കോവിഡ് 19 രാജ്യത്തിലെ സമസ്ത മേഖലയെയും സ്തംഭിപ്പിക്കുകയും ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണല്ലോ. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കുടിയേറ്റ തൊഴിലാളികളെയും ഗ്രാമീണ മേഖലയെയും പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യ മേഖലയിലെ പൊതുനിക്ഷേപം കുറഞ്ഞ രാജ്യമെന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ജനങ്ങളില്‍ രോഗനിര്‍ണ്ണയ പരിശോധന നടത്താനോ ആവശ്യമായ ഐസിയു ബെഡുകള്‍ ഏര്‍പ്പെടുത്താനോ രാജ്യത്തിന് കഴിഞ്ഞിട്ടില്ല.
രാജ്യത്തിന്റെ വിഭവ വിനിയോഗത്തിലെ അസമത്വത്തെ കൂടുതല്‍ വെളിപ്പെടുത്തുന്ന സംഭവമായി ഈ ദുരിതകാലത്തെ കാണാവുന്നതാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഭക്ഷണം, ആരോഗ്യം, പാരിസ്ഥിതിക സുരക്ഷ എന്നിവ പൗരന്മാരുടെ മൗലികാവകാശമാക്കുക എന്നൊരു കാമ്പെയ്ന്‍ ദേശീയ തലത്തില്‍ ആരംഭിക്കുകയാണ്
ഭരണഘടനയുടെ നാലാമധ്യായത്തില്‍ ഭക്ഷണം, ആരോഗ്യം, പരിസ്ഥിതി എന്നിവ സംബന്ധിച്ച സ്‌റ്റേറ്റ് പോളിസി നിര്‍ദ്ദേശക തത്വമെന്ന നിലയിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ജീവിക്കാനുള്ള അവകാശം മൗലികമാണെന്ന് അംഗീകരിക്കുമ്പോള്‍, അത് കേവലം ജീവന്‍ നിലനിര്‍ത്തുക എന്നതിലേക്ക് മാത്രമായി ചുരുങ്ങുകയാണ്.
ഭക്ഷണം, ശുദ്ധജലം, ആരോഗ്യ സുരക്ഷ, പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പുവരുത്താതെ ജീവിക്കാനുള്ള അവകാശം മൗലികമായി പ്രഖ്യാപിക്കുന്നതില്‍ പുതിയ കാലത്ത് അര്‍ത്ഥമില്ല.
അതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷ, ജലസുരക്ഷ, ആരോഗ്യ സുരക്ഷ, പരിസ്ഥിതി സുരക്ഷ എന്നിവ പൗരന്മാരുടെ മൗലികാവകാശമായി ഭരണഘടനയില്‍ രേഖപ്പെടുത്തുകയും അവ ഉറപ്പുവരുത്താനുള്ള ബാദ്ധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്.
മേല്‍പ്പറഞ്ഞ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി എല്ലാ സര്‍ക്കാരുകളും (കേന്ദ്ര-സംസ്ഥാന) അവരവരുടെ ബജറ്റിന്റെ 30% ഈ മേഖലകളിലേക്കായി നീക്കിവെക്കേണ്ടതാണ്.
പകര്‍ച്ചവ്യാധി, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ ഗുരുതരമായ പ്രതിസന്ധികള്‍ ഭാവിയിലും കടന്നുവരാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ട് സാമാന്യ ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള കാമ്പെയ്ന്‍ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് കൈക്കൊള്ളേണ്ടതുണ്ട്.
ബിനായക് സെന്‍

Categories: Opinion