന്തം ഭര്‍ത്താവിന്റെ കൂട്ടുണ്ട്. ഉത്തര അഭിമന്യുവിന്റെ കുഞ്ഞിനെ വയറ്റില്‍ വഹിക്കുന്നു.
അതൊരു പെണ്‍കുട്ടിയാണെങ്കില്‍ നന്നായേനെ എന്ന് സുഭദ്ര കരുതി, ആണാണെങ്കില്‍ അവനും പോകും യുദ്ധത്തിന്.
പക്ഷേ രാജകുടുംബത്തിലെ പരിചയ സമ്പന്നയും തല മുതിര്‍ന്നവളുമായ പേറ്റിച്ചി പറയുന്നത് ലക്ഷണം കണ്ടിട്ട് അവളുടെ പേരക്കുട്ടി ആണായിരിക്കുമെന്നാണ്. പറയുന്നത് ശരിയായാല്‍ ഫലപുഷ്ടിയുള്ള, നല്ല, കുറച്ച് ഭൂമി കിട്ടണം പോലും അവള്‍ക്ക്. അവസാന കാലം അവള്‍ക്ക് കുട്ടികളുടേയും കുടുംബക്കാരുടേയും കൂടെ ജീവിതം കഴിച്ചുകൂട്ടണം.
ഉത്തരക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ജാലകത്തിലൂടെ പുറത്തേക്കുറ്റു നോക്കി അവള്‍ ഇരുന്നു.
‘പ്രിയേ, നീ എന്താണ് നോക്കുന്നത്?’
‘ഗോധുമിയേയും കൂട്ടരേയും, ആര്യേ, അവര്‍ എത്രമാത്രം വ്യത്യസ്തരാണ്!’
‘രാജാവും പ്രജയും എങ്ങിനെയാണ് ഒരേ പോലെയാവുക?’
-അവര്‍ അഞ്ചു പേര്‍. എന്നാല്‍ എല്ലായ്‌പോഴും ഒരുമിച്ച്. അവര്‍ ഒരുമിച്ച് ഉറങ്ങുകയും ഉണരുകയും ആഹാരം കഴിക്കുകയും കുളിക്കുകയും സകല കര്‍മ്മങ്ങളും ഒരുമിച്ചു നടത്തുകയും ചെയ്യുന്നു. പുലര്‍ച്ചെ അവരെന്നെ നിര്‍ബന്ധിച്ചു പൂന്തോട്ടത്തില്‍ കൊണ്ടുപോകുന്നു. പുല്പരപ്പിലൂടെ നഗ്നപാദയായി നടക്കാന്‍ പറയുന്നു. അവര്‍ എന്നെക്കൊണ്ട് വസ്ത്രങ്ങള്‍ മടക്കി വയ്പിക്കുന്നു. തുളസിച്ചെടിക്ക് വെള്ളമൊഴിപ്പിക്കുന്നു. എന്തിനാണെന്നറിയാമോ?
എന്തിനാണ് മോളേ?
അവര്‍ക്കിടയില്‍ ഗര്‍ഭിണികള്‍ വെറുതെ കിടന്ന് വിശ്രമിക്കുകയില്ല. പല പണികളും ചെയ്യുന്ന തിരക്കിലായിരിക്കും അവര്‍. സ്ത്രീകള്‍ കുഞ്ഞുങ്ങളെ വയറ്റില്‍ ചുമക്കുകയെന്നത് പ്രകൃതി നിയമമാണെന്നാണ് അവര്‍ പറയുന്നത്. ഗര്‍ഭിണിയാണെന്ന ഒറ്റക്കാരണത്താല്‍ അവര്‍ തന്റെ ശരീരം അമിതമായി ശ്രദ്ധിക്കണമെന്നില്ല. ഞാന്‍ കര്‍മ്മനിരതയാണെങ്കില്‍ പ്രസവം എളുപ്പമായിരിക്കും.

എന്റെ സൂതികര്‍മ്മിണിയും അതുതന്നെയാണ് പറയാറുള്ളത്.
ഇവര്‍ അഞ്ചു പേരുടേയും സംസാരം എങ്ങനെയാണെന്നോ!
എന്റെ കുട്ടീ, അവരുടെ ജീവിതം വളരെ വ്യത്യസ്തമാണ്, ഭാഷ വ്യത്യസ്തമാണ്. സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതാണ് നല്ലതെന്ന് അവര്‍ കരുതുന്നുണ്ടാവണം.
അവര്‍ പാടുന്ന ആ പാട്ട് ഏതാണ്? ഞാനതു കേട്ടു മനസ്സിലാക്കാന്‍ നോക്കി. പക്ഷേ എനിക്കാകപ്പാടെ ചൊല്ലാന്‍ കഴിയുന്നത് ഹായ്, ഹായ് എന്നു മാത്രം.
അവര്‍ പാടുകയല്ല കുഞ്ഞേ, നിലവിളിക്കുകയാണ്. അവരെന്താണ് പറയുന്നതെന്ന് മനസ്സിലായോ?
അമ്മയ്ക്ക് അവരുടെ ഭാഷ മനസ്സിലാവുമോ?
നമ്മുടെ ദാസിമാര്‍ എല്ലായ്‌പോഴും ആ നാട്ടില്‍ നിന്നുവരുന്നവരാണ്. അതിനാല്‍ അവരുടെ ഭാഷ കുറച്ചൊക്കെ എനിക്കറിയാം. അതൊരു വിലാപമാണ്.
പക്ഷേ അവര്‍ പാടുകയാണല്ലോ…
മരിച്ചവര്‍ക്കു വേണ്ടിയുള്ള വിലാപം പാട്ടിലൂടെയുമാവാം. നിനക്ക് അതിലെ വാക്കുകള്‍ വല്ലതും പിടികിട്ടിയോ?
ഇല്ല, ആര്യേ.
അവരുടെ ഭര്‍ത്താക്കന്മാരും യുദ്ധത്തില്‍ മരിച്ചവരാണ്.
ഏയ്, അല്ല.
അവര്‍ കൃഷിക്കാരാണ് അവര്‍ സ്വര്‍ണ്ണ നിറത്തിലുള്ള ഗോതമ്പ് കൃഷി ചെയ്യുന്നു; നല്ല ഗുണ നിലവാരമുള്ള ജോവര്‍, ചീര, എണ്ണക്കുരുക്കള്‍, ഇഞ്ചി, മഞ്ഞള്‍, കരിമ്പ്, അങ്ങനെ പലതും.
സുഭദ്ര ഓര്‍ക്കുകയാണ്, അവര്‍ക്ക് ഭക്ഷണം വില കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല. കുരുജംഗലിലെ മണ്ണ് ഫലഭൂയിഷ്ടമാണ്.
”-അതെ, അങ്ങനെയവര്‍ പറയുന്നു. വരണമെന്ന് പറഞ്ഞപ്പോള്‍, അവരുടെ ആണുങ്ങള്‍ യുദ്ധം ചെയ്യാന്‍ വന്നു. യുദ്ധം ചെയ്തുകഴിഞ്ഞ ശേഷം തിരിച്ചു വീട്ടില്‍ പോകാമെന്നാണ് പറഞ്ഞത്. പക്ഷേ ഇത്തവണ ആരും തിരിച്ചുപോയില്ല അതുകൊണ്ടാണ് അവര്‍ വിലാപഗാനം പാടുന്നത്.

പൊന്‍നിറമുള്ള ഗോതമ്പു പാടങ്ങള്‍ ഉഴാതെ കിടക്കുന്നു, ഹായ്, ഹായ്… ആരാണ് കാളയും കലപ്പയുമായി അവിടെച്ചെല്ലുക, ‘ഹായ് ഹായ്’…
ആ പാടങ്ങള്‍ക്ക് വേണ്ടത് വിതയ്ക്കുകയാണ്
പച്ചനിറത്തില്‍ ഇലകള്‍ മുള പൊട്ടുകയാണ്
സമൃദ്ധമായ വിളവിന്റെ ഭാരം പേറുകയാണ് ഹായ്ഹായ്
ആരാണ് ഗ്രാമത്തെ ഇരുട്ട് കൊണ്ടു മൂടിയത്, ഹായ്ഹായ്
കുടിലുകള്‍ ഇരുണ്ടു കിടക്കുന്നു
വിളക്കുകള്‍ കൊളുത്തിയിട്ടില്ല
കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നിറയുന്ന വിഷാദം നോക്കൂ
അമ്മമാരുടെ കണ്ണുകളില്‍
ഭാര്യമാരുടെ കണ്ണുകളില്‍
യുദ്ധം ഗ്രാമങ്ങളെ ചുടുകാടാക്കിയിരിക്കുന്നു, ഹായ്ഹായ്
ഉത്തര, ഒന്നും പിടികിട്ടാതെ അവരെ മിഴിച്ചുനോക്കി.
പക്ഷേ ആര്യേ, പുണ്യയുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെല്ലാവരും ദിവ്യലോകത്തേക്ക്, അഥവാ സ്വര്‍ഗത്തിലേക്കു പോകും, അവരുടെ ഭര്‍ത്താക്കന്മാരെ ഇവിടെത്തന്നെ ബാക്കിവച്ചുവോ?
ആര്‍ക്കറിയാം, എനിക്കൊന്നും പറയാന്‍ വയ്യ.
എത്ര വിചിത്രം! എന്തിനാണ് അവര്‍ ഇവിടെ വന്നത്?
സുഭദ്ര മറ്റെന്തോ ഉത്തരം പറഞ്ഞൊഴിഞ്ഞു ഒരുപക്ഷേ അവര്‍ പുതിയ ദമ്പതികളായിരിക്കാം; ഒരുപക്ഷേ വളരെ ദൂരെ നിന്നുകൊണ്ട് യുദ്ധത്തെ പിന്തുടരുന്നവരാകാം. ഒരുപക്ഷേ അവര്‍ സ്വന്തം ഭര്‍ത്താക്കന്മാരെ തിരയുകയാവാം. രാജവൃത്തം എപ്പോഴെങ്കിലും ജനവൃത്തത്തെ കണക്കിലെടുത്തിട്ടുണ്ടോ? അവരുടെ ഭര്‍ത്താക്കന്മാര്‍… ഒരിക്കലും അവര്‍ സ്വര്‍ഗത്തില്‍ പോയിട്ടില്ല എന്നോ?
എനിക്കറിയില്ല മോളേ, ഇത്തരം ചിന്തകള്‍കൊണ്ട്, തല പുണ്ണാക്കേണ്ട, നിന്റെ സ്ഥിതിയില്‍…
ആര്യേ, അവര്‍ പറയുന്നത് നേരാണോ?
എന്താണവര്‍ പറയുന്നത്
അവര്‍ പറയുന്നത് ചിതകള്‍ ദിവസങ്ങളായി കത്തി എന്നാണ്; ഭൂമി ചുട്ടു വെന്തുവെന്ന്, പാറകള്‍ ഉറച്ചുപോയെന്ന്.
നേരായിരിക്കാം
നദിയിലേക്കു അവര്‍ കൂടുതല്‍ നടക്കണമത്രേ. നേര്‍വഴിയിലൂടെ പോയാല്‍ കാലു പൊള്ളും.
സുഭദ്രയുടെ കണ്ണുകള്‍ വരണ്ടു, അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, അഗാധമായ വാത്സല്യത്തോടെ അവര്‍ പറഞ്ഞു- മോളേ പോയി ഉറങ്ങൂ, അല്പനേരം വിശ്രമിക്കൂ.
നേരത്തെ ഉത്തരക്ക് വിശ്രമിക്കാന്‍ സാധിച്ചിരുന്നില്ല. ദീപങ്ങള്‍ എരിഞ്ഞു നില്ക്കുന്നില്ലെങ്കില്‍ അവള്‍ മന്ദമന്ദം എഴുന്നേല്ക്കും. അവളുടെ സ്വപ്നങ്ങളില്‍ നിറയെ അഭിമന്യുവിന്റെ ചോര പുരണ്ട ശരീരമായിരുന്നു. അവള്‍ സാരിത്തുമ്പ് കൊണ്ട് അയാളുടെ മുറിവുകള്‍ അവിരാമം തുടക്കുകയായിരുന്നു.

