സംഭാഷണം:  ശിവദാസ് പൊയില്‍ക്കാവ്

കോഴിക്കോട് ടീച്ചേഴ്‌സ് തിയറ്റര്‍ ലോകത്തെവിടെയുമുള്ള മലയാളികളായ കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ നാടക രചന ശില്പശാല നടത്തുന്നു. ശില്പശാലയെ തുടര്‍ന്ന് കുട്ടികളുടെ നാടക രചനയ്ക്കുള്ള പുരസ്‌കാരവും ടീച്ചേഴ്‌സ് തിയറ്റര്‍ നല്കുന്നുണ്ട്.

ശിവദാസ് പൊയില്‍ക്കാവ്, രമേശ് കാവില്‍, ഹരി നന്മണ്ട എന്നിവരാണ് ശില്പശാലയുടെ ഡയറക്ടര്‍മാര്‍.

കുട്ടികളുടെ നാടക രംഗത്തെപ്പറ്റി  നാടക പ്രവര്‍ത്തകനും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനുമായ ശിവദാസ് പൊയില്‍ക്കാവ് സംസാരിക്കുന്നു.

കുട്ടിക്കാലത്ത് കര്‍ട്ടനുണ്ടാക്കി ഉയര്‍ത്തിയും താഴ്ത്തിയും കളിക്കുമായിരുന്നു. പഴയോലകള്‍ ചേര്‍ത്ത് പറമ്പില്‍ കളി വീടുണ്ടാക്കി അമ്മയുടെ പഴയ സാരിയും കൊളുത്തുകളും കയറും വെച്ച് കര്‍ട്ടനുണ്ടാക്കും. ഉള്ളിലെ തിയറ്റര്‍ അതിനിടയിലെവിടെയോ വികസിച്ചു.

ഒരധ്യാപകനായി മാറിയതോടെ എന്റെ ‘കുട്ടിക്കളി’യിലെ അരങ്ങിലേക്ക് ഞാനവരില്‍ ചിലരെ എടുത്തു കൊണ്ടു പോകുന്നു. ഏറ്റവും പുതിയതു പോലും അവര്‍ നമുക്ക് പറഞ്ഞു തരും. ഏറ്റവും ചെറുതായിരിക്കാനും പുതുതായിരിക്കാനും ഞാന്‍ കുട്ടികളുടെ അരങ്ങില്‍ നില്‍ക്കുന്നു.

പ്രൈമറി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അഭിനയിച്ച നാടകങ്ങളില്‍ ഒന്നു പോലും എന്റെ മനസ്സിലില്ല. വലിയവരുടെ നാടകങ്ങള്‍ അതേ പോലെ എടുത്തു ചെയ്യുന്ന പതിവായിരുന്നു അന്ന്. ആകെ ഇഷ്ടപ്പെട്ടതും ഓര്‍മയുള്ളതുമായ ഒന്ന് നാടകാവതരണ ദിവസം മുഖത്ത് പൂശിയ പാന്‍ കേക്കിന്റെ മണവും ഉടുത്ത കാവിമുണ്ടും  മാത്രമാണ്.

സ്വാനുഭവത്തില്‍ നിന്നുള്ള പഠനം കൊണ്ടുതന്നെ നാടകത്തിന്റെ തെരഞ്ഞെടുപ്പില്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. കുട്ടികള്‍ക്കിഷ്ടപ്പെട്ട കഥ തന്നെ നാടകമായി വളരണം. അന്നത്തെ മറ്റൊരനുഭവം പലപ്പോഴും നാടകത്തില്‍ കുന്തക്കാരനായ ഭടന്റെ വേഷമായിരുന്നു. അഭിനയത്തോടുള്ള ആസക്തിക്കിടയിലും അങ്ങനെയാണ് പലപ്പോഴും സംഭവിച്ചത്. കുന്തം പിടിച്ചു നില്‍ക്കുന്നവരുടെ ആത്മാവും ശരീരവും അവഗണിക്കപ്പെടുന്നതായി തോന്നി.

