ടി.ഐ.ലാലു / പാഠഭേദം

സ്വന്തം ആവാസ വ്യവസ്ഥയിലെ കാലാവസ്ഥക്കും മറ്റും കാതലായ വ്യതിയാനം സംഭവിക്കുമ്പോള്‍ വീടും കുടിയും തല്‍ക്കാലം ഉപേക്ഷിച്ച് അനുകൂല പരിതസ്ഥിതികളന്വേഷിച്ച് പറന്നുപോകുന്നവരാണ് ദേശാടന പക്ഷികള്‍. കുടിയേറിയ പ്രദേശത്തെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ദൃശ്യമാകുന്നതോടെ അവര്‍ തങ്ങളുടെ സ്വദേശത്തേക്കു മടങ്ങുകയും ചെയ്യും. മടക്കയാത്രയില്‍ ചിലപ്പോള്‍ കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളും കൂടെയുണ്ടായിരിക്കും. ഇങ്ങനെ പ്രകൃതിയുടെ ഉള്‍വിളി മാത്രം കേട്ട്, ലോകത്തിന്റെ പല വന്‍കരകളില്‍ നിന്നും ധ്രുവപ്രദേശങ്ങളില്‍ നിന്നും അലകടലും ആകാശവും മുറിച്ച് ഏറെ തടസ്സങ്ങള്‍ താണ്ടി എത്തുന്നവരാണ് ദേശാടന പക്ഷികള്‍.

പല നിറക്കാരും സ്വഭാവക്കാരുമായ ഈ പരദേശപ്പക്ഷികള്‍ ദേശാടനത്തിനിടയില്‍ ഭൂഖണ്ഡങ്ങളെ, വിഭിന്ന സംസ്‌കൃതികളെ, ജനപഥങ്ങളെ ബന്ധിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നു. പോകുന്നിടത്തെല്ലാം തങ്ങളുടെ ചിറകിനടിയിലെ സ്‌നേഹനിധി സൂക്ഷിപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തുകൊണ്ട് ദേശാടനത്തിന്റെ ആത്മമുദ്ര പതിപ്പിച്ചുറപ്പിക്കുന്നു. യാതൊരുവിധ ദുഷ്ടലാക്കുകളുമില്ലാതെ നിരവധി സസ്യങ്ങളേയും ജീവികളേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതില്‍ ദേശാടന പക്ഷികള്‍ക്ക് നല്ലൊരു പങ്കുണ്ട്. ജൈവ വൈവിധ്യത്തിന്റെ അംബാസഡര്‍മാരാണിവര്‍. ദേശാടനത്തിനിടയില്‍ നിരവധി പാരിസ്ഥിതിക വ്യവസ്ഥിതികളിലൂടെ കടന്നുപോകുന്ന ഇത്തരം പക്ഷികള്‍ ജൈവ വൈവിധ്യത്തിന്റെ തല്‍സ്ഥിതിയും പ്രവണതയും അടയാളപ്പെടുത്തുന്ന സൂചകങ്ങളുമാണ്.

പാരിസ്ഥിതികമായും സാമ്പത്തികമായും അമൂല്യമായ ദേശാടന പക്ഷികളുടെ ഈ നീണ്ട യാത്ര എക്കാലവും അപകട യാത്രകളുമാണ്. ആകാശം മുട്ടുന്ന പര്‍വത നിരകള്‍, കരകാണാക്കടലുകള്‍, നീണ്ട മണലാരണ്യങ്ങള്‍ എന്നിവയെല്ലാം ദേശാടന വഴികളിലെ പ്രതിബന്ധങ്ങളാണ്. ഇതെല്ലാം അതിജീവിച്ച് പറന്നുവരുന്ന ദേശാടന പക്ഷികള്‍ക്ക് വഴിനീളെ ഭക്ഷണവും വിശ്രമ കേന്ദ്രങ്ങളും ലഭ്യമായിരുന്നു. ഉഷ്ണമേഖലാ മഴക്കാടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, തീരപ്രദേശങ്ങള്‍, നെല്പാടങ്ങള്‍, ചതുപ്പുനിലങ്ങള്‍ എന്നിവയെല്ലാമായിരുന്നു ഇവര്‍ക്ക് എക്കാലവും ആശ്രയം. കണ്ടതെല്ലാം ആര്‍ത്തിയോടെ വിഴുങ്ങി അട്ടഹസിച്ചുപായുന്ന ‘വികസനം’ ഇവയെല്ലാം മാന്തിപ്പൊളിച്ച് നശിപ്പിച്ചിരിക്കുന്നു. കാടുകളുടെയും ജല സ്രോതസ്സുകളുടെയും ശോഷണം, മലിനീകരണം, