കല്‍പ്പറ്റ നാരായണന്‍

1982ബാംഗ്ലൂരിലെ ശ്രീ സിദ്ധഗംഗാ ഓഡിറ്റോറിയത്തില്‍ ഗിരീഷ് കസറവള്ളിയുടെ നേതൃത്വത്തിലുള്ള ഒരു സിനിമാസ്വാദന കോഴ്‌സ്, പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും സഹകരിക്കുന്നുണ്ട്. പത്രപ്പരസ്യം കണ്ട് ഞാനും മേലടി ഫിലിം സൊസൈറ്റിയിലെ കുഞ്ഞബ്ദുള്ളയും അപേക്ഷ നല്കി. മേലടി ഫിലിം സൊസൈറ്റി, ഭാര്യവീട്ടില്‍ വരുമ്പോള്‍ എന്റെകൂടി ഫിലിം സൊസൈറ്റിയായി മാറിയിരുന്നു. അന്യനാട്ടുകാരനായ നവവരനു കിട്ടുന്ന നേരിയ ഒരാദരവ്- ഞാനത് പെരുപ്പിച്ചു കണ്ടു. നവവരന്മാരുടെ കണ്ണടച്ചില്ലുകള്‍ ഭൂതക്കണ്ണാടിയുടെ ചില്ലുകളാണല്ലോ- എനിക്ക് തന്നിരുന്നു ‘അവളുടെ’ പരിചയക്കാരും നാട്ടുകാരുമായ ആ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍. വൈകിയെത്തുന്ന എന്നെ സംഘാടകരിലൊരാള്‍ വന്ന് ഹാളിലെ ഇരുട്ടില്‍ ഒഴിഞ്ഞ സീറ്റ് വരെ പിടിച്ചു നടത്തിച്ചു. നാലാളുകളുടെ മുന്നില്‍ അപഹാസ്യനാവാനുള്ള പ്രവണതയുള്ള ഞാന്‍ അവരുടെ കൈ വിടുവിച്ച് ഇരിക്കുന്നവരിലാരുടെയെങ്കിലും മടിയിലിരിക്കുവാന്‍ മറന്നില്ല.

പതിനാലു ദിവസത്തേക്കായിരുന്നു ആ ആസ്വാദനകോഴ്‌സ്. അന്നത്തെ പൂനാ ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി മൂര്‍ത്തി ചെയര്‍മാനും ഗിരീഷ് കസറവള്ളി കണ്‍വീനറുമായ ആ കോഴ്‌സില്‍ പി.കെ. നായര്‍, ജി.വി.അയ്യര്‍ തുടങ്ങി വളരെപ്പേര്‍ ക്ലാസ്സെടുത്തു. ഷോര്‍ട്ട് ഫിലിമുകളുള്‍പ്പെടെ നൂറോളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ലൂമിയര്‍ ബ്രദേഴ്‌സിന്റെ പ്രഥമചിത്രം മുതലുള്ള ശ്രദ്ധേയങ്ങളായ ചിത്രങ്ങള്‍ കാലക്രമം ദീക്ഷിച്ച് അവിടെ പ്രദര്‍ശിപ്പിച്ചു. ഞാന്‍ ശക്തമായി ജീവിച്ച പതിനാലു ദിവസങ്ങളായിരുന്നു അവ. അത്ഭുതലോകത്തിലെ ആലീസിനെപ്പോലെ ഓരോ മിനുട്ടിലും ഞാന്‍ വളര്‍ന്നുകൊണ്ടിരുന്നു. പുറത്തുപോയി അല്പം കഴിഞ്ഞ് മടങ്ങി വന്ന്, അച്ഛാ ഞാനൊരിഞ്ചുകൂടി നീണ്ടു എന്ന് പറയുന്നൊരു സുരേഷുണ്ടായിരുന്നു എന്റെ അയല്‍പക്കത്ത്. സുരേഷിനെക്കാണാനില്ലല്ലോ, എവിടെപ്പോയി എന്ന് ചോദിച്ചാല്‍, അവനിപ്പോള്‍ പുറത്തെവിടെയെങ്കിലും മരങ്ങളില്ലാത്ത സ്ഥലങ്ങളില്‍ പോയിനിന്ന് നീളുകയാവും എന്ന് അവന്റെ അച്ഛന്‍ പറഞ്ഞു. ഓരോ ചലച്ചിത്രം കഴിയുമ്പോഴും എന്നിലെ ചലച്ചിത്രപ്രേക്ഷകന്റെ ഉയരം കൂടി. കോഴ്‌സ് തീര്‍ന്നപ്പോള്‍, എന്റെ കണ്‍പോളകള്‍ തടിച്ചു വീര്‍ത്തു. മടക്കയാത്രയില്‍ ബസ്സിന്റെ അഴികളിലൂടെ കണ്ട ദൃശ്യങ്ങള്‍ ഫ്രെയിമുകളാവാനുള്ള പ്രവണത കാണിച്ചു. ലോകത്തെ ഞാന്‍ ഫ്രെയിമുകള്‍കൊണ്ടളക്കാന്‍ തുടങ്ങി.

മുമ്മൂന്നു സെഷനുകളിലായി ദിവസം മൂന്നുവട്ടം വേഷം മാറി, ‘ഘടശ്രാദ്ധ’ യുടെ സംവിധായകനായ സുന്ദരനായ ഗിരീഷ് കസറവള്ളി. ഇന്ത്യന്‍ പുരുഷന്മാര്‍ അക്കാലത്തണിഞ്ഞിരുന്ന വസ്ത്രരീതികളെല്ലാം ഗിരീഷ് കസറവള്ളി ആ പതിനാലു ദിവസങ്ങളില്‍ പരീക്ഷിച്ചു. പൊതുവേ സിനിമയുമായി ബന്ധപ്പെട്ടവര്‍ വസ്ത്രധാരണത്തില്‍ അമിതമായ ശ്രദ്ധ കാട്ടാറുണ്ട്. വിചിത്രങ്ങളായ വേഷം ധരിക്കാന്‍ അവര്‍ കൂടുതല്‍ തന്റേടം കാട്ടാറുണ്ട്. ‘റിസല്‍ട്ടി’ല്‍ ആയിരുന്നു അവര്‍ക്ക് കൂടുതല്‍ താത്പര്യം. ആഹാര്യശോഭ വലിയൊരു ‘ശോഭാരംഗ’ മാണെന്ന് അവര്‍ അറിയുന്നുണ്ടാവണം. ‘സംവിധായകന്റെ തൊപ്പി’ എന്നല്ലേ പറയുക.