അതുകൊണ്ടായിരിക്കും ഇപ്പോള്‍ ചെയ്യുന്ന നാടകങ്ങളിലെ വളരെ ചെറിയ കഥാപാത്രങ്ങള്‍ക്കു പോലും അതിന്റെതായ ജീവന്‍ കൊടുക്കാന്‍ കഴിയുന്നത്. ‘ആത്തോ പൊറത്തോ’ നാടകത്തിനു ശേഷം ഒരു സുഹൃത്ത് എനിക്കയച്ച മെസേജ്: ‘നിങ്ങളുടെ അടുപ്പാണ് ഞങ്ങളുടെ ചര്‍ച്ചാ വിഷയം’. യഥാര്‍ത്ഥത്തില്‍ അര മിനുറ്റ് പോലും ആ കഥാപാത്രം സ്റ്റേജില്‍ ഇല്ലായിരുന്നു.

കുട്ടികളോടൊത്തുള്ള വളരെ സ്വതന്ത്രമായ ഒരന്വേഷണമാണ് എനിക്ക് നാടകങ്ങള്‍. അവരില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ വെക്കാറില്ല. റിഹേഴ്‌സല്‍ ക്യാമ്പില്‍ അവര്‍ക്കിടയില്‍ ചെന്ന് ശാരീരികാഭ്യാസം നടത്താറില്ല. ഒരു കസേരയില്‍ ദൂരെ മാറിയിരിക്കുന്നു. ചില നിര്‍ദേശങ്ങള്‍ മാത്രം മതി. അവര്‍ അത്ഭുതങ്ങള്‍ കാണിച്ചു തരും.

നാടകത്തിനായി കുട്ടികളെ കണ്ടെടുക്കുന്നത് എങ്ങനെയാണ്?

സ്‌ക്കൂളില്‍നിന്ന് കുട്ടികളുമായി സംസാരിക്കുന്നതിനിടയില്‍ തന്നെ അവരുടെ നോട്ടവും ശൈലിയും കുസൃതിയും പിണക്കവുമൊക്കെ ശ്രദ്ധിക്കാറുണ്ട്. ഒരു മിനിറ്റിലെ സംസാരത്തിനിടയില്‍ നൂറു ഭാവങ്ങള്‍ മുഖത്ത് മിന്നി മറയ്ക്കുന്നവര്‍. കുട്ടികളെ ശ്രദ്ധിച്ചു നോക്കൂ. ഒരു നടനെ/നടിയെ കണ്ടു പിടിക്കാനുള്ള എളുപ്പ വഴിയാണത്. പിന്നെ സ്‌ക്കൂളിലെ തിയറ്റര്‍ ക്ലബിലേക്ക് വന്നെത്തുന്ന കുട്ടികള്‍. എപ്പഴുമെപ്പഴും ‘മാഷേ, നാടകം തൊടങ്ങണ്ടേ’ എന്ന് വന്നു ചോദിക്കുന്നവര്‍. ഇവരെല്ലാം കൂടിയാണ് ഒരു നാടകം സൃഷ്ടിക്കുന്നത്.

ഒരു നാടകം രൂപപ്പെട്ടു വരുന്നത് എങ്ങനെയാണ്? കുട്ടികളുടെ ഇടപെടല്‍ ഉണ്ടാവാറുണ്ടോ?

കാന്താരി പൊന്ന്

ആദ്യാവസാനം  കുട്ടികളുടെ ഇഷ്ടത്തിനൊത്താണ് സഞ്ചരിക്കാറ്. കഥ പറഞ്ഞു തുടങ്ങുന്നതു മുതല്‍ നാടകാവതരണം വരെയുള്ള ഘട്ടത്തില്‍ അവരുടെ ഇഷ്ടമാണ് എന്റെ അളവുകോല്‍. ഓരോ സീനും ഒരുങ്ങിക്കഴിഞ്ഞാല്‍ അവരൊത്തിരുന്ന് വിശകലനം ചെയ്യും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടാത്ത ഒന്നും നാടകത്തില്‍ ഉണ്ടാവാറില്ല. നാടകത്തിലെ കഥാപാത്രങ്ങളെ കുറിച്ചും വളര്‍ച്ചെയ കുറിച്ചും സംഗീതത്തെ കുറിച്ചും അനുഭവത്തെ കുറിച്ചുമൊക്കെ അവര്‍ സ്വതന്ത്രമായി അഭിപ്രായം പറയും.

ക്ലാസിലെ അധ്യാപകനും നാടകത്തിലെ സംവിധായകനും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

നിസ്സഹായനായ അധ്യാപകനാണ് ഞാന്‍. പലപ്പോഴും ദുഃഖം തോന്നാറുണ്ട്. തിയറ്ററില്‍ അവരുടെ എന്തൊക്കെ ഇഷ്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവോ, അതൊന്നും ക്ലാസ് മുറിയില്‍ നടക്കാറില്ല. വര്‍ത്തമാനം പറയാന്‍ ഇഷ്ടമുള്ളവരോട് മിണ്ടാതിരിക്ക് എന്നു പറയുന്നു. ഓടി നടക്കാന്‍ ഇഷ്ടപ്പെടുന്നവരോട് അടങ്ങിയിരിക്കാന്‍ പറയുന്നു. ക്ലാസ് മുറികള്‍ സിനിമാ ഹാളുകളും നാടകശാലകളും ആയിത്തീര്‍ന്നെങ്കില്‍!

നേരത്തെ പറഞ്ഞല്ലോ, കുന്തം പിടിച്ചു നിന്ന കുട്ടിക്കാലത്തെ കുറിച്ച്. അന്നത്തെ അപകര്‍ഷതകള്‍ മറികടക്കാന്‍ സംവിധാനമാണോ സഹായിച്ചത്?

തീര്‍ച്ചയായും. കുട്ടിക്കാലത്ത് ഏറെ ആഗ്രഹിച്ചിട്ടുണ്ട്, പല വേഷങ്ങളില്‍ അഭിനയിക്കാന്‍. അത്രയേറെ തീവ്രമായിരുന്നു അത്. ഞാനതിന് യോഗ്യനാണോ എന്ന് എനിക്കുതന്നെ ഉറപ്പു വരുത്താനുള്ള അവസരങ്ങള്‍ കിട്ടിയില്ല. അന്നൊക്കെ ഇപ്പോഴുള്ള പോലെ ക്യാമ്പുകളും പരിശീലന കേന്ദ്രങ്ങളും വ്യാപകമല്ലല്ലോ. ഇപ്പോള്‍ എന്റെ കുട്ടികള്‍ അരങ്ങില്‍ തകര്‍ത്തഭിനയിക്കുമ്പോള്‍ എന്റെ ഉള്ളിലെ കുട്ടി സന്തോഷിക്കുന്നുണ്ട്. എന്റെ കുട്ടിക്കാലം അവരിലൂടെ തിരിച്ചെടുക്കുകയാണ്. കുട്ടിക്കാലത്തെ സ്വന്തം അനുഭവങ്ങളാണ് നാടകം ചെയ്യുമ്പോള്‍ ഞാന്‍ കൊളുത്തി വെക്കുന്നത്.

എന്തുകൊണ്ടാണ് കുട്ടികളുടെ പ്രമേയങ്ങള്‍ അരങ്ങിലെത്താത്തത്?

പച്ചപ്ലാവില

കുട്ടികളില്‍നിന്ന് മാറ്റി നിര്‍ത്താവുന്ന ഒരു പ്രമേയവും ലോകത്തിലില്ല. ഏറ്റവും പുതിയതിനെ ഏറ്റവും വേഗത്തില്‍ ആഗിരണം ചെയ്യുന്നത് കുട്ടികള്‍ തന്നെയാണ്. ഫാന്റസിയിലേക്കും റിയാലിറ്റിയിലേക്കും ഒരു പോലെ സഞ്ചരിക്കാന്‍ കഴിയുന്നവരാണിവര്‍. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വന്നതോടെ കാഴ്ചയുടെ വിപ്ലവത്തിലേക്കും അപകടത്തിലേക്കും ചെന്നു ചാടിയവര്‍. അതുകൊണ്ടുതന്നെ എന്തു പറഞ്ഞാലും വ്യത്യസ്തമായ കാഴ്ച അവര്‍ക്ക് നല്‍കണം.

ലോകത്തിലെ ക്രൂരതയും ഭയാനകതയും കാണിച്ച് കുട്ടികളെ പേടിപ്പിക്കുകയല്ല നാടക ധര്‍മം. മറിച്ച് മാനുഷിക മൂല്യങ്ങള്‍ അവരില്‍ ഊട്ടിയെടുക്കാനുള്ള കാഴ്ചകളാണ് കൊടുക്കേണ്ടത്. ആശാന്റെ ‘വീണപൂവ്’ വായിച്ച ഒരു കുട്ടിക്ക് ഒരിക്കലും പൂ നുള്ളികളയാന്‍ തോന്നില്ലല്ലോ.

‘പച്ചപ്ലാവില’ ഒരേ സമയം കുട്ടികളുടേയും മുതിര്‍ന്നവരുടേയും നാടകമാണ്. ഒരാട്ടിന്‍ കുട്ടിയുടേയും അന്നാമ്മചേട്ടത്തിയുടേയും കഥയിലൂടെ സ്വന്തം മണ്ണിനോടുള്ള സ്‌നേഹമെന്തെന്ന് തിരിച്ചറിയുന്നു. നിസ്സാരയായ ഒരാട്ടിന്‍ കുട്ടിയെ ഒരമ്മച്ചിയോട് ഒട്ടിനിര്‍ത്തുന്നത് അപാരമായ സ്‌നേഹത്തിന്റെ ശക്തിയാണെന്ന് നാം തിരിച്ചറിയുന്നു. മണ്ണിനോടും മിണ്ടാ പ്രാണികളോടും ഉള്ള സ്‌നേഹമാണ് കുട്ടികള്‍ ആ കാഴ്ചയില്‍ അനുഭവിക്കുന്നത്. ചുരുക്കത്തില്‍ മുതിര്‍ന്നവരുടെ വിഷയം കുട്ടികളുടെ വീക്ഷണ കോണില്‍ പറയുമ്പോള്‍ കുട്ടികളുടെ നാടകമാവുന്നു.

കുട്ടികളുടെ നാടകാനുഭവം, അവരുടെ പ്രതികരണങ്ങള്‍?

തിയറ്റര്‍ അവരില്‍ രൂപകല്‍പ്പന ചെയ്യുന്ന ഒരു സംസ്‌ക്കാരമുണ്ട്. കലയുടേയും ചിന്തയുടേയും ഭാവനയുടേയും പെരുമാറ്റത്തിന്റേയും ഒക്കെ സംസ്‌ക്കാരം. അത്രയും ആഴത്തിലാണ് അവരെ അത് സ്വാധീനിക്കുന്നത്. ഭാവിയിലേക്കുള്ള മുത്തുകളായി അവരുടെ ഉള്ളില്‍ അത് വീണു കിടക്കും. റിഹേഴ്‌സല്‍ ക്യാമ്പില്‍ അവരുടെ ഊര്‍ജം കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്. ഞാന്‍ അവര്‍ക്കിടയില്‍ കസേരയില്‍ ഒരു ശവമായി ഇരിക്കുന്നതു പോലെ. നാടക കേമ്പിലും പുറത്തുമുള്ള അനുഭവങ്ങള്‍ അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

സാധാരണയായി സ്‌ക്കൂള്‍ നാടകം സമ്മാനം കിട്ടിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ സ്റ്റേജില്‍ ഒതുങ്ങിപോകുന്നു. പക്ഷേ മത്സരത്തിനപ്പുറത്തെ വേദികളാണ് കുട്ടികള്‍ കൂടുതല്‍ ആസ്വദിച്ചത്. മുപ്പതോളം വേദികളിലാണ് ഓരോ നാടകവും അവതരിപ്പിക്കപ്പെട്ടത്. എത്ര ആയിരം ആളുകളെ കുട്ടികള്‍ അഭിമുഖീകരിക്കുന്നു ഓരോ വര്‍ഷവും! എത്ര ആയിരങ്ങളോടാണ് ഞങ്ങള്‍ കുട്ടികളുടെ നാടകക്കാരാണ് എന്ന് അന്തസ്സോടെ വിളിച്ചു പറയുന്നത്….