സിവിക് ചന്ദ്രന്‍

കേരളം ശ്രദ്ധിക്കാതെപോയ ആത്മകഥയാണ് എം.എ.ജോണിന്റെ ജീവിത പാഠങ്ങള്‍. തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം വാരികയില്‍ 2003-2005 കാലത്ത് 31 അധ്യായങ്ങളായാണത് പ്രസിദ്ധീകരിക്കപ്പെട്ടത്. ജീവിതത്തിന്റെ പകുതിപോലും പരാമര്‍ശിക്കപ്പെട്ടില്ലെങ്കിലും (പ്രത്യേകിച്ചും പരിവര്‍ത്തനവാദിക്കാലം; എം.എ.ജോണ്‍ നമ്മെ നയിക്കുമെന്ന് ചുമരായ ചുമരുകളിലെല്ലാം മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലം) കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെങ്കിലും സ്വന്തം ചരിത്രമറിയാന്‍ പ്രസിദ്ധീകരിക്കപ്പെട്ട അത്രയും ഭാഗങ്ങള്‍ വായിക്കേണ്ടതായിരുന്നു.
കെ.എസ്.യുവിന്റെ സ്ഥാപകരിലൊരാള്‍, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി അംഗം, അഖിലേന്ത്യാടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി അംഗം, കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചയാള്‍, പരിവര്‍ത്തനവാദികളുടെ ജീവാത്മാവും പരമാത്മാവും, 70-75 കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന നിര്‍ണയം വാരികയുടെ പത്രാധിപര്‍, ഒടുവില്‍ പ്രകൃതിജീവനത്തിന്റേയും ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റേയും പ്രമുഖ വക്താവ് – ഇത്രയെങ്കിലുമൊക്കെയായിരുന്നു എം.എ.ജോണ്‍.

വിമോചനസമരത്തിന്റെ, അതിന്റെ അവിശുദ്ധികളുടെ, ഒരണ സമരത്തിന്റെ, കമ്യൂണിസ്റ്റ് വിരുദ്ധതയുടെ വിദ്യാര്‍ഥി സംഘടനയായിരുന്നു കെ.എസ്.യു – ആണോ? അന്നത്തെ വിദ്യാര്‍ഥി ഫെഡറേഷന്റെ (കമ്യൂണിസ്റ്റുകാരുടെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍-ഇന്നത്തെ എസ്.എഫ്.ഐയും എ ഐ എസ്എഫും) ആണ്‍ഹുങ്കിന് എതിരെയാണ് കെ എസ് യു രൂപപ്പെട്ടതെന്നത് ശരി. പാവാട കെ എസ് യു എന്നാണ് എസ് എഫുകാര്‍ ഇവരെ പരിഹസിച്ചിരുന്നത്. 1957 ഫെബ്രുവരിയിലാണ് ആലപ്പുഴയില്‍ വെച്ച് ജോര്‍ജ് തരകന്‍ പ്രസിഡണ്ടും വയലാര്‍ രവി സെക്രട്ടറിയുമായി കെ.എസ്.യു രൂപീകൃതമാകുന്നത്.  കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തും മുമ്പേ, ഒരണ സമരത്തിനു മുമ്പേ, വിമോചന സമരത്തിനും മുമ്പേ… ജി.ശങ്കരക്കുറുപ്പ്, എം.പി.മന്മഥന്‍, കേശവദേവ്, ജോസഫ് പുലിക്കുന്നേല്‍, കെ.ബാലകൃഷ്ണന്‍ തുടങ്ങിയവരൊക്കെ കെ.എസ്.യു വേദികളിലെ പ്രഭാഷകര്‍. വിമോചന സമരത്തിനടക്കം കെ.എസ്.യുവിനെ ഒരുക്കിയ കുറുവിലങ്ങാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ ജയപ്രകാശ് നാരായണന്‍. വയലാര്‍ രവിക്കും ജോര്‍ജ് തരകനും എം.എ ജോണിനും പുറമേ പി.കെ.കുര്യാക്കോസും എ.എ.സമദും സി.കെ തങ്കപ്പനും ആയിരുന്നു കെഎസ്‌യുവിന്റെ സ്ഥാപക നേതാക്കള്‍.
അപ്പോള്‍ എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും? അവരെ ആദ്യം കണ്ട കഥ ജോണ്‍ ഇങ്ങനെ ഓര്‍ക്കുന്നു: 1958 ഒരണ സമരത്തിന്റെ കാലം. ഐസക് അറക്കലിനൊപ്പം പുതുപ്പള്ളി സ്‌കൂള്‍ ലീഡറായിരുന്ന ശിവരാമനെ കാണാന്‍ വേണ്ടി എത്തിയതാണ്. വീടന്വേഷിച്ചു നടക്കുമ്പോള്‍ റോഡുവക്കില്‍ ഇളംനീല ഷര്‍ട്ടിട്ട, നിക്കറിട്ടിട്ടുണ്ടെങ്കിലും ഷര്‍ട്ടിന്റെ ഇറക്കക്കൂടുതല്‍ കൊണ്ട് കാണാനില്ലാതിരുന്ന ഒരു വിദ്യാര്‍ത്ഥി വീട് കാണിക്കാന്‍ കൂടെ വരുന്നു. അപ്പോഴാണ് ആ പയ്യനെ പരിചയപ്പെടുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സമരസമിതി ഓഫീസിലേക്ക് ക്ഷണിച്ചു. അങ്ങനെ ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് കാലമാരംഭിക്കുന്നു.
1961 ല്‍ മഹാരാജാസില്‍ പഠിക്കുമ്പോള്‍ മാത്രമാണ് എ.കെ.ആന്റണി കെ.എസ്.യുവില്‍ സജീവമാകുന്നത്. കെ എസ് യു വിന്റെ കുറുവിലങ്ങാട് ക്യാമ്പിന്റെ ഓര്‍മകളിലിങ്ങനെ കാണാം: ക്യാമ്പില്‍ അച്ചടക്ക ലംഘനത്തിന് ഒരാളെ വിളിച്ച് താക്കീത് ചെയ്യേണ്ട ആവശ്യം ഒരു തവണ മാത്രമേ എനിക്കുണ്ടായുള്ളു. സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ വളരെ അപ്രസക്തവും രഹസ്യ പ്ലാനുമുള്ള ഒരു ചോദ്യം ഒരു കൊച്ചു പയ്യന്‍ ചോദിച്ചത് ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചേര്‍ത്തല സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന എ.കെ.ആന്റണി ആയിരുന്നു ആ വിദ്യാര്‍ത്ഥി. ഇനി മേലില്‍ ഈ സ്വഭാവം ക്യാമ്പില്‍ ആവര്‍ത്തിച്ചാല്‍ പുറത്തു പോകേണ്ടിവരുമെന്ന് സ്‌നേഹപൂര്‍വ്വം ഞാനാ കുട്ടിയുടെ ചെവിയില്‍ പറഞ്ഞു. പിടിക്കപ്പെട്ടതിന്റെ സംഭ്രമവുമായി മേലില്‍ ഒരിക്കലും അങ്ങനെ ഉണ്ടാകില്ലെന്ന് ഉറപ്പു തന്ന് നടന്നകലുന്ന ആ കുട്ടിയുടെ ചിത്രം വ്യക്തമായി ഞാന്‍ ഓര്‍മിക്കുന്നുണ്ട്.