ഇപ്പോള്‍ അവള്‍ രാത്രി മുഴുവനും ഉറങ്ങുന്നു. അഞ്ച് സ്ത്രീകളും അവള്‍ക്കരികില്‍ തറയിലോ, വിരിപ്പുകളിലോ കിടന്നുറങ്ങുന്നു. ഗോധുമിയുടെ കൈ അവളെ വിട്ടുപോകുന്നേയില്ല, അവരുടെ ഭര്‍ത്താക്കന്മാരും മരിച്ചവരാണ്. എന്നിട്ടും അവര്‍ ഉറങ്ങുന്നുവല്ലോ.
ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഉത്തര പിറുപിറുക്കുന്നു, എത്ര സുന്ദരമാണ് നിങ്ങളുടെ പേരുകള്‍.
നദികളുടെ പേരുള്ളവര്‍, ഭക്ഷ്യധാന്യങ്ങളുടെ പേരുള്ളവര്‍. ഉത്തരക്ക് പിറക്കാന്‍ പോകുന്നത് മകനോ മകളോ? എന്തായിരിക്കും കുഞ്ഞിന്റെ പേര്.
ഭവതി ഭവതിയുടെ കുഞ്ഞിനെ എന്തു പേരാണ് വിളിക്കുക?
അത് ഞാനല്ല തീരുമാനിക്കേണ്ടത്.
‘പിന്നെയാര്…?’
അതൊരു നീണ്ടുനില്ക്കുന്ന ഏര്‍പ്പാടാണ്. പൂജ, യജ്ഞം, അഗ്നിഹോമം, കുടുംബത്തിലെ മുതിര്‍ന്ന ആളുകള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യുന്നു. പുരോഹിതന്‍ ലക്ഷണങ്ങള്‍ പഠിക്കുന്നു, ആചാര്യന്മാര്‍ ജാതകമെഴുതുന്നു. അവരാണ് കുഞ്ഞിന് പേരിടുന്നത്.
ദൈവമേ! നിങ്ങളുടെ വഴികള്‍ വളരെ വ്യത്യസ്തമാണ്.
ഇതെല്ലാം ചടങ്ങുകളാണ്. നിങ്ങള്‍ക്കും അത്തരം ചടങ്ങുകളില്ലേ?
തീര്‍ച്ചയായും, കുഞ്ഞിനെ ധാന്യങ്ങള്‍ കൊണ്ടു തൂക്കുന്നു, മുത്തച്ഛന്മാരിലൊരാള്‍ പേരു തെരഞ്ഞെടുക്കും. കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യും. എന്നിട്ട് സൂര്യപ്രകാശമേറ്റ് ചൂടായ വെള്ളത്തില്‍ കുളിപ്പിക്കും, പാട്ടുകാര്‍ സംഗീതോപകരണങ്ങള്‍ വായിക്കും, പെണ്ണുങ്ങള്‍ പാടും. എന്നിട്ട് അമ്മാവന്‍ ഇത്തിരി നെയ്പായസം തന്റെ ചെറു വിരല്‍കൊണ്ട് കുഞ്ഞിന്റെ വായില്‍ തേക്കും.
എന്നിട്ട്…

കുഞ്ഞിന് ആഹാരം കൊടുക്കും. കുഞ്ഞ് ഉറങ്ങും. ഗ്രാമവാസികള്‍ക്ക് വിരുന്നു കൊടുക്കും. ഞങ്ങളെല്ലാവരും പാടും, അതോടെ പരമസന്തോഷം.
പെണ്ണുങ്ങളും പാടുമോ?
തീര്‍ച്ചയായും, പെണ്ണുങ്ങളും ആണുങ്ങളും വയസ്സന്മാരുമെല്ലാം. എനിക്ക് ഗോധുമിയെന്ന് പേരിട്ടത് എന്തിനാണെന്നാണ് നിങ്ങളുടെ വിചാരം? എന്റെ തൊലിയുടെ നിറം വിളഞ്ഞ ഗോതമ്പിന്റേതായിരുന്നു. അപ്പോള്‍ എന്റെ മുത്തശ്ശി പറഞ്ഞു, അവളെ നമുക്ക് ഗോധുമി എന്ന് വിളിക്കാം.
നേരാണ്. എനിക്ക് ഒന്നിനെപ്പറ്റിയും യാതൊന്നുമറിയില്ല. ആണും പെണ്ണും ചേര്‍ന്ന് ഒന്നിച്ചു പാടുന്നത് സങ്കല്പിക്കുക…
അകലങ്ങളിലേക്ക് നോക്കി സ്വയം സംസാരിക്കുകയാണ് ഗോധുമി. നമ്മുടെ ഗ്രാമങ്ങള്‍ എങ്ങനെയാണെന്നതില്‍ ആര്‍ക്കാണ് താല്പര്യം? ഗോതമ്പ് വിളഞ്ഞു തുടങ്ങുമ്പോള്‍ പക്ഷികളെത്തുന്നു. പകല്‍ മുഴുവനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് ഒച്ചവച്ച് ശബ്ദമുണ്ടാക്കി പക്ഷികളെ അകറ്റുന്നു. പക്ഷികളെ പേടിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ വൈക്കോല്‍ കൊണ്ട് വലിയ കോലങ്ങളുണ്ടാക്കി വയ്ക്കുന്നു.
വിപാഷ പറഞ്ഞു- രാത്രി മുഴുവനും ആണുങ്ങള്‍ പാടങ്ങള്‍ക്ക് കാവല്‍ നില്ക്കും.
എന്തിന്?
വിള തിന്നാന്‍ വേണ്ടി മാനിറങ്ങും. അതിനാല്‍ അവര്‍ക്ക് കൃഷി കാത്തു സൂക്ഷിക്കണം.
എനിക്കൊന്നുമറിയില്ല.
ഭവതി ഒരു പൊട്ടിപ്പെണ്ണാണ്, അല്ലേ? കൃഷിക്കാര്‍ ധാന്യമളന്നില്ലെങ്കില്‍ രാജകൊട്ടാരത്തിലെ ധാന്യപ്പുരകള്‍ ശൂന്യമായിപ്പോവും.
പേടിച്ചരണ്ട മാന്‍ മനോഹരമായ കാഴ്ചയാണ്.
വിതസ്ത പറഞ്ഞു- ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളും വയലുകള്‍ക്ക് കാവല്‍ നില്ക്കും. ഒരിക്കല്‍ എന്റെ അമ്മ ഒരു മാനിനെ കുന്തം കൊണ്ട് കുത്തിക്കൊന്നു. ശരിക്കും എന്റെ അമ്മക്ക് നല്ല ശക്തിയുണ്ട്. ആട്ട്കല്ല് ഒറ്റക്ക് എടുത്തു പൊക്കാന്‍ അവര്‍ക്കാവും.
പക്ഷേ കുന്തം… അത് പുരുഷന്റെ ആയുധമല്ലേ?
ഗോധുമി ഗൗരവത്തോടെ ചിരിച്ചു- അത് കാലാള്‍പടയാളിയുടെ ആയുധമാണ് രാജകുമാരീ. കൃഷിക്കാര്‍ മാത്രമേ കാലാള്‍പടയാളികളായി ഉണ്ടാവുകയുള്ളൂ.
ഒരു കൊച്ചു മണ്‍പക്ഷിക്ക് ചിറകുകള്‍ ചെത്തിയുണ്ടാക്കുന്ന തിരക്കിലായിരുന്നു വിതസ്ത. അവള്‍ പറഞ്ഞു- കുന്തം സ്ത്രീയുടേയും ആയുധമാണ്.
വിതസ്തയുടെ വിരലുകള്‍ക്ക് സദാ തിരക്കാണ്. പുഴയോരത്ത് നിന്ന് അവള്‍ കളിമണ്ണ് കൊണ്ടു വരുന്നു, ചെറിയ മണ്‍രൂപങ്ങളുണ്ടാക്കുന്നു. പക്ഷി, കുതിര, മാന്‍, വണ്ടി, ആണുങ്ങള്‍, കുഞ്ഞുങ്ങളോട് കൂടിയ അമ്മമാര്‍… വെയിലത്തുവച്ച് അവ പാകപ്പെടുത്തുന്നു. അവക്ക് ചായം പൂശുന്നു. ഉത്തരയുടെ കുഞ്ഞിനു കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുകയാണവള്‍.
ഗോധുമി വീണ്ടും പറഞ്ഞു, ആയുധമില്ല, അമ്പും വില്ലുമില്ല. കാലാള്‍പടയാളിയുടെ ഒരേയൊരായുധം കുന്തമാണ്. സംസാരിക്കുമ്പോള്‍ അവള്‍ നോട്ടം താഴ്ത്തി. ഏതു നേരവും ഇരുണ്ട തിരശ്ശീല അവളുടെ നോട്ടത്തിനു മേല്‍ മറയിടുന്നപോലെ. അവള്‍ വിചാരിക്കുന്നതെന്താണെന്ന് ആര്‍ക്കും ഊഹിക്കാന്‍ സാധിച്ചില്ല. അവളുടെ കണ്ണുകള്‍ ഹിമാലയത്തിലെ ഇരുണ്ട, ആഴമളക്കാനാവാത്ത തടാകങ്ങള്‍ പോലെ. അവയുടെ ആഴം ഒരിക്കലും ആണുങ്ങള്‍ക്ക് അളന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തടാകങ്ങള്‍ അനക്കമറ്റ് നിശബ്ദമായി കിടക്കുകയാണ്. കുട്ടിക്കാലത്ത് തന്റെ ധാത്രിയില്‍ നിന്ന് ഉത്തര അത് കേട്ടിട്ടുണ്ട്.
കുന്തം എങ്ങനെ ഉപയോഗിക്കണമെന്ന് സ്ത്രീകള്‍ക്കറിയാമോ?
എല്ലാ വീട്ടിലും അവയുണ്ട്. ആണുങ്ങള്‍ യുദ്ധത്തില്‍ നിന്ന് പോകുമ്പോള്‍, ഞങ്ങള്‍ സ്ത്രീകളാണ് വീട് സംരക്ഷിക്കുന്നത്.
പക്ഷേ വിതസ്തയുടെ അമ്മ ഒരു കുന്തം കൊണ്ട് മാനിനെ കുത്തിക്കൊന്നു. സങ്കടംതന്നെ-

അപ്പോള്‍ ഗോധുമി ചോദിച്ചു: രാജകുമാരീ, അതില്‍ സങ്കടപ്പെടാനെന്തുണ്ട്? കൊട്ടാരത്തിലെ പാചകക്കാരന്‍ ദിവസവും മാനിറച്ചി പാകം ചെയ്യുന്നു. ചെരുപ്പും കമ്പിളിയുമുണ്ടാക്കാന്‍ മാന്‍തോല്‍ ഉപയോഗിക്കുന്നു. അതേപോലെ ഞങ്ങളും മാന്‍വേട്ട നടത്തുന്നു, പക്ഷികളെപ്പോലും വേട്ടയാടുന്നു. അവയുടെ മാംസം കഴിക്കുന്നു. അല്ലാതെന്ത്?
‘മനസ്സിലായി- നോക്കൂ ഞാന്‍ ഓരോ പൊട്ടച്ചോദ്യങ്ങള്‍ ചോദിക്കുകയാണ്. കാരണം എനിക്ക് യാതൊന്നുമറിയില്ലെന്നേ… എന്നോട് കോപിക്കരുതേ.’
മദ്രജ അവളോട് ഇങ്ങനെ ചോദിച്ചു. ഭവതി എന്തിനാണ് അവരുമായി ഇത്രയധികം ഇടപഴകുന്നത്? അവര്‍ക്ക് മര്യാദ ഇല്ലാതായിത്തുടങ്ങി… ഭവതിക്ക് പുതിയ ദാസിമാരെ വേണമെന്ന് ഞാന്‍ ആര്യയോട് പറയാന്‍ പോവുകയാണ്.
വേണ്ട!
ഭവതി ഗര്‍ഭിണിയാണ്, പോരാത്തതിന് അടുത്തകാലത്താണ് വിധവയായത്… ഇങ്ങനെയൊരു സമയത്ത്…
എനിക്കൊന്നും കേള്‍ക്കണ്ട, പുറത്തുപോകൂ-
വിധവ എന്ന വാക്ക് അവളെ പേടിപ്പിച്ചു. വെള്ള വസ്ത്രം ധരിച്ച കൗരവ വിധവകളെക്കുറിച്ചുള്ള ചിന്തപോലും അവളുടെ നേരെ തുറിച്ചുനോക്കി. കണ്ണാടിയില്‍ അവള്‍ക്ക് സ്വയം തിരിച്ചറിയാന്‍ സാധിച്ചില്ല. എപ്പോഴായിരുന്നു അവള്‍ കളിചിരിയും തമാശയുമായി കഴിഞ്ഞു കൂടിയത്? ബൃഹന്ദളയില്‍ നിന്ന് നൃത്തം പഠിച്ചത്? തോല്‍ച്ചെണ്ടകള്‍ വലിച്ചെറിഞ്ഞതും തങ്ങളുടെ പാവകള്‍ക്ക് വസ്ത്രം ധരിക്കാന്‍ വേണ്ടി പട്ടുതുണി ആവശ്യപ്പെട്ടതും ആരായിരുന്നു?
ഉത്തരക്ക് നീണ്ട തലമുടിയുണ്ടായിരുന്നു. അവള്‍ നൃത്തം ചെയ്യുമ്പോള്‍ കെട്ടിയൊതുക്കാത്ത തലമുടി കാറ്റില്‍ ആലോലമാടും. മണിക്കൂറുകളോളം ഊഞ്ഞാലാടാന്‍ അവള്‍ക്ക് ഇഷ്ടമായിരുന്നു. കൂട്ടുകാരോടൊത്ത് മണിക്കൂറുകളോളം പൂന്തോട്ടത്തില്‍ കളിച്ചു നടക്കുകയും ചെയ്യും. ആ ഉത്തര തിളങ്ങുന്ന നിറമുള്ള ചോളിയും ഗാഗ്രയും ചുന്നിയുമാണ് അണിഞ്ഞിരുന്നത്.
ഈ ഉത്തര വെളുത്ത വസ്ത്രം ധരിക്കുന്നു, ആഭരണങ്ങളില്ല, അവളുടെ തലമുടി തോളുകളിലേക്ക് കനത്തു തൂങ്ങുന്നു. ഈ ഉത്തരയുടെ കണ്ണുകളും ചുണ്ടും എങ്ങനെയാണ് ചിരിക്കേണ്ടതെന്ന് മറന്നു പോയി. അവളുടെ കാലടിവെപ്പുകള്‍ കാതരമായി, അവയില്‍ ശങ്ക നിറഞ്ഞു. എത്രകാലം വേണം ഈ അവസ്ഥയെ മറികടക്കാന്‍? കണ്ണാടിയില്‍ എത്ര കാലം വിചിത്രമായ ആ പ്രതിബിംബം അവളെ വേട്ടയാടും?
ഏറിവന്നാല്‍ സ്വന്തം കുഞ്ഞ് അവളോടൊപ്പം ഒരു കൊല്ലക്കാലമുണ്ടാവും. അതിനുശേഷം മുലയൂട്ടുന്ന അമ്മമാര്‍ കുഞ്ഞിനെ വളര്‍ത്തുന്ന ചുമതലയേറ്റെടുക്കും. രാജകുടുംബത്തിലെ സന്തതികളെ പെറ്റമ്മമാര്‍ വളര്‍ത്താറില്ല.
നിര്‍ദ്ദേശിക്കപ്പെട്ട ചടങ്ങുകളും അനുമാനങ്ങളും തുടങ്ങുകയായി പിന്നീട്, സ്വയം നിരാകരണം, പ്രായശ്ചിത്തം.
വെറും ആറുമാസത്തെ വിവാഹ ജീവിതം. അവളുടെ സന്തോഷം എത്ര ക്ഷണികമായിരുന്നു! വരന്‍ എത്ര ചെറുപ്പം, വധുവിനും ചെറുപ്പം. ഭര്‍ത്തൃഗൃഹത്തില്‍ അവള്‍ വന്നു കയറിയപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു! കുന്തി വധൂവരന്മാര്‍ രണ്ടു പേരേയും മടിയിലിരുത്തിപ്പറഞ്ഞു- എനിക്ക് കുട്ടിക്കാലത്ത് മണ്‍പാവകള്‍ കൊണ്ടു കളിക്കാന്‍ ഇഷ്ടമായിരുന്നു. ഇതാ എന്റെ മണ്‍പാവകള്‍ ജീവന്‍ വച്ചു വന്നിരിക്കുന്നു.’ ഉത്തര എല്ലാവരുടേയും അരുമയായി.

അവള്‍ സ്വയം പിറുപിറുത്തു- എന്തുമാത്രം ആനന്ദകരമായിരുന്നു ആ വിവാഹച്ചടങ്ങ്.
ഇന്ന് എല്ലാം വെറും സ്വപ്നം മാത്രം, കുട്ടിക്കാലത്ത് കേട്ട യക്ഷിക്കഥ.
വിവാഹ മണ്ഡപം എത്ര ഭംഗിയായി അലങ്കരിച്ചു വച്ചിരുന്നുവെന്നോ! എത്ര മധുരമായ സംഗീതം! കൊട്ടാരത്തിനു പുറത്ത്, അലഞ്ഞു നടക്കുന്ന ദേശാടകരുടെ ആഘോഷങ്ങള്‍. ആണും പെണ്ണും വര്‍ണ്ണപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളണിഞ്ഞ് ആഹ്ലാദ നൃത്തമാടി. ഉയരുകയും താഴുകയും ചെയ്യുന്ന മുളങ്കോലുകള്‍. ആരോ കരടിയെ കൊണ്ടു വന്നു കളിപ്പിച്ചു. ചിലര്‍ അരക്കു കൊണ്ടുള്ള വളകള്‍ വിതരണം ചെയ്യുന്നു. ആകപ്പാടെ ആഹ്ലാദച്ചന്ത.
മണ്ഡപത്തില്‍ അഗ്നിസാക്ഷിയായി വിവാഹം നടക്കുകയാണ്. തീനാളങ്ങള്‍ നെയ്പുരട്ടിയ മരപ്പൂളുകള്‍ നക്കിത്തിന്നുന്നു, അവ വായുവില്‍ ആളിക്കത്തുന്നു. രാജകുടുംബത്തില്‍പെട്ട സ്ത്രീകള്‍ ഒരു വരിയില്‍. പാണ്ഡവരുടെ പട്ടമഹിഷിയായ ദ്രൗപദിയില്‍ നിന്ന് ഉത്തരക്ക് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. അവരുടെ അന്തസ്സും എടുപ്പും സൗന്ദര്യവും മറ്റുള്ളവരെ നാണിപ്പിച്ചു.
ഇവയെല്ലാം ശരിക്കും ഉത്തരയുടെ ജീവിതത്തില്‍ സംഭവിച്ചതു തന്നെയാണോ?
അവളുടെ തോട്ടത്തിലെ കുളത്തില്‍ അരയന്നങ്ങള്‍ രാജകീയമായി നീന്തിത്തുടിച്ചു. ഒരു കാലത്ത് സ്വന്തം പിതാവിന്റെ വീട്ടില്‍ ഈ അരയന്നങ്ങളെപ്പോലെ സ്വതന്ത്രമായി സന്തോഷപൂര്‍വ്വം വിഹരിക്കുകയായിരുന്നില്ലേ ഉത്തരയും?
സ്വപ്നം, എല്ലാം വെറുമൊരു സ്വപ്നം. പിതൃഭവനത്തിന്റെ മേലാപ്പിലിരുന്നാല്‍ അവള്‍ക്ക് വിദൂരമായ ഗിരിനിരകള്‍ കാണാം. ആ നാട്ടില്‍ മലകളും മരുഭൂമികളും കാടും അരുവികളുമുണ്ട്. സഞ്ചാരികളായ കച്ചവടക്കാരുടെ വാഹന വ്യൂഹങ്ങള്‍. ചരക്കുകള്‍ ഒട്ടകപ്പുറത്ത് കെട്ടിവച്ചാണ് അവര്‍ വരിക. ഗാന്ധാരം, കേകയം, തക്ഷശില, ത്രിഗര്‍ത്തം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍. ഊരുചുറ്റുന്ന ഇന്ദ്രജാലക്കാര്‍, പാമ്പാട്ടികള്‍, തെരുവിലലയുന്ന നൃത്തക്കാരും പാവകളിക്കാരും. പാവകള്‍ നൃത്തമാടുമ്പോള്‍ അവര്‍ അത്ഭുത കഥകള്‍ പറയുകയും പാട്ടു പാടുകയും ചെയ്തു.
സന്തോഷകരമായ ആ ദിവസങ്ങള്‍ ഇന്ന് വെറും സ്വപ്നം.
പൊടുന്നനെ അവള്‍ക്ക് ദേഷ്യം വന്നു. അവള്‍ മദ്രജയോട് കല്പിച്ചു- അവര്‍ ഇവിടെ നില്ക്കട്ടെ.
ഒരുപാട് കാലമായി മദ്രജ അന്തഃപുരത്തിലെ പ്രധാന ദാസിയാണ്. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അവളാണ്. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പാണ്ഡവരുടെ രാജ്ഞിമാരോട് പറയാന്‍ സ്വാതന്ത്ര്യമുള്ളവള്‍.
അവര്‍ ഭവതിയെ അസ്വസ്ഥയാക്കും.
ഇല്ല, ഇത് ദുഃഖാചരണം നടക്കുന്ന നിശ്ശബ്ദമായ കൊട്ടാരമാണ്.
‘അഭിമന്യുവിന്റെ വിധവേ, എന്തോന്നു ദുഃഖാചരണം? ധര്‍മ്മയുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെല്ലാവരും നേരെ ദിവ്യലോകത്തേക്ക് പോയി. സ്വര്‍ഗത്തില്‍ എന്തൊരു ആഹ്ലാദഘോഷമായിരിക്കും! ഓര്‍ത്തുനോക്കൂ…
ഗോധുമി പറഞ്ഞു-അതെ, സ്വന്തം കണ്ണുകള്‍ കൊണ്ട് സ്വര്‍ഗത്തില്‍ നിന്നുവരുന്ന രഥങ്ങള്‍ കണ്ടിട്ടില്ലേ? സ്വന്തം കാതുകള്‍കൊണ്ട് ആഹ്ലാദാരവങ്ങള്‍ കേട്ടിട്ടില്ലേ?
അതെങ്ങനെ?
രഥങ്ങളെങ്കിലും? സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്ന രഥങ്ങള്‍…
പറയൂ! ഞാന്‍ അപ്പോള്‍ ഉള്ളിലായിരുന്നു.
എങ്കില്‍ എന്തിനാണ് ഇതെല്ലാം പറയുന്നത്?
അതു സത്യമാണെന്ന് എല്ലാവര്‍ക്കുമറിയാം.
നാണമില്ലേ മദ്രജേ നിനക്ക്! കുരുജംഗലില്‍ നിന്നു വന്ന പെണ്ണ്. എന്നിട്ട് രാജവൃത്തത്തില്‍ പെട്ട ആളെപ്പോലെ സംസാരിക്കുന്നു.
‘കുട്ടിയായിരിക്കുമ്പോള്‍ അവര്‍ എന്നെ ഇവിടെ കൊണ്ടുവന്നതാണ്. അതില്‍ പുതുമയൊന്നുമില്ല. അവര്‍ക്ക് എപ്പോഴും നമ്മെ മാത്രമേ കിട്ടുകയുള്ളു. രാജകീയ ഭവനങ്ങളിലേക്കു വേണ്ട ദാസിമാര്‍, കൊട്ടാരങ്ങളിലെ നര്‍ത്തകിമാര്‍, സൈനീകര്‍, വേശ്യാസ്ത്രീകള്‍, നിങ്ങളെപോലെതന്നെ.
കുട്ടികളേ….അല്ല, നിങ്ങളെ ഇവിടെ കൊണ്ടുവന്നപോലെ എത്തിയവരല്ല ഞങ്ങള്‍. രാജവൃത്തത്തിലെത്തുമെന്ന് ഒരിക്കലും ഞങ്ങള്‍ സങ്കല്പിച്ചിട്ടില്ല. കര്‍ഷക കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചയക്കപ്പെട്ടവരാണ് ഞങ്ങള്‍. ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ യുദ്ധത്തിന്നയച്ചു. കാലാള്‍പടയാളികള്‍ വന്‍തോതില്‍ മരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ദൂരെനിന്ന് യുദ്ധം നോക്കിക്കണ്ടു. ഓരോ ദിവസം അവസാനിക്കുമ്പോഴും ഭീതിദമായ ഇരുട്ടിന്റെ ഹൃദയാന്തരാളത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്മാരുടെ മൃതദേഹങ്ങള്‍ തിരഞ്ഞു. ഞങ്ങളുടെ പക്കല്‍ ചെറിയ മണ്‍വിളക്കുകളോ ദേവദാരുമരക്കൊള്ളികള്‍ കൊണ്ടുണ്ടാക്കിയ തീപ്പന്തങ്ങളോ ഉണ്ടായിരുന്നു. ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍, ഞങ്ങളുടെ സഹോദരന്മാര്‍, ഞങ്ങളുടെ സഹോദരീ ഭര്‍ത്താക്കന്മാര്‍… മദ്രജേ, കേള്‍ക്കൂ.
ഗോധുമി പറഞ്ഞു. ദിവ്യലോകത്തെ രഥങ്ങള്‍ ഇറങ്ങിവന്നില്ല, അവരാരും സ്വര്‍ഗത്തിലേക്ക് പോയതുമില്ല. കാലാള്‍പടയാളികള്‍ പൊരുതി മരിച്ചതും അതേ ധര്‍മ്മ യുദ്ധത്തില്‍ തന്നെ. എന്നാല്‍ അവരുടെ ആത്മാക്കള്‍ക്ക് വേണ്ടി യാതൊരു ശവസംസ്‌ക്കാരച്ചടങ്ങും നടത്തിയിട്ടില്ല.
നിങ്ങള്‍ അഞ്ചു പേരും ഇവിടെ വന്നില്ലേ..
ഞങ്ങള്‍ക്ക് വീട്ടില്‍പ്പോകാനാവാത്തതുകൊണ്ടാണത്.
ഗോധുമിയുടെ വാക്കുകളില്‍ വന്യമായ ഏതോ ആന്തരിക ശ്രുതി ഉത്തര കേട്ടു. ശാന്തമായി ഒഴുകുന്ന നദിയുടെ ഉപരിതലത്തിന്നടിയില്‍ മറ്റൊരു പ്രവാഹമുണ്ടാകുമെന്ന് ഒരിക്കല്‍ അഭിമന്യു അവളോട് പറഞ്ഞിരുന്നു, ശക്തമായ അടിയൊഴുക്ക്, അത് പ്രാകൃതവും വന്യവുമാണ്. അല്ലാഞ്ഞാല്‍ എങ്ങിനെയാണ് ഒരു നദിക്ക് ഒരാനയെ അതിന്റെ കാലടികള്‍ക്കിടയിലൂടെ ഒഴുക്കിക്കളയാനാവുക?

അവള്‍ പൊടുന്നനെ, ആത്മാര്‍ത്ഥമായിത്തന്നെ ചോദിച്ചു- എന്തുകൊണ്ടാണ് ഗോധുമി നിങ്ങള്‍ക്ക് തിരിച്ചു പോകാനാവാത്തത്?
ഗോധുമി മറുപടി പറഞ്ഞു- രാജകുമാരീ, തിരിച്ചുപോകാന്‍ എന്താണ് ബാക്കിയുള്ളത്? കാലാള്‍പടയാളികള്‍ അഹിഛത്രം, മത്സ്യം കുരുജംഗല്‍, കോസലം, ത്രിഗര്‍ത്തം, ദൈത്വം, പാഞ്ചാലം, പ്രാച്യം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഞങ്ങള്‍ കുരുജംഗലില്‍ നിന്നുള്ളവര്‍, ഹായ്! ഞങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളെപറ്റി യാതൊന്നുമറിഞ്ഞുകൂടാ, പക്ഷേ ഞങ്ങളുടെ പാടങ്ങള്‍, സമൃദ്ധമായ പാടങ്ങള്‍, കൊല്ലം മുഴുവനും നദികള്‍ നനച്ചുകൊണ്ടിരിക്കുന്ന പാടങ്ങള്‍, കൃഷിയിറക്കാതെ കിടക്കുകയാണ്. ഓരോ ദിവസവും യുദ്ധനായകര്‍ കാലാള്‍പടയാളികളെ കൊന്നൊടുക്കി. ഞങ്ങളുടെ പുരുഷന്മാര്‍ കന്നുകാലിപ്പറ്റങ്ങളെപ്പോലെ ചത്തുവീണു.
വിതസ്ത പാട്ടിന്റെ രണ്ടാം പാദം മൂളിത്തുടങ്ങി.. ഗ്രാമ വസതികള്‍ ദീപങ്ങള്‍ കൊളുത്താതെ കിടക്കുന്നു. ഞങ്ങളുടെ കന്നുകാലികള്‍ തൊഴുത്തില്‍ തിരിച്ചെത്തിയിട്ടില്ല.. അവയെ ഏതോ കാട്ടുമൃഗങ്ങള്‍ തിന്നിട്ടുണ്ടാവണം.

വിപാഷ പറഞ്ഞു. ഗ്രാമത്തിലെ കുടിലുകളില്‍ ആരും ഗോതമ്പു പൊടിച്ച് മാവാക്കുന്നില്ല. ഒരു സ്ത്രീയും തൈരു കടഞ്ഞ് വെണ്ണയെടുക്കുന്നില്ല, ആരും വിത്ത് ആട്ടി എണ്ണയുണ്ടാക്കുന്നില്ല, ഗ്രാമത്തില്‍ എല്ലാ ശബ്ദങ്ങളും അസ്തമിച്ചിരിക്കുന്നു.
യമുന പറഞ്ഞു- പുഴയോരങ്ങളില്‍ സ്ത്രീകളാരും തുണിയലക്കുന്നില്ല, അമ്മമാര്‍ കുളിക്കുന്നില്ല, കുഞ്ഞുങ്ങളെ എണ്ണ തേപ്പിക്കുന്നില്ല.
ഗോധുമിയുടെ ശബ്ദം ദുഃഖം മൂലം കനത്തിരുന്നു- നവവധുക്കള്‍ നദീജലത്തില്‍ വേണം കുളിക്കാന്‍. വെള്ളമെടുക്കാന്‍ നദിയിലേക്ക് നടക്കുമ്പോള്‍ വിവാഹിതകളായ സ്ത്രീകള്‍ പാട്ടു മൂളുന്നില്ല.
അഞ്ചു സ്ത്രീകളും ഒരേ സ്വരത്തില്‍ ചോദിക്കുന്നു- ഞങ്ങള്‍ എങ്ങോട്ട് പോകാന്‍?

ഉത്തര അവരുടെ നേരെ ദൃഷ്ടിയൂന്നി നിന്നു. എന്നിട്ടു പറഞ്ഞു- എന്നോടൊപ്പം കഴിഞ്ഞുകൊള്ളൂ.
ഗോധുമി ദുഃഖഭാവത്തോടെ തല കുലുക്കിക്കൊണ്ട് പറഞ്ഞു. ഇത് നിശ്ശബ്ദതയുടെ അറകളാണ്.
…നിശ്ശബ്ദതയുടേതോ?
അന്തഃപുരങ്ങള്‍ക്ക് പുറത്താണ് എല്ലാം സംഭവിക്കുന്നത്; പൂജകള്‍, ബലി, യജ്ഞം – പുറംലോകത്ത് പലതരം പ്രവൃത്തികളുടെ ബഹളമാണ്. ഇവിടെ നിങ്ങള്‍ ശുഭ്രവസ്ത്ര ധാരിണികളായ വിധവകള്‍ പ്രേതങ്ങളുടെ നിഴല്‍രൂപം പോലെ ചുറ്റിത്തിരിയുന്നു. നിങ്ങള്‍ ചിരിക്കുകയില്ലേ, ഉച്ചത്തില്‍ സംസാരിക്കുകയില്ലേ, വിശ്രമമില്ലാത്ത കാലടിവയ്പുകളുമായി ഓടുകയില്ലേ എന്നൊക്കെ അതിശയിക്കുകയാണ് ഞങ്ങള്‍.

‘ഇല്ല’
സുഭദ്ര വന്ന് അവരോടൊപ്പം ചേര്‍ന്നു.

രാജവൃത്തത്തില്‍പ്പെട്ട വിധവകള്‍ കുന്തിയെപ്പോലെയായിരിക്കണം. ഇഹലോകത്ത് വിധവകള്‍ക്ക് സന്തോഷത്തിന്ന് അവകാശമില്ല; പോവിന്‍ പെണ്ണുങ്ങളേ…
ആര്യേ, വേണ്ട… ഉത്തര നിലവിളിച്ചു. ആ സമയത്തും അവള്‍ക്ക് അമ്പരപ്പായിരുന്നു – ഇവര്‍ കൂടെയുള്ളപ്പോള്‍ … എനിക്ക്…”
അവള്‍ കണ്ണീരൊഴുക്കി – ” എനിക്ക് ഞാന്‍ ജീവിച്ചിരിക്കുന്നതായി തോന്നുന്നു – ‘

സുഭദ്ര അവളെ ശരീരത്തോടു ചേര്‍ത്തുനിര്‍ത്തി; അവളുടെ തലയില്‍ മൃദുവായി തലോടി ആശ്വസിപ്പിച്ചു.
”മദ്രജ എന്നോട് ഒന്നും കല്പിക്കരുത്.”
”ഇല്ല, അവള്‍ ഇനി അങ്ങനെ ചെയ്യുകയില്ല; മോളേ നിന്റെ വയറ്റിലൊരു കുഞ്ഞുണ്ട്…”
”ഈ നിശ്ശബ്ദത എന്നെ വീര്‍പ്പുമുട്ടിക്കുന്നു!”
”ശാന്തയാകൂ മോളേ.”
ഉത്തര ഹൃദയഭേദകമായി ഏങ്ങലടിച്ചു, പിന്നീട് ക്രമേണ അവള്‍ ശാന്തയായി. സുഭദ്രയുടെ മനസ്സും പ്രക്ഷുബ്ധമായിരുന്നു. ആരോടാണ് ഇതേപ്പറ്റി അഭിപ്രായം ചോദിക്കുക? എന്താണ് ചോദിക്കുക? അഗാധമായ നൈരാശ്യത്തോടെ അവള്‍ അഭ്യര്‍ത്ഥിച്ചു – കുട്ടികളേ…
ആര്യേ, എന്തുവേണം?
”അവള്‍ വ്യാകുലയാവാതെ നോക്കണേ… വയറ്റില്‍ കിടക്കുന്ന അവളുടെ കുഞ്ഞിനാണ് അതുകൊണ്ടുള്ള കുഴപ്പം.”
കൃഷ്ണ വാസുദേവന്റെ പ്രിയ സഹോദരി സുഭദ്രയല്ല ഇപ്പോള്‍ സംസാരിക്കുന്നത്.
മറ്റേതൊരാളെയും പോലെ മകളുടെ കാര്യത്തില്‍ വേവലാതിയുള്ള അമ്മയാണ്.
ആര്യേ, ഞങ്ങള്‍ ഉടനെ പോകും. ഇതിനകം ഞങ്ങള്‍ സ്ഥലം വിടേണ്ടതായിരുന്നു. എന്നാല്‍ കുരുക്ഷേത്രത്തിലെ യുദ്ധക്കളം കടന്നുപോവുക ഇപ്പോഴും അസാധ്യമാണ്. ഒരുപാട് ദിവസങ്ങളായി ഒരുപാട് ചിതകളെരിയുന്നു. അതുമൂലം ഭൂമി വെന്തു പാറയായിരിക്കുന്നു, മണ്ണ് ചുട്ടുപൊള്ളുന്നു. ഞങ്ങളുടെ കാലടികള്‍ പൊള്ളിപ്പോവും. ഈ ചുട്ടുപൊള്ളുന്ന ഭൂമിയിലൂടെ എങ്ങനെയാണ് ഞങ്ങള്‍ നടന്നുപോവുക?
അപ്പോള്‍ മദ്രജ പറഞ്ഞു – ഇവരെപ്പോലെയുള്ള മറ്റ് ആളുകള്‍ ഇപ്പോഴും നഗരപ്രാന്തങ്ങളില്‍ കഴിയുന്നുണ്ട്.
-മരുമകളെ, വേവലാതിപ്പെടുത്താതിരിക്കൂ.
അതു പറയുമ്പോള്‍ സുഭദ്രയുടെ ഹൃദയം മറ്റേതു സ്ത്രീയുടേതുമെന്നപോലെ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. അഞ്ചു സ്ത്രീകളും പരസ്പരം നോക്കി; തലകുലുക്കിക്കൊണ്ട്, നെടുവീര്‍പ്പിട്ടുകൊണ്ട് അവര്‍ പിരിഞ്ഞുപോയി.
ഞാന്‍ അവളുടെ കൂടെ നിന്നുകൊള്ളാം – സുഭദ്ര പറഞ്ഞു.
അഞ്ചു സ്ത്രീകളും ഒരേപോലെയാണ് ചിന്തിക്കുന്നതെന്നു തോന്നുന്നു. സംസാരിക്കാതെ തന്നെ അവര്‍ക്ക് പരസ്പരം മനസ്സിലാവും, കണ്ണുകള്‍കൊണ്ടു മാത്രം അവര്‍ക്ക് അന്യോന്യം സംസാരിക്കാന്‍ സാധിക്കും. അത്രയും അടുപ്പമുണ്ട് അവര്‍ക്ക്. അവര്‍ അന്യോന്യം നോക്കുന്നു, മനസ്സിലാക്കുന്നു.
അവര്‍ ഉത്തരയോട് ചോദിച്ചു – ഇപ്പോള്‍ നിനക്ക് സുഖം തോന്നുന്നില്ലേ മോളേ?
അതെ – ”

നോക്കൂ, മണ്ണു കൊണ്ടുണ്ടാക്കിയ അമ്മയുടേയും കുഞ്ഞിന്റേയും ഈ പാവകള്‍ എത്ര മനോഹരം! വിതസ്ത ഉണ്ടാക്കിയതാണ്.
അപ്പോള്‍ വിതസ്ത പറഞ്ഞു. കുശവന്മാരുടെ കുടിലുകള്‍ എവിടെയാണെന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അവ ചൂളയില്‍ വച്ച് ചുട്ടെടുത്തേനെ. ചുവന്ന, വെന്ത മണ്ണാണെങ്കില്‍ അവയുടെ നിറം കൂടുതല്‍ മനോഹരമായിത്തീരും.
നീ വീട്ടില്‍വെച്ചും ഇത്തരം പാവകളുണ്ടാക്കാറുണ്ടോ?
ഉണ്ട്. ഞാനവ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കും.
അവര്‍ക്ക് സന്തോഷമാവും, അല്ലേ?
ഉത്തരയുടെ കണ്ണുകള്‍ ഇപ്പോള്‍ ഒരു കുഞ്ഞിന്റേതുപോലെ നിഷ്‌ക്കളങ്കം. വിതസ്ത പറഞ്ഞു.
ഭവതിയുടെ കുഞ്ഞിനും അവയുമായി കളിക്കുന്നത് സന്തോഷമായിരിക്കും…
അപ്പോള്‍ നിങ്ങള്‍ എല്ലാവരും… നിങ്ങള്‍…
അഞ്ചു സ്ത്രീകളും തലകുലുക്കി. വിചിത്രമായ ഒരു കഥ. അവര്‍ അഞ്ചു പേരുടേയും വിവാഹം ഒരേ ദിവസമാണ് നടന്നത്. അവര്‍ തങ്ങളുടെ പുതിയ ഭവനങ്ങളില്‍ എത്തിയതേയുള്ളൂ, അപ്പോഴേക്കും കൊമ്പുവിളികള്‍ മുഴങ്ങി. ചെറുപ്പക്കാരെ യുദ്ധത്തിനുവേണ്ടി വിളിക്കുന്ന ആഹ്വാനങ്ങള്‍. യുദ്ധത്തിനുവേണ്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
യമുന ഒരു മിണ്ടാപ്പൂച്ചയാണ്. വളരെ കുറച്ചുമാത്രമേ സംസാരിക്കാറുള്ളൂ. അവള്‍ പറഞ്ഞു – ആദ്യം പുരുഷന്മാരാണ് പോകേണ്ടത്, അവര്‍ക്കു പിന്നാലെ ഞങ്ങളും.
ഗ്രാമത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് പണി?
കുടിലും മുറ്റവും വൃത്തിയാക്കും, വിറക് ശേഖരിക്കും, നദിയില്‍നിന്നും വെള്ളം കൊണ്ടുവരും.

നോക്കൂ, മണ്ണു കൊണ്ടുണ്ടാക്കിയ അമ്മയുടേയും കുഞ്ഞിന്റേയും ഈ പാവകള്‍ എത്ര മനോഹരം! വിതസ്ത ഉണ്ടാക്കിയതാണ്.
അപ്പോള്‍ വിതസ്ത പറഞ്ഞു. കുശവന്മാരുടെ കുടിലുകള്‍ എവിടെയാണെന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അവ ചൂളയില്‍ വച്ച് ചുട്ടെടുത്തേനെ. ചുവന്ന, വെന്ത മണ്ണാണെങ്കില്‍ അവയുടെ നിറം കൂടുതല്‍ മനോഹരമായിത്തീരും.
നീ വീട്ടില്‍വെച്ചും ഇത്തരം പാവകളുണ്ടാക്കാറുണ്ടോ?
ഉണ്ട്. ഞാനവ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കും.
അവര്‍ക്ക് സന്തോഷമാവും, അല്ലേ?
ഉത്തരയുടെ കണ്ണുകള്‍ ഇപ്പോള്‍ ഒരു കുഞ്ഞിന്റേതുപോലെ നിഷ്‌ക്കളങ്കം. വിതസ്ത പറഞ്ഞു.
ഭവതിയുടെ കുഞ്ഞിനും അവയുമായി കളിക്കുന്നത് സന്തോഷമായിരിക്കും…
അപ്പോള്‍ നിങ്ങള്‍ എല്ലാവരും… നിങ്ങള്‍…
അഞ്ചു സ്ത്രീകളും തലകുലുക്കി. വിചിത്രമായ ഒരു കഥ. അവര്‍ അഞ്ചു പേരുടേയും വിവാഹം ഒരേ ദിവസമാണ് നടന്നത്. അവര്‍ തങ്ങളുടെ പുതിയ ഭവനങ്ങളില്‍ എത്തിയതേയുള്ളൂ, അപ്പോഴേക്കും കൊമ്പുവിളികള്‍ മുഴങ്ങി. ചെറുപ്പക്കാരെ യുദ്ധത്തിനുവേണ്ടി വിളിക്കുന്ന ആഹ്വാനങ്ങള്‍. യുദ്ധത്തിനുവേണ്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
യമുന ഒരു മിണ്ടാപ്പൂച്ചയാണ്. വളരെ കുറച്ചുമാത്രമേ സംസാരിക്കാറുള്ളൂ. അവള്‍ പറഞ്ഞു – ആദ്യം പുരുഷന്മാരാണ് പോകേണ്ടത്, അവര്‍ക്കു പിന്നാലെ ഞങ്ങളും.
ഗ്രാമത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് പണി?
കുടിലും മുറ്റവും വൃത്തിയാക്കും, വിറക് ശേഖരിക്കും, നദിയില്‍നിന്നും വെള്ളം കൊണ്ടുവരും.