ഗിരീഷ് താഴ്ന്ന സ്വരത്തില്‍, ഒഴുക്കു കുറഞ്ഞ ഇംഗ്ലീഷില്‍ ഞങ്ങളോട് ആമുഖഭാഷണം നടത്തി. ഉദ്ഘാടകനായ മൂര്‍ത്തിയുടെ ഒഴുകുന്ന സംസാരമാണ് എനിക്കിഷ്ടമായത്. ഒരു കാലത്ത് അയാളെപ്പോലെ ഭാഷയില്‍ ഒഴുകുമെന്ന് ഞാന്‍ തീരുമാനിച്ചു. ലൈഫ് ബെല്‍ട്ടുമായി പ്രസംഗവേദിയിലേക്ക് ചാടണം. സംസാരിച്ചു തുടങ്ങിയപ്പോള്‍ എത്ര പെട്ടെന്നാണ് അയാളുടെ സൗന്ദര്യം വര്‍ധിച്ചത്. സിനിമയിലെ പശ്ചാത്തലസംഗീതത്തിന്റെ പ്രസക്തിയെക്കുറിച്ച് അയാള്‍ തന്ന ഉദാഹരണം മനസ്സിലിപ്പോഴുമുണ്ട്. ‘ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്’ ജര്‍മനിയില്‍ പ്രദര്‍ശനസ്വാതന്ത്ര്യം അനുവദിച്ചില്ല ഹിറ്റ്‌ലര്‍. വേണമെങ്കില്‍, പശ്ചാത്തലസംഗീതമുപേക്ഷിച്ച് പ്രദര്‍ശിപ്പിച്ചോട്ടെ എന്നദ്ദേഹം നിര്‍ദേശം നല്കി. പശ്ചാത്തലസംഗീതത്തിന്റെ അഭാവത്തില്‍ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ നിരുപദ്രവമാവുമെന്ന്, അതിലെ ചടുലചലനങ്ങള്‍ അസംബന്ധമാവുമെന്ന്, അതിലെ വിപ്ലവം കോമാളിത്തമാവുമെന്ന്, മൊണ്ടാഷുകള്‍ ദുരൂഹമാവുമെന്ന് ഹിറ്റ്‌ലര്‍ മനസ്സിലാക്കി. മൂര്‍ത്തിയുടെ പ്രസംഗത്തിലുടനീളം ‘ഫഌഷുകള്‍’ മിന്നിക്കൊണ്ടിരുന്നു. അന്നത്തെ റഷ്യയിലെ സെല്ലുലോയ്ഡിനുള്ള ദാരിദ്ര്യം മൊണ്ടാഷിന്റെ കാരണമായി എന്ന വാക്യം പലവിതാനങ്ങളില്‍ ഞാന്‍ കേട്ടു. സമൃദ്ധിയുടെ നാടുകളില്‍ നിന്നല്ല മികച്ച സിനിമകള്‍.