വിമോചന സമരത്തിലുമുണ്ടായിരുന്നു കെ.എസ്.യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും എങ്കിലും സമുദായ നേതാവ് എന്ന നിലയില്‍ മന്നത്ത് പത്മനാഭനുമായവര്‍ വേദി പങ്കിടാന്‍ വിസമ്മതിച്ചു. വിമോചനസമരത്തിനു ശേഷംനടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനൊപ്പം മത്സരിക്കുന്നതിനെതിരെ ഒരു മാസം നീണ്ടുനില്ക്കുന്ന സംസ്ഥാന ജാഥ തന്നെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വയലാര്‍ രവിയുടേയും എം.എ.ജോണിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്നാണ് ചത്ത കുതിരയെന്ന് മുസ്ലിംലീഗിനെ ജവഹര്‍ലാല്‍ നെഹ്‌റു വിളിച്ചത്. പിന്നീട് കേരളാകോണ്‍ഗ്രസിനൊത്ത് ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതിനും മത്സരിക്കുന്നതിനുമെതിരെ ഈ യുവതുര്‍ക്കികള്‍ ധീരമായ നിലപാടെടുത്തു. മതത്തിനും വര്‍ഗ്ഗീയതക്കുമെതിരായ, ഇവ രണ്ടും രാഷ്ട്രീയത്തിലിടപെടുന്നതിനെതിരായ പരിവര്‍ത്തനവാദികളുടെ നിലപാട് ഇങ്ങനെയാണ് രൂപപ്പെടുന്നത്. കോണ്‍ഗ്രസിലെ റാഡിക്കല്‍-സോഷ്യലിസ്റ്റ് ഫോറങ്ങളുടെ തുടര്‍ച്ചയായാണല്ലോ പരിവര്‍ത്തവാദികള്‍ സംഘടിതരാവുന്നത്. അവരുടെ മുദ്രാവാക്യങ്ങളിലൊന്ന് പരിവര്‍ത്തനം കോണ്‍ഗ്രസിലൂടെ മാത്രം എന്നുമായിരുന്നല്ലോ. കോണ്‍ഗ്രസിലെ ആദര്‍ശവാദത്തിന്റെ ധാര ഇങ്ങനെയാണ് വികസിച്ചത്. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സമ്പൂര്‍ണ വിപ്ലവവും കേരളത്തില്‍ കെ.വേണുവിന്റെ നേതൃത്വത്തിലുള്ള നക്‌സലൈറ്റ് പ്രസ്ഥാനവും സജീവമായിരുന്ന ദശകം കൂടെയായിരുന്നു എഴുപതുകള്‍.

എം.എ.ജോണ്‍

എം.എ.ജോണ്‍ നമ്മെ നയിക്കുമെന്ന്
എഴുപതുകളില്‍ മലയാളിയുവത്വം ആഗ്രഹിച്ചിരുന്നു!