എനിക്ക് ആ ജീവിതത്തെപ്പറ്റി അറിയില്ല.
രാജകുമാരി എങ്ങനെ അറിയാന്‍?
പണിയെടുക്കുമ്പോള്‍ നിങ്ങള്‍ പാട്ടു പാടുമോ?
പാടുമായിരുന്നു.
ഞാന്‍ ഇതേവരെ ഗ്രാമം കണ്ടിട്ടില്ല. പക്ഷേ സഞ്ചാരികളായ ഗായകരും പാവകളിക്കാരും നര്‍ത്തകരും പലപ്പോഴും വരുമായിരുന്നു. അവരുടെ പാട്ടുകള്‍ കേള്‍ക്കാനും നൃത്തം കാണാനും എനിക്കിഷ്ടമായിരുന്നു… കല്യാണത്തിന്ന് മുമ്പ്.
സ്ത്രീകള്‍ പരസ്പരം നോട്ടങ്ങള്‍ കൈമാറി. അവര്‍ ചോദിച്ചു. ആ സമയത്ത് ഭവതിയുടെ ധാത്രി എന്തെല്ലാം കഥകളാണ് പറഞ്ഞുതന്നത്? ഓര്‍മ്മയുണ്ടോ?
എപ്പോഴും ഓര്‍ക്കാനാവുന്നില്ല; പക്ഷേ ചിലപ്പോള്‍… ഓര്‍മ്മ വരും… നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെപ്പറ്റി പറയുമ്പോള്‍… അതെല്ലാം വളരെ അപരിചിതമായി തോന്നുന്നു, എനിക്ക് വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ അറിയൂ.
ഭവതിക്ക് ഞങ്ങളുടെ ആളുകളെപ്പറ്റി കേള്‍ക്കണോ?
അവര്‍ക്ക് എന്താണ് പണി?
അവളുടെ ചോദ്യം കേട്ട് സ്ത്രീകള്‍ അതിശയിച്ചു. എന്തു പണി? അവര്‍ കഥ പറയുന്നു, പാട്ടു പാടുന്നു; നിത്യവൃത്തിയെന്നപോലെ
എന്തുമാത്രം അത്ഭുതകരമായ യക്ഷിക്കഥകള്‍!
തൈരു കടയുന്നു. വെണ്ണയും തൈരും നെയ്യുമുണ്ടാക്കുന്നു. തങ്ങളുടെ പെണ്‍മക്കളുടെയും മരുമക്കളുടെയും തലമുടിയില്‍ എണ്ണതേച്ച് ചീകിമിനുക്കി പിന്നിക്കെട്ടുന്നു, പേരക്കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നു.
നിങ്ങള്‍ നഗരത്തില്‍ വരാറില്ലേ?
ഇല്ല. നഗരത്തിന് ഞങ്ങളെ അറിയാനാവുകയില്ല. ഞങ്ങള്‍ക്ക് നഗരത്തെയും… ഇപ്പോള്‍, ഇനി ആരും ഇവിടെയൊട്ട് വരികയുമില്ല.
എന്തുകൊണ്ട്?
എന്തൊരു കിരാതമായ യുദ്ധം! എത്രമാത്രം നാശനഷ്ടങ്ങള്‍! അതും കഴിഞ്ഞ് ഇവിടെ ആരു വരാന്‍?
ഭവതി പറയൂ? എന്തൊരു ഭീകരമായ യുദ്ധമാണിത്, അതും ഒരേ കുടുംബാംഗങ്ങള്‍ തമ്മില്‍-ഇത് ഭയങ്കരമായ പാപമല്ലേ?
പക്ഷേ അതൊരു ധര്‍മ്മയുദ്ധമായിരുന്നു.
ധര്‍മ്മയുദ്ധം പോലും!
അഗാധമായ അനുതാപത്തോടെയാണ് ഗോധുമി സംസാരിക്കുന്നത്. എണ്ണമറ്റ വിധവകള്‍! പുത്രന്മാരെ നഷ്ടപ്പെട്ട അമ്മമാരുള്ള നിരവധി ഭവനങ്ങള്‍.
അതെ… വയസ്സായ ആര്യ ഗാന്ധാരിക്ക് നൂറു മക്കളെയാണ് നഷ്ടപ്പെട്ടത്, എന്റെ ശ്വശുരക്കും നഷ്ടപ്പെട്ടത് സ്വന്തം…”
പൊടുന്നനെ ഗോധുമി പറഞ്ഞു…, നില്ല് നില്ല്; വേഴാമ്പലിന്റെ കരച്ചിലല്ലേ ആ കേള്‍ക്കുന്നത്…?
അവള്‍ കാതുകൂര്‍പ്പിച്ചു ശ്രദ്ധിച്ചു. ഒരു പക്ഷി കരയുന്നത് ഉത്തരക്ക് കേള്‍ക്കാം. ഏതു പക്ഷിയാണെന്ന് ആര്‍ക്കറിയാം; ദൂരെയെങ്ങോ, ആ കരച്ചില്‍ അകന്നകന്ന് പോയി.
അത് വേഴാമ്പല്‍ തന്നെയാണ്.
വേഴാമ്പല്‍ കരയുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?
ദൂരെ ദൂരെയെവിടെയോ, അദൃശ്യമായ ആ പക്ഷിയുടെ അരികിലാണ് താന്‍ നില്‍ക്കുന്നത് എന്നു ഗോധുമിക്ക് തോന്നി; സ്വപ്നത്തിലെന്നോണം അവള്‍ പറഞ്ഞു. വേഴാമ്പല്‍ മഴവെള്ളം മാത്രമേ കുടിക്കുകയുള്ളൂ. അത് മഴ മേഘങ്ങള്‍ കണ്ടിട്ടുണ്ടാവണം, അതുകൊണ്ടാണ് കരയുന്നത്.
എന്നിട്ടെന്തുണ്ടാവും?
മഴ പെയ്യും
മഴ പെയ്തു കഴിഞ്ഞാലോ?
മണ്ണിന്റെ ദാഹം ശമിക്കും.
കുരുക്ഷേത്രം തണുക്കും. ചൂടിന്റെ തിരമാലകള്‍ അസ്തമിക്കും. ഒരുപക്ഷേ, ഒരു പക്ഷേ മാത്രം അവിടെ വീണ്ടും പച്ചപ്പുല്ലു വളരും.
വലിയൊരു അലര്‍ച്ചയുടെ ശബ്ദത്തോടെ മഴ വന്നു. കോപാക്രാന്തമായ തിടുക്കത്തോടെ മഴ പെയ്തിറങ്ങി. അന്തഃപുരത്തിനോടു ചേര്‍ന്ന പൂന്തോട്ടത്തിലെ മരങ്ങള്‍ മഴവെള്ളത്തില്‍ കുളിച്ചു. മദ്രജ പറഞ്ഞു – ഇതേപോലെയുള്ള യുദ്ധത്തിന്നുശേഷം മഴ പെയ്‌തേ തീരൂ എന്ന് വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ തുടര്‍ച്ചയായി മഴ പെയ്തശേഷം, വിണ്ടുകീറിയ മണ്ണിന്റെ ദാഹം ശമിച്ചശേഷം മേഘങ്ങള്‍, ഗാംഭീര്യത്തോടെ മെല്ലെമെല്ലെ കിഴക്കു ഭാഗത്തേക്കു നീങ്ങിനീങ്ങിപ്പോയി.
യമുന പിറുപിറുത്തു – കാടെങ്ങാനും കണ്ടാല്‍, അവിടെ മഴ സ്വയം വര്‍ഷിക്കും.
അപ്പോള്‍ മദ്രജ പറഞ്ഞു – മേഘങ്ങളെ നോക്കൂ, അവ മഴവെള്ളം നിറഞ്ഞ് വീര്‍ത്തിട്ടുണ്ട്. ആര്യ ചിത്രാംഗദയുടെ നാട്ടിലേക്കാണ് മേഘങ്ങള്‍ പോകുന്നത്. കാലവര്‍ഷത്തിന്റെ ശരിയായ ലക്ഷണം.
മഴ കഴിഞ്ഞശേഷം അഞ്ചു സ്ത്രീകളും ഉത്തരയുടെ അരികിലെത്തി ഇപ്രകാരം പറഞ്ഞു – ”ഇപ്പോള്‍ ഭൂമി തണുത്തു കഴിഞ്ഞു, രാജകുമാരീ, ഞങ്ങള്‍ക്ക് വിട പറയാന്‍ സമയമായി.
നിങ്ങളെന്താണ് പറയുന്നത്?
മദ്രജ സുഭദ്രയെ വിളിക്കാനോടി. അവള്‍ ദ്രൗപദിക്കും ആളയച്ചു. അന്തഃപുരത്തിലൂടെ വാര്‍ത്ത അതിവേഗം സഞ്ചരിച്ചു. ഓരോരുത്തരായി രാജ്ഞിമാര്‍ എത്തിച്ചേര്‍ന്നു. ഉത്തര സുഭദ്രയുടെ സാരിത്തുമ്പില്‍ അള്ളിപ്പിടിച്ചു.
‘അവര്‍ പോവുകയാണ്.’
നിങ്ങള്‍ പോവുകയാണോ?
അതേ ആര്യേ. ഇപ്പോള്‍ ഭൂമി തണുത്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ആ മണ്ണിലൂടെ നടന്നുപോവാം.
ഉത്തര ചോദിച്ചു – നിങ്ങള്‍ എന്തിനാണ് പോകുന്നത്?
ഗോധുമി പറഞ്ഞു – ‘ഞങ്ങള്‍ക്ക് വിവാഹം കഴിക്കണം.’
‘വിവാഹം കഴിക്കുകയോ? പക്ഷേ നിങ്ങള്‍ …?’
കാലാള്‍പടയാളികളായിരുന്നു ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍. യുദ്ധം കഴിഞ്ഞശേഷം ഓരോ സായാഹ്നത്തിലും ഞങ്ങള്‍ അവരുടെ മൃതദേഹങ്ങള്‍ തേടിത്തേടി നടന്നു. ഒടുവില്‍, പതിനെട്ടു ദിവസങ്ങള്‍ക്കു ശേഷം മഹാത്മാ വിദുരരാണ് എല്ലാ കാലാള്‍പടയാളികളേയും ഒരുമിച്ച് ദഹിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയത്… നിരവധി ചിതകളെരിഞ്ഞു; മണ്ണ് വെന്തു പാറയായി, തീച്ചൂട് പടര്‍ന്നു-”
അങ്ങനെയാണ് നിങ്ങളിവിടെയെത്തിയത്, അല്ലേ?
ചുട്ടുപൊള്ളുന്ന മണ്ണിലൂടെ ഞങ്ങള്‍ക്ക് നടക്കാന്‍ കഴിയുമായിരുന്നില്ല. നഗരപ്രാന്തങ്ങളില്‍ മുഴുവനും ഞങ്ങളെപ്പോലെയുള്ള പെണ്ണുങ്ങളായിരുന്നു. ഞങ്ങള്‍ പരിചിത മുഖങ്ങള്‍ തേടിയലഞ്ഞു – ഒടുവില്‍ മദ്രജ ഇവിടെ കൂട്ടിക്കൊണ്ടുവന്നു.

