ചെലവൂര്‍ വേണു

താനൊരു മുഴുവന്‍ സമയ സാഹിത്യകാരനാണ് എന്നായിരുന്നു എസ്.കെ.പൊറ്റെക്കാട്ട് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ അത് പൂര്‍ണ്ണമായും ശരിയായിരുന്നു. മുപ്പതാം വയസ്സില്‍ ബോംബെ ടെക്‌സ്റ്റൈല്‍ കമ്മീഷണര്‍ ഓഫീസിലെ ടൈപ്പിസ്റ്റ് ജോലി രാജിവെച്ച് ഭാരതപര്യടനത്തിനിറങ്ങിയ ശേഷം എസ്.കെ. മറ്റൊരു ഉദ്യോഗത്തിലും പ്രവേശിച്ചിട്ടില്ല. ‘എഴുത്തുകൊണ്ട് ജീവിക്കാം’ എന്ന് അദ്ദേഹം ദൃഢനിശ്ചയമെടുത്തത് എഴുത്തുകാരനെന്ന നിലയില്‍ തന്നിലുള്ള ആത്മവിശ്വാസം കൊണ്ടു തന്നെയായിരുന്നു. ഇന്നത്തെപ്പോലെ പ്രസിദ്ധീകരണ സൗകര്യങ്ങളോ എഴുത്തുകാര്‍ക്ക് ഭേദപ്പെട്ട പ്രതിഫലമോ പ്രശസ്തിയോ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്താണ് ഈ തീരുമാനമെടുത്തതെന്ന് ഓര്‍ക്കുമ്പോഴാണ് ഇതിന്റെ പിന്നിലെ സാഹസികത മനസ്സിലാവുക.

എന്നാല്‍ മുഴുവന്‍ സമയ സാഹിത്യകാരനാവാന്‍ തീരുമാനിച്ചിറങ്ങിയ പൊറ്റെക്കാട്ടിന് സാഹിത്യരചനയ്ക്കുവേണ്ടി വളരെ കുറച്ചു സമയമേ നീക്കിവെക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നതാണ് സത്യം. പൊറ്റെക്കാട്ടിന്റെ ദിനരാത്രങ്ങള അപഹരിച്ചത് മറ്റു പല മേഖലകളുമായിരുന്നു. അതുകൂടി മനസ്സിലാക്കി വേണം പൊറ്റെക്കാട്ടിനെ വിലയിരുത്താന്‍.
വളരെ ചെറുപ്പത്തിലെ പൊറ്റെക്കാട്ട് സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനാകുന്നു. അക്കാലത്തെക്കുറിച്ച് എസ്.കെ, രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

കാലം 1936-1923 : ഖദര്‍ മുണ്ടും ഖദര്‍ ജുബ്ബയും- ഖദര്‍ വേഷ്ടികൊണ്ട് ഒരു ബംഗാളി പുതയും- അങ്ങനെ വേഷം. കോണ്‍ഗ്രസ് ആദര്‍ശങ്ങളില്‍ വിശ്വാസം. (ബ്രിട്ടീഷ് ഇറക്കുമതി ചരക്കായിരുന്നതുകൊണ്ട് പഞ്ചസാരപോലും കുറച്ചുകാലം ഉപേക്ഷിച്ചിരുന്നു.) ദേശീയ സമരങ്ങളോട് അനുഭാവം. ജോലി കോഴിക്കോട്ടെ നാഷണല്‍ ഗുജറാത്തി സ്‌കൂളില്‍. ഇംഗ്ലീഷ്, മലയാളം മാസ്റ്റര്‍. കവിതകളും കഥകളും ലേഖനങ്ങളും പത്ര-വാരിക-മാസികകളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു… അങ്ങനെയൊക്കെയായിരുന്നു എന്റെ അക്കാലത്തെ ജീവിതവ്യാപാരങ്ങള്‍. പി.കൃഷ്ണപിള്ള, ഇ.എം.എസ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നീ ദേശസേവകരുടെ സ്വാധീനത്തില്‍ വെച്ചാണ് ദേശീയബോധം വളര്‍ന്നതും രാഷ്ട്രസിദ്ധാന്തങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം കുറച്ചൊക്കെ നേടിയതും.

(എന്റെ വഴിയമ്പലങ്ങള്‍, പേജ് 43)

തുടര്‍ന്ന് കള്ള്ഷാപ്പ് സമരത്തിലും ഉപ്പുസത്യാഗ്രഹത്തിലുമൊക്കെ ഭാഗഭാക്കായ പൊറ്റെക്കാട്ട് സ്വതന്ത്രഭാരതമെന്ന അണ്ടര്‍ഗ്രൗണ്ട് പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തനങ്ങളിലും മുഴുകുന്നു.

1939ല്‍ ത്രിപുരയില്‍ നടന്ന കോണ്‍ഗസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടാത്തതിനെത്തുടര്‍ന്ന് അധ്യാപകജോലി രാജിവെച്ചു. അത്രയും ശക്തമായിരുന്നു എസ്.കെയുടെ ദേശീയബോധം.

ബോംബെ ജീവിതമാണ് പൊറ്റെക്കാട്ടിനെ ഒരു ഇടതുപക്ഷ ചിന്താധാരയിലേക്ക് നയിക്കുന്നത്. മൂടുപടത്തിലെ അപ്പുക്കുട്ടന്റെ ബോംബെ ജീവിതകാലം യഥാര്‍ത്ഥത്തില്‍ എസ്.കെയുടെ ജീവിതം തന്നെയായിരുന്നു. മൂടുപടത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:

ഇക്കാലം കൊണ്ട് മാനസികമായി അവര്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. അവന്‍ പല ഗ്രന്ഥങ്ങളും വായിച്ചു പഠിച്ചു. പല രാഷ്ട്രമീമാംസകരുടെയും സാഹചര്യം സമ്പാദിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കുകൊണ്ടില്ലെങ്കിലും രാഷ്ട്രീയമായ സംഭവവികാസങ്ങളെക്കുറിച്ചും രാഷ്ട്രീയകക്ഷികളുടെ നിലപാടിനെക്കുറിച്ചും ലക്ഷ്യപ്രാപ്തിക്കായി അവരവലംബിച്ച മാര്‍ഗ്ഗങ്ങളെക്കുറിച്ചും മറ്റും ഉറച്ചു വിമര്‍ശിക്കുവാനുള്ള പഠിപ്പും പ്രാപ്തിയും അവനു കിട്ടിക്കഴിഞ്ഞിരുന്നു. ക്രമേണ അവന്‍ തികച്ചും ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിത്തീര്‍ന്നു. അതിനു കാരണങ്ങളുണ്ടായിരുന്നു.
മറ്റു രാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാര്‍ തങ്ങളുടെ സിദ്ധാന്ത ഭാണ്ഡങ്ങളുമായി വെണ്‍മാടത്തില്‍ കുടികൊള്ളുമ്പോള്‍ ജനസാമാന്യത്തിന്റെ ഇടയിലേക്കിറങ്ങി വന്ന്, അവരുമായി ഇടകലര്‍ന്ന്, മര്‍ദ്ദിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചതും വഴി വിധിച്ചതും കമ്യൂണിസ്റ്റ് കക്ഷിയാണ്- ലക്ഷോപലക്ഷം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും രക്ഷാമാര്‍ഗ്ഗം നിര്‍ദ്ദേശിച്ച്, ആത്മാര്‍ത്ഥമായി അഹോരാത്രം അവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകരുടെ സാഹചര്യം ക്രമേണ അപ്പുക്കുട്ടനില്‍ ചില മാറ്റങ്ങള്‍ വരുത്തി. ലെനിന്റെ ജീവചരിത്രം അവനെ വളരെ മുമ്പു തന്നെ ആകര്‍ഷിച്ച ഗ്രന്ഥമാണ്. റഷ്യന്‍ വിപ്ലവചരിത്രം അവനെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലാളിയും കര്‍ഷകനും തോളോടുതോള്‍ ചേര്‍ന്നു നിന്ന് ഒരു വന്‍കിടശക്തിയായി, തങ്ങളെ ഞെരുക്കിക്കൊണ്ടിരിക്കുന്ന മുതലാളിത്തത്തെ മറിച്ചിട്ടു കുഴിച്ചു മൂടുന്ന കാഴ്ച കാണാന്‍ അവന്‍ കൊതിച്ചു. തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ അവന്‍ പ്രദര്‍ശിപ്പിച്ചു…

(മൂടുപടം പേജ് 130)

1943 ല്‍ ബോംബെയില്‍ നടന്ന പ്രോഗ്രസീവ് റൈറ്റേഴ്‌സ് കോണ്‍ഫ്രന്‍സില്‍ പി.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശപ്രകാരമാണ് എസ്.കെ. പ്രതിനിധിയാകുന്നത്. മുല്‍ക്ക്‌രാജ് ആനന്ദ് തുടങ്ങിയ പുരോഗമന സാഹിത്യകാരന്മാരുമായുള്ള എസ്.കെയുടെ സൗഹൃദം ആരംഭിക്കുന്നതും ഈ സമ്മേളനത്തോടെയാണ്.

ഇ.എം.എസിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാതം വാരികയില്‍, ‘ആലപ്പുഴയിലെ തൊഴിലാളികളോട്,’ ‘ഉണരൂ തൊഴിലാളി വര്‍ഗ്ഗമേ’ തുടങ്ങിയ നിരവധി വിപ്ലവാത്മക കവിതകള്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയ കലാസമിതി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എസ്.കെ, കലാസമിതികളുടെ കേന്ദ്രസംഘടനയായ ‘അഖിലകേരള കേന്ദ്രകലാസമിതി’യുടെ പ്രസിഡന്റായിരുന്നു ദീര്‍ഘകാലം. പവനന്‍, എന്‍.വി.കൃഷ്ണവാര്യര്‍ തുടങ്ങിയവരും ഈ പ്രവര്‍ത്തനത്തില്‍ എസ്.കെയോട് ഒപ്പമുണ്ടായിരുന്നു. 1959ല്‍ കേന്ദ്രകലാസമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടന്ന അഖിലകേരളനാടകോത്സവത്തിന്റെ വിജയത്തിനു പിന്നില്‍ എസ്.കെയുടെ സംഘടനാശേഷിയും പ്രശസ്തിയുമായിരുന്നു മുഖ്യഘടകം.

കേരളസാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി തുടങ്ങിയവയില്‍ ആരംഭം തൊട്ട് മരിക്കുന്നതു വരെ എസ്.കെ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ സജീവമായി പ്രവര്‍ത്തിച്ചു. അന്തരിക്കുമ്പോള്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. എന്നു മാത്രമല്ല; നിയുക്ത പ്രസിഡന്റുമായിരുന്നു.

1962ല്‍ കേരളസാഹിത്യസമിതി രൂപീകരിക്കാന്‍ എസ്.കെയാണ് മുന്‍കയ്യെടുത്തത്. സാഹിത്യസമിതി സംഘടിപ്പിച്ച സാഹിത്യക്യാമ്പുകളില്‍ എസ്.കെ ആദ്യാവസാനക്കാരനായിരുന്നു. തിരൂര്‍ തുഞ്ചന്‍ മഠത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും എസ്.കെ. സജീവമായിരുന്നു.

1957ല്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായി തലശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജിനചന്ദ്ര ഗൗഡരോട് ആയിരത്തോളം വോട്ടുകള്‍ക്ക് തോറ്റെങ്കിലും 1962ല്‍ വീണ്ടും ഇതേ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുകുമാര്‍ അഴീക്കോടിനോട് ഏറ്റുമുട്ടി, അറുപത്തി അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയശ്രീലാളിതനായി.

ബോംബെയിലായിരുന്നപ്പോഴും ഡല്‍ഹിയിലായിരുന്നപ്പോഴും കോഴിക്കോട്ടായിരുന്നപ്പോഴും അതാതിടങ്ങളിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എസ്.കെ ഇടപെട്ടിരുന്നു. ഇതിനൊക്കെ ഇടയില്‍ ദേശാഭിമാനിയില്‍ നിന്നും ടി വി കെ പബ്ലിഷറായി പ്രസിദ്ധീകരിച്ചിരുന്ന പ്രപഞ്ചം വാരികയുടെ പത്രാധിപരായും കുറേക്കാലം സേവനമനുഷ്ഠിച്ചു. (ഒ.വി.വിജയനും യു.എ ഖാദറും ഇക്കാലത്ത് പ്രപഞ്ചത്തിന്റെ സഹപത്രാധിപന്മാരായിരുന്നു.’)
ഇത്രയും സംഭവബഹുലമായ ജീവിതത്തിനിടയിലാണ് പൊറ്റെക്കാട്ട് തന്റെ സാഹിത്യരചന നിര്‍വ്വഹിച്ചത് എന്നത് അദ്ദേഹത്തിന്റെ സാഹിത്യത്തെ വിലയിരുത്തുമ്പോള്‍ പ്രത്യേകം പരിഗണിക്കേണ്ടതാണ്. ‘മുഴുവന്‍ സമയ സാഹിത്യകാരന്‍’ എന്നത് എസ് കെയെ സംബന്ധിച്ചിടത്തോളം ഒരു ‘ഭംഗിവാക്ക്’ മാത്രമായിരുന്നു. മുകളില്‍ വിശദീകരിച്ചവിധം ഇത്രയധികം പൊതുപ്രവര്‍ത്തനങ്ങളില്‍ മുഴുകിയില്ലായിരുന്നുവെങ്കില്‍, അദ്ദേഹം എത്രയോ അധികം മികച്ച രചനകള്‍ ഭാഷയ്ക്ക് നല്‍കുമായിരുന്നു എന്നതില്‍ സംശയമില്ല.

പല കൃതികളും പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് എസ്.കെ. 69-ാമത്തെ വയസ്സില്‍ വിട പറയുന്നത്. തന്റെ മാസ്റ്റര്‍പീസെന്ന് അദ്ദേഹം പറയാറുണ്ടായിരുന്ന ഭാരതപ്പുഴയുടെ മക്കള്‍ അദ്ദേഹത്തിനു പൂര്‍ത്തിയാക്കാനായില്ല. 1943 ല്‍ എസ് കെ എഴുതാന്‍ തീരുമാനിച്ചതാണ് ഈ നോവല്‍. ആ വര്‍ഷം ഫെബ്രുവരി ഒന്നിന് അദ്ദേഹം എഴുതിയ ഡയറിയില്‍ ഇങ്ങനെ കാണുന്നു.
ഭാരതപ്പുഴയെ പശ്ചാത്തലമാക്കിക്കൊണ്ട് ഒരു വലിയ ചരിത്രസാമൂഹിക നോവല്‍ രചിക്കുക. നോവലിന്റെ പേരും മനസ്സില്‍ സങ്കല്പിച്ചു. ഭാരതപ്പുഴയുടെ മക്കള്‍. ഈ നോവലെഴുതാന്‍ വേണ്ടി ഭാരതപ്പുഴയുടെ തീരത്ത് എവിടെയെങ്കിലും നല്ലൊരു സ്ഥലം കണ്ടുപിടിച്ച് അവിടെ ഒരു കുടില്‍കെട്ടി താമസിക്കണം.

ഈ ഡയറിക്കുറിപ്പുകള്‍ 1979 ല്‍ സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്‍ എന്ന പേരില്‍ പുസ്തകമാക്കിയപ്പോള്‍ പേജിന്റെ താഴെ ഒരു ഫുട്ട്‌നോട്ടുണ്ട്.
ജീവിതം ഫലിക്കാത്ത മോഹങ്ങളുടെ ഒരു കലവറയാണ്. ഞാനീ നോവലെഴുതാന്‍ തീരുമാനമെടുത്തിട്ട് ഇപ്പോഴേക്ക് മുപ്പത്തിയാറ് വര്‍ഷം കഴിഞ്ഞു. ഭാരതപ്പുഴയുടെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് ശേഖരിച്ച കുറിപ്പുകള്‍ മൂന്നുനാലു നോട്ടു പുസ്തകങ്ങളില്‍ കിടന്നുറങ്ങുന്നു. ഷൊര്‍ണ്ണൂരില്‍ ഭാരതപ്പുഴയ്ക്കടുത്ത് ഒരു കുന്നിന്‍ചെരുവില്‍ രണ്ടേക്കര്‍ നിലം വാങ്ങിയിട്ടത് ഇന്നും അങ്ങനെതന്നെ കിടക്കുന്നു. ‘ഭാരതപ്പുഴയുടെ മക്കളോ’ പുഴക്കരപ്പുരയോ ഇനിയും പിറന്നിട്ടില്ല.

പാര്‍ലമെന്റ് ജീവിതകാലത്തെ അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിക്കൊണ്ടിരുന്ന നോര്‍ത്ത് അവന്യു എന്ന പൊളിറ്റിക്കല്‍ നോവലും പൂര്‍ത്തിയാക്കിയില്ല. പുതിയ വയനാടിന്റെ പശ്ചാത്തലത്തില്‍ വിഷകന്യകയുടെ രണ്ടാം ഭാഗം- ‘വീരകന്യക’ – എഴുതാനും അദ്ദേഹം പ്ലാനിട്ടിരുന്നു. പക്ഷേ, അതും ഫലപ്രാപ്തിയിലെത്തിയില്ല. 1950ല്‍ നടത്തിയ ലണ്ടന്‍ യാത്രയെക്കുറിച്ചുള്ള പുസ്തകം-ലണ്ടന്‍ നോട്ടുബുക്ക് 1970ലാണ് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത്. അതേ വര്‍ഷം നടത്തിയ കൈറോ കത്തുകള്‍, ഈജിപ്ഷ്യന്‍ യാത്രയെക്കുറിച്ചെഴുതിയ ക്ലിയോപാട്രയുടെ നാട്ടില്‍ ഇരുപത്തേഴ് വര്‍ഷം കഴിഞ്ഞാണ് അച്ചടിക്കുന്നത്. എത്രയോ യാത്രാവിവരണങ്ങള്‍ ഇനിയും എഴുതാന്‍ ബാക്കിയുണ്ടെന്ന് എസ്.കെ പറയാറുണ്ടായിരുന്നു.

ബഹുമുഖ വ്യക്തിത്വമായിരുന്നു പൊറ്റെക്കാട്ടിന്റേത്. ഇത്രയധികം വ്യത്യസ്തമേഖലകളില്‍ വ്യപരിച്ചിരുന്ന മറ്റൊരു എഴുത്തുകാരന്‍ മലയാളത്തിലെന്നല്ല ഇന്ത്യയില്‍ത്തന്നെ അപൂര്‍വ്വമായിരിക്കും.

ഈ തിരക്കിനൊക്കെയിടയില്‍ സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും പരിപാലിച്ചുപോരുന്നതിലും അദ്ദേഹം അതീവശ്രദ്ധാലുവായിരുന്നു. സമകാലീനരായിരുന്ന സാഹിത്യകാരന്മാരേയും യുവ എഴുത്തുകാരേയും അദ്ദേഹം പല വിധത്തിലും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി അനുഭവസ്ഥര്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. സാഹിത്യകാരന്മാര്‍ക്കിടയിലെ ഗ്രൂപ്പുകളിലൊന്നും എസ് കെ ഉണ്ടായിരുന്നില്ല. ആരോടും ശത്രുത പുലര്‍ത്താത്ത പൊറ്റെക്കാട്ടിന് ശത്രുക്കളും കുറവായിരുന്നു.

സ്വന്തം പുസ്തകങ്ങളുടെ റോയല്‍റ്റികൊണ്ടു മാത്രമായിരുന്നു എസ് കെ ലോകം മുഴുവന്‍ സഞ്ചരിച്ചതും രാജകീയമായി ജീവിച്ചിരുന്നതും (അക്കാലത്ത് ഏറ്റവും വില കൂടിയ ‘നേവികട്ട്’ സിഗററ്റായിരുന്നു എസ് കെ പതിവായി വലിച്ചിരുന്നത്) ‘താരപദവിയിലെത്തിയ സാഹിത്യകാരന്‍,’ എന്നാണ് എം ടി വാസുദേവന്‍ നായര്‍ ഒരു ലേഖനത്തില്‍ എസ് കെ യെ വിശേഷിപ്പിച്ചത്.

ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ഭാഷയിലെ നിരൂപകര്‍ എസ് കെയെ അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിച്ചില്ലെന്ന പരാതി പല കോണുകളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. എസ്.കെയുടെ കൃതികളെക്കുറിച്ച് മികച്ചൊരു പഠനം പോലും മലയാളത്തിലിതേവരെ ഉണ്ടായിട്ടില്ല.

Categories: Opinion

Leave a Reply

Your email address will not be published. Required fields are marked *