ടി.ഒ.ബാവക്കെതിരായാണ് എം.എ.ജോണ്‍ കെ.പി.സി.സി.പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ജോണിന്റെ പേര് നിര്‍ദ്ദേശിച്ചത് വയലാര്‍ രവി. ഉമ്മന്‍ചാണ്ടി, എം.എം.ഹസ്സന്‍, പി.സി.ചാക്കോ, എന്‍.പി.മൊയ്തീന്‍ തുടങ്ങിയവരെല്ലാം അന്ന് ജോണിനെ പിന്തുണച്ചു. ചെറുപ്പക്കാരില്‍ എ.കെ.ആന്റണി മാത്രമാണ് ബാവയെ അനുകൂലിച്ചത്. ചുമ്മാതല്ല ഇങ്ങനെയെല്ലാം കഥകളുണ്ടായത്: കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള ആനവണ്ടിയില്‍ എം.എ.ജോണുമുണ്ട്. നല്ല തിരക്കുണ്ട്. മറ്റേറെ പേരോടൊപ്പം ജോണും കൈയുയര്‍ത്തി കമ്പിയില്‍ പിടിച്ചു നില്‍ക്കുകയാണ്. മെല്ലെ തിരക്കൊഴിയുന്നു. ജോണൊഴിച്ച് എല്ലാവരും ഇരുന്നുകഴിഞ്ഞു. ജോണിനിരിക്കാന്‍ ഒട്ടും ധൃതിയില്ല. അടുത്ത സ്റ്റോപ്പില്‍ ജോണിന്റെ തൊട്ടുമുമ്പിലെ സീറ്റില്‍ നിന്നൊരാള്‍ എഴുന്നേല്‍ക്കുന്നു. ഇരിക്കാനായി മെല്ലെ ഒരുങ്ങുമ്പോഴേക്കും പെട്ടെന്ന് പിന്നില്‍ നിന്നൊരു പയ്യന്‍ ജോണിനെ മറികടന്ന് ആ സീറ്റിലിരിക്കുന്നു. സാരമില്ല, ഇനിയും ആളിറങ്ങുമല്ലോ എന്ന് ആശ്വസിക്കുമ്പോള്‍ പയ്യന്‍ ‘ആക്കിയ’ പോലെ ജോണിനെ നോക്കിയൊന്ന് ചിരിക്കുന്നു. ആ ചിരി ജോണിനിഷ്ടമായില്ല. അല്പം മുന്നോട്ടാഞ്ഞ് ജോണ്‍ പയ്യന്റെ ചെവിയില്‍ പറയുന്നു: എടാ ചെറുക്കാ, നീയിപ്പോള്‍ എന്നെ മറികടക്കാനെടുത്ത സ്പീഡുണ്ടല്ലോ, ആ വേഗതയുടെ നാലിലൊന്ന് എടുത്തിരുന്നെങ്കില്‍ ഞാനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാ…

എം.എ ജോണിന്റെ ആറ് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതത്തിലൂടെ ചുമ്മാ ഒന്നോടിച്ചു കടന്നു പോകുന്ന ആരും ആ ആത്മവിശ്വാസം തലകുലുക്കി സമ്മതിക്കുക തന്നെ ചെയ്യും. പത്രം വാരികയുടെ പഴയ ലക്കങ്ങള്‍ കോപ്പിയെടുത്ത് ബൈന്റ് ചെയ്‌തെത്തിച്ചു തന്ന ജോണിന്റെ മകള്‍ ജയശ്രീക്ക് നന്ദി.
ജോണിനെക്കുറിച്ച് കൂടുതലറിയാന്‍ ഒരൊറ്റ പുസ്തകമേ കിട്ടാനുള്ളു. ‘എന്തുകൊണ്ട് എം.എ.ജോണ്‍’ എന്ന, എം.പി.മത്തായി എഡിറ്റ് ചെയ്ത ലേഖന സമാഹാരമാണത്. വയലാര്‍ രവി, കെ ടി തോമസ്, പി സി ചാക്കോ, ജോസഫ് പുലിക്കുന്നേല്‍, എം.എ.കുട്ടപ്പന്‍, എം.ജി.എസ് നാരായണന്‍, പി.രാജന്‍, എം.ഗംഗാധരന്‍, പി.എ.മത്തായി, വി.രാമചന്ദ്രന്‍, പി.എം രാധാകൃഷ്ണന്‍, എ.കെ.രവീന്ദ്രന്‍, ജേക്കബ് വടക്കഞ്ചേരി, എം.പി.
മത്തായി തുടങ്ങിയവരോടൊപ്പം മക്കള്‍ ജയശ്രീയും ജയന്തിയും ഈ ലേഖകനും ആ സമാഹാരത്തിലെഴുതിയിരിക്കുന്നു. പ്രസാധകര്‍: നേച്ചര്‍ ലൈഫ് ബുക്‌സ്, മാലിപ്പുറം, കൊച്ചി.

Categories: Patabhedam

Leave a Reply

Your email address will not be published. Required fields are marked *