എന്തിനാണ് നിങ്ങള്‍ സ്ഥലം വിടുന്നത്?
അഞ്ചു പെണ്ണുങ്ങളും കൈകൂപ്പി. വിധവയായിക്കഴിഞ്ഞാല്‍ പിന്നീട് ഞങ്ങള്‍ ഭര്‍ത്താവിന്റെ സഹോദരനെ പരിണയിക്കും. ഞങ്ങള്‍ ഉള്‍പ്പെടുന്ന ജനവൃത്തത്തിന്റെ സമുദായാചാരമാണത്.
ചെറുപ്പക്കാരാരെങ്കിലും നാട്ടില്‍ ബാക്കിയായിട്ടുണ്ടോ?
‘അറിയില്ല, പക്ഷേ മഴ പെയ്തുകഴിഞ്ഞു. വയലുകള്‍ ഉഴാതെ കിടക്കുകയാണ്, ഗ്രാമത്തില്‍ ആള്‍പാര്‍പ്പില്ല. ഞങ്ങള്‍ക്ക് പോകണം.’
പൊട്ടിപ്പെണ്ണുങ്ങളേ, നിങ്ങളെ വിവാഹം കഴിക്കാന്‍ ആരാണുള്ളത്?
അറിയില്ല, ആര്യ സുഭദ്രേ; പക്ഷേ ആരെങ്കിലുമുണ്ടാവും. ഭയങ്കരമായ ആപത്തിനുശേഷം സൂര്യനുദിക്കും. ഭീതിദമായ ഈ യുദ്ധത്തിനുശേഷവും. പ്രകൃതി നിശ്ചലമായിട്ടില്ല.
ദ്രൗപദി നെടുവീര്‍പ്പിട്ടു. മുറിയുടെ നിശ്ശബ്ദതയില്‍, നെടുവീര്‍പ്പിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു. എല്ലാ കണ്ണുകളും അത്ഭുതത്തോടെ അഞ്ചു സ്ത്രീകളുടെയും നേരെ തിരിഞ്ഞു.
ആരെങ്കിലും അവരുടെ നേരെ കാര്യമായി ഇതേവരെ നോക്കിയിട്ടുണ്ടോ? ആരും ശ്രദ്ധിക്കാത്ത സാന്നിധ്യം എന്നതിലപ്പുറം മറ്റൊന്നുമായിരുന്നില്ല അവര്‍. എന്നാല്‍ പൊടുന്നനെ ഇപ്പോള്‍ ആ സാന്നിധ്യത്തിനു രൂപമുണ്ടാവുകയും ശ്രദ്ധ ലഭിക്കുകയും ചെയ്തിരിക്കുന്നു.
ഇടതൂര്‍ന്ന തലമുടി വൃത്തിയായി ചീകിയൊതുക്കി, പിന്നില്‍ കെട്ടി പിന്നിയിട്ട്, കറുത്ത തുണി മാറിടത്തിലൂടെ താഴ്ത്തിയിട്ട്, കറുപ്പു വസ്ത്രങ്ങള്‍ കൊണ്ട് അവയവങ്ങള്‍ മൂടി അവര്‍ നിന്നു. ദൃഢപേശികള്‍ തുടിക്കുന്ന കഴുത്തും ചുമലുകളും, കൈകളും വിരലുകളും കാലുകളും കഠിനാധ്വാനത്തിന്റെ അടയാളങ്ങള്‍ വിളിച്ചോതുന്നു.

ഞങ്ങള്‍ പോകുന്നില്ലെങ്കില്‍ വയലുകള്‍ തരിശായിക്കിടക്കും. കന്നുകാലികളെ ശ്രദ്ധിക്കാനാളുണ്ടാവുകയില്ല. മടങ്ങിച്ചെന്നു കഴിഞ്ഞാല്‍ ഞങ്ങള്‍, മരിച്ചവര്‍ക്കു വേണ്ടിയുള്ള അന്ത്യ കര്‍മ്മങ്ങള്‍ ഒരുമിച്ച് ചെയ്തുതീര്‍ക്കും. അതുകഴിഞ്ഞാല്‍ മുതിര്‍ന്ന ആളുകള്‍ വിവാഹത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യും. ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാര്‍ വേണം, കുട്ടികള്‍ വേണം. ഗ്രാമത്തിന്നു കലപില വര്‍ത്തമാനങ്ങളുടെയും ചിരിയുടെയും ശബ്ദം കേള്‍ക്കണം. ഞങ്ങള്‍ … ഞങ്ങള്‍ ജീവിതം സൃഷ്ടിക്കും. പ്രകൃതി ഞങ്ങളെ അതാണ് പഠിപ്പിക്കുന്നത്.
പക്ഷേ…
ആര്യേ, സുഭദ്രേ. ജീവിതം അതും ആവശ്യപ്പെടുന്നുണ്ട്. ആദരണീയരായ മഹാറാണിമാരേ, ജീവിതമുള്ളേടത്തോളം കാലം, ആ ജീവിതം അതിന്റെ പൂര്‍ത്തീകരണവും ആവശ്യപ്പെടുന്നുണ്ട്. ഞങ്ങളുടെ വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നു. അവരെ സ്വന്തം കുടുംബക്കാര്‍ ബഹുമാനിക്കുന്നു. മണ്ണില്‍ കൃഷി ചെയ്തുകൊണ്ട് അവര്‍ ഭര്‍ത്താക്കന്മാരോടൊത്ത് പണി ചെയ്യുന്നു. വിള കൊയ്യുകയും കൂട്ടി വയ്ക്കുകയും ചെയ്യുന്നു. നിശ്ശബ്ദതയുടെ ആവരണമണിഞ്ഞ പ്രേതങ്ങളുടെ നിഴല്‍ രൂപങ്ങള്‍ മാത്രമായി ജീവിക്കുവാന്‍ വേണ്ടി അവരൊരിക്കലും ജീവിതാവശ്യങ്ങള്‍ നിരാകരിക്കാറില്ല. ഒരിക്കല്‍ ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു, ഇപ്പോഴില്ല. കരഞ്ഞതുകൊണ്ട് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയില്ല. പിന്നെ, ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ രാജാവിന്റെ യുദ്ധത്തിലാണ് പൊരുതിയതും മരിച്ചതും. പക്ഷേ അവര്‍ക്ക് ദിവ്യലോകമില്ല. അത് രാജവൃത്തത്തില്‍ പെട്ടവര്‍ക്ക് മാത്രമാണല്ലോ.

”കുട്ടികളേ, ധര്‍മ്മയുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെല്ലാവരും സ്വര്‍ഗ്ഗത്തിലെത്തും.-”
ഇത് ഞങ്ങളുടെ ധര്‍മ്മയുദ്ധമല്ല. സഹോദരന്‍ സഹോദരനെ കൊല്ലുന്നു; അമ്മാവന്‍ മരുമകനെ കൊല്ലുന്നു. ശിഷ്യന്‍ ഗുരുവിനെ കൊല്ലുന്നു. ഇത് നിങ്ങളുടെ ധര്‍മ്മമായിരിക്കാം. പക്ഷേ ഞങ്ങളുടേതല്ല.
വിതസ്ത പുല്ലു മടഞ്ഞുണ്ടാക്കിയ ഒരു കൊട്ട നിറയെ മണ്‍പാവകള്‍ ഉത്തരയുടെ കാലടിക്കീഴില്‍ കൊണ്ടുവച്ചു. അവള്‍ പറഞ്ഞു – കരയരുത് പ്രിയേ, ഭവതിയുടെ കുഞ്ഞ് ഈ പാവകള്‍ കൊണ്ട് കളിച്ചുകൊള്ളും. ഒരിക്കല്‍, എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ധാന്യങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന വയലുകള്‍ക്ക് മീതെ പക്ഷികള്‍ വട്ടമിട്ടു പറക്കുന്നതും ഗ്രാമത്തിലെ അടുക്കളകളിലെ തീയടുപ്പുകളില്‍നിന്നും പുകയുയരുന്നതും കാണാനിടയായാല്‍, ആളുകള്‍ സംഘം ചേര്‍ന്നു പാടുന്നതിന്റെ ശബ്ദം കേള്‍ക്കാനിടയായാല്‍, സ്വയം കരുതിക്കൊള്ളൂ – അതായിരിക്കും ഇവരുടെ ജന്മസ്ഥലം.

അവര്‍ റാണിമാരെ വണങ്ങി. അപ്പോള്‍ മുതിര്‍ന്ന രാജ്ഞിയായ ദ്രൗപദി മുന്നോട്ടുവന്നു. അവരുടെ ശിരസ്സില്‍തൊട്ട് അനുഗ്രഹിച്ചുകൊണ്ട് ദ്രൗപദി പറഞ്ഞു – പൊയ്‌ക്കോളൂ, നിങ്ങളുടെ ജീവിത സാഫല്യത്തിന്നായി പോയ്‌ക്കോളൂ.”
എന്നിട്ടവര്‍ ചോദിച്ചു … നിങ്ങള്‍ ഉത്തരയുടെ കുഞ്ഞിനെ കാണാന്‍ വരില്ലേ?
ഞങ്ങള്‍ തീര്‍ച്ചയായും വരും. ഞങ്ങള്‍ ഇവിടെ, പൂന്തോട്ടത്തിലിരുന്നു കുഞ്ഞിനുവേണ്ടി പാട്ടുകള്‍ പാടും.
അവര്‍ പോകാന്‍ തുനിഞ്ഞു. അപ്പോള്‍ ഇടറിയ ശബ്ദത്തില്‍ ദ്രൗപദി പറഞ്ഞു. ‘നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ, നിത്യജീവിതത്തിന്റെ ലോകത്തിലേക്ക് നിങ്ങള്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കട്ടെ-‘
അഞ്ചു സ്ത്രീകളും പുറത്തേക്കു നടന്നു. ഗോധുമി തിരിഞ്ഞുനോക്കി, എന്നിട്ടു പറഞ്ഞു… ഭവതിക്ക് കുളിക്കുവാന്‍ വെള്ളം കൊണ്ടുവെച്ചിട്ടുണ്ട്-
ഉത്തര പാവകള്‍ നിറച്ചുവെച്ച കൊട്ട കൈയിലെടുത്തു; അപ്പോള്‍ അവള്‍ സ്വയം മനസ്സില്‍ പറഞ്ഞു – നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ടാവട്ടെ.

Categories: Story

Leave a Reply

Your email address will not be published. Required fields are marked *