പഥേര്‍ പാഞ്ചലി

തമിഴിലെ ആദ്യത്തെ ന്യൂവേവ് സിനിമ എന്ന് പറയാവുന്ന ‘ഏഴാമത് മനിതന്‍’ സംവിധാനം ചെയ്ത ഹരിഹരന്‍ ‘പഥേര്‍ പാഞ്ചലി’ യെക്കുറിച്ചാണ് സംസാരിച്ചത്. പഥേര്‍ പാഞ്ചലി ഇതിനകം നൂറ്റിനാലുതവണ അദ്ദേഹം കണ്ടുകഴിഞ്ഞു. ഞാന്‍ മുന്നോട്ടേക്ക് കയറിയിരുന്നു. നൂറ്റിയഞ്ചാമത്തെത്തവണയാണ് ഇതാ നിങ്ങള്‍ക്കൊപ്പമിരുന്ന് കാണാന്‍ പോവുന്നത്, ഹരിഹരന്‍ പറഞ്ഞു. മൂന്നോ നാലോ ചലച്ചിത്രങ്ങള്‍ മതിയാവുമല്ലോ ഹരിഹരന് ഒരു ജീവിതകാലത്തേക്ക്, തമിഴ്‌നാട്ടുകാരനായ ക്യാമ്പംഗം എന്റെ ചെകിട്ടില്‍പ്പറഞ്ഞു, തമിഴര്‍ കണ്ടിരിക്കേണ്ട പഥേര്‍ പാഞ്ചലിയുടെ ക്വാട്ട അയാള്‍ ഒറ്റയ്ക്ക് കണ്ടുതീര്‍ക്കാനിടയുണ്ട്, ഞാന്‍ പറഞ്ഞു. തമിഴര്‍ ഇനി പഥേര്‍ പാഞ്ചലി കണ്ടില്ലെങ്കിലും കുഴപ്പമില്ല. പഥേര്‍ പാഞ്ചലിക്ക് നൂറ്റിനാല് വിതാനങ്ങളെങ്കിലുമുണ്ടെന്നത് എന്നെ അമ്പരപ്പിച്ചു. ഓരോ തവണ കണ്ടപ്പോഴും താന്‍ പുതുതായിച്ചിലത് നിരീക്ഷിച്ചുവെന്ന് ഹരിഹരന്‍ പറഞ്ഞു. ഓരോ കാഴ്ചയും അതിന് മുന്‍പുള്ള കാഴ്ചയെ ‘പ്രിവ്യൂ’ ആക്കി. നല്ല ചിത്രങ്ങള്‍ അങ്ങനെയാണ്. ക്രമേണ മാത്രം റിലീസാവുന്ന ചലച്ചിത്രങ്ങളുണ്ടാവും അതിനകത്ത്. പഥേര്‍ പാഞ്ചലി പിന്നീടോരോ തവണ കണ്ടപ്പോഴും ഞാന്‍ ഹരിഹരനെ ഓര്‍ത്തു. അപ്പു മുറ്റത്തിറങ്ങി, മുകളില്‍ മഴമേഘങ്ങളിലേക്ക് നോക്കി, മടങ്ങിയകത്തുപോയി ആ കാലന്‍ കുടയുമെടുത്ത് ഇറങ്ങിവരുന്നതിലെ വലിയ സങ്കടം ഞാനറിഞ്ഞത് രണ്ടാം തവണ കണ്ടപ്പോഴാണ്. അപ്പു, ദുര്‍ഗ മോഷ്ടിച്ച് സൂക്ഷിച്ചുവെച്ച മുത്തുമാല കുളത്തിലേക്കെറിയുന്നത്, തന്റെ മാര്‍ഗദര്‍ശിനിയായിരുന്ന കുഞ്ഞേട്ടത്തി കള്ളിയാണെന്നാരുമറിയരുത് എന്ന അവന്റെ ഇച്ഛ പൂരിപ്പിച്ചുകൊണ്ട് കുളത്തിലെ പായല്‍ നൊടിനേരം കൊണ്ട് കൂടിച്ചേരുന്നത് പിന്നീടാണ് വ്യാപ്തിയോടെ കാണുന്നത്. ആ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും കക്കുകയോ കളവുപറയുകയോ ചെയ്യുന്നുണ്ട് എന്ന് കണ്ടെത്തിയത് അതിലും പിന്നെയാണ്. കളവിന് നേരിനെക്കാള്‍ വ്യാപ്തിയും ചിലപ്പോള്‍ നന്മയുമുണ്ടെന്ന്, മനുഷ്യത്വമുണ്ടെന്ന് അറിയുന്നതിലെ സങ്കടം അറിഞ്ഞത്. പ്രതിപാദനത്തിലെ സൂക്ഷ്മതകള്‍ എത്ര കണ്ടിട്ടും പഴകിയില്ല. ദുര്‍ഗ മരിച്ചതറിയാതെ, അവളെക്കുറിച്ച് ആരാഞ്ഞു കൊണ്ടിരുന്ന ഹരിക്ക് മറുപടി കൊടുത്തത് രവിശങ്കറിന്റെ സിത്താറാണ്. അത്രയും ദുഷ്‌കരമായ മറുപടികള്‍ കൊടുക്കുവാന്‍ സംഗീതത്തിനല്ലാതെ ആവുമോ?

ഞാന്‍ കണ്ട ഏറ്റവും സംഭവബഹുലവും വിസ്തൃതവുമായ ഇരുപതുമിനുട്ട് ‘ഇന്‍സിഡന്റ് അറ്റ് ഓള്‍ ക്രീക്ക്’ എന്ന സിനിമ കണ്ടു കൊണ്ടിരുന്ന ഇരുപതു മിനുട്ടായിരുന്നു. ആ സിനിമയ്ക്കാസ്പദമായ ചെറുകഥയില്‍ ട്രിഗറില്‍ വിരലമര്‍ത്തുന്നതിനും വെടിയുണ്ട മാറില്‍ തറച്ചു കയറുന്നതിനും ഇടയിലുള്ള നൊടിനേരം ഏതാനും പേജുകള്‍ വരും (പലതവണ വെടികൊണ്ട് പരിചയമുള്ള റൊണാള്‍ഡ് റെയ്ഗന്‍ വെടിയുണ്ട വേദനിപ്പിക്കുകയില്ലെന്ന് പറഞ്ഞതായി മേതില്‍ രാധാകൃഷ്ണന്‍ എടുത്തു പറയുന്നു. വെടിയുണ്ട വേദന വഴി ഒരു മണ്ടനെപ്പോലെ ചുറ്റിത്തിരിഞ്ഞല്ല മരണത്തിലെത്തുക. വേദന തുടങ്ങും മുന്‍പത് മരണത്തിലെത്തും.

റാഷമോണ്‍

ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മാത്രമാണ്, കാഴ്ചക്കാരെ അവഗണിച്ചു എന്ന തോന്നലുണ്ടാകാതിരിക്കാനാവാം വെടികൊണ്ടശേഷം ഏറെ നേരം പിടയുന്നത്). മുഴുവന്‍ മനുഷ്യജന്മത്തോളം വലിയ ഒരു നിമിഷമായിരുന്നു അത്. ആ പലമാനങ്ങളുള്ള വലുപ്പം ചെറുകഥ ശരിക്കുമുള്‍ക്കൊണ്ടു. സിനിമയിലത് പട്ടാള ഓഫീസറുടെ ഉത്തരവിനും അതിന്റെ നിറവേറലിനും ഇടയിലുള്ള ഒരു ‘വമ്പിച്ച’ നിമിഷത്തിന്റെ കഥയാണ്. ജീവിതത്തിനോടുള്ള ആഗ്രഹം ഇതിലും മികവോടെ ആവിഷ്‌കരിച്ചു കണ്ടിട്ടില്ല ഞാനൊരു കലാരൂപത്തിലും.
അന്നു കണ്ട ചലച്ചിത്രങ്ങളില്‍ ‘റാഷമോണ്‍’ പിന്നീടെന്നെ വിട്ടൊഴിഞ്ഞില്ല. ബന്ധിതനായ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വെച്ച് തന്നെ പ്രാപിക്കാന്‍ തുടങ്ങിയ കൊള്ളക്കാരനെ ചെറുത്തുനിന്ന കൈകള്‍, അവന്‍ ചുംബിക്കെ, ഊഹിക്കാനാകാത്ത ഒരു പരിണാമത്തില്‍ അവനെ തഴുകാന്‍ തുടങ്ങിയത് എന്നെ ഏകാകിയാക്കി. ആദ്യം ചെറുത്തുനിന്ന അവളുടെ ഉടല്‍ ബലാത്കാരം ചെയ്യുന്ന താജുമാരോയില്‍ വാത്സല്യവും നൊമ്പരവും ആനന്ദവും കൂടിക്കുഴഞ്ഞ ഒരു വേവലാതിയില്‍ മുഴുകാന്‍ തുടങ്ങിയത്, അപ്പോളവളുടെ കവിള്‍ത്തിളക്കവും സൗന്ദര്യവും വര്‍ധിക്കുന്നത് ആ നിസ്സഹായനായ ഭര്‍ത്താവിന്റെ കണ്ണുകളിലൂടെ ഞാന്‍ കണ്ടു.

ഇത്ര സൗന്ദര്യത്തോടെ ഞാനവളെ മുന്‍പൊരിക്കലും കണ്ടിട്ടില്ല. ആ കെട്ടിയിടപ്പെട്ട ഭര്‍ത്താവ് ഭര്‍ത്താവിന്റെ ഒരനശ്വരശില്പം പോലെ തോന്നിച്ചു. അവളുടെ ഭര്‍ത്താവ് അപ്പോഴത്തെ അവളെക്കുറിച്ച് പറഞ്ഞു. പാപത്തിന്റെ മാരകമായ അഴക് ഞാന്‍ ‘നേരില്‍’ കണ്ടു. പാപം അതിസ്വാദുള്ളതാക്കിയ രതികൊണ്ട് കുഴങ്ങിയ ആ അതിസുന്ദരി എന്നെ വളരെക്കാലം അലട്ടി. ആ നാലുപേരുടെ ‘മൊഴികളുടെ’ സൂക്ഷ്മ വ്യതിയാനങ്ങള്‍ അതിലേറെ എന്നെ കുഴക്കി. എത്ര ദയനീയമായി ഓരോരുത്തരും അവനവനെ ന്യായീകരിക്കുന്നു! ലോലമായ അസ്തിവാരമുള്ള എന്റെ മന്ദിരം ഏതോ പ്രളയക്കാറില്‍ കിടിലം കൊണ്ടു. സമീപകാലത്ത് ആന്റിക്രൈസ്റ്റ് കണ്ടപ്പോള്‍ റാഷമോണിലെ നായികയെ ഞാന്‍ പിന്‍തുടര്‍ന്ന ആ കഠിനമായ ഇടനാഴിയില്‍ വീണ്ടും ഞാനെത്തി. വീണ്ടും ആദിമമായ ആ വനം! രതിയില്‍ മുഴുകിയ ആ അമ്മയ്ക്ക്, തന്റെ കുഞ്ഞ് ജനല്‍വഴി മരണത്തിലേക്ക് വീഴാന്‍ തുടങ്ങുന്നത് കാണാമായിരുന്നു എങ്കിലും ആ ‘ഒടുക്കത്തെ’ ആനന്ദം വിട്ട് എണീക്കാനായില്ല. നൊടിനേരത്തെ ആ ഭയങ്കരമായ കണ്‍ഫ്യൂഷന്‍ അവള്‍ക്കു നല്കിയ കഠിനജന്മത്തെക്കുറിച്ചായിരുന്നു ആ സിനിമ. അങ്ങേയറ്റം പാപപൂര്‍ണമായ രതിയാണ് ഏറ്റവും തീവ്രമായ രതി എന്നതിന്റെ ധ്വനിയെന്താണ്? പാടില്ലായിരുന്നു, പാടില്ലായിരുന്നു എന്ന് നിമിഷം തോറും വേവിക്കുന്ന രതി? ഏറ്റവും അസന്തുഷ്ടിയില്‍ അവസാനിക്കുന്നു വലിയ സന്തുഷ്ടിയെന്നതിന്റെ പൊരുളെന്താണ്?
എന്റെ ഓര്‍മയില്‍മാത്രം പ്രിന്റവശേഷിക്കുന്ന ഒരു ചലച്ചിത്രവും ഞാനവിടെക്കണ്ടു. പട്ടാഭിരാമറെഡ്ഡി സംവിധാനം ചെയ്ത ‘ശൃംഗാരമാസ’ എന്ന കന്നടച്ചിത്രം. ‘ഞാന്‍ ഗന്ധര്‍വനി’ല്‍ പത്മരാജന്‍ ഉന്നം വെച്ച പ്രണയത്തിന്റെ സൗന്ദര്യം ഈ ചലച്ചിത്രം സാക്ഷാത്കരിച്ചിരുന്നു എന്നെനിക്കു തോന്നി. പ്രണയം ആറു ഋതുക്കളിലൂടെ ക്രമേണ പൂര്‍ണമാവുന്നതിന്റെ ആ നയനമോഹനമായ ചലച്ചിത്രം സെന്‍സര്‍ബോര്‍ഡ് നഷ്ടപ്പെടുത്തി. സെന്‍സര്‍ബോര്‍ഡിനോട് ക്ഷമിക്കാമോ?
മറ്റൊരാളുടെ കൈവശവും ഇല്ലാത്ത സ്വകാര്യമായ പ്രിന്റുകള്‍ നല്ല സിനിമയ്ക്കുണ്ടെന്ന് ഓരോ ഫിലിം ഫെസ്റ്റിവലുകളും എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. ആരു കണ്ടാലും എനിക്കുള്ളത് അവശേഷിക്കുമെന്നും.

(ദൃശ്യതാളം)

Tags:
Categories: film

Leave a Reply

Your email address will not be published. Required fields are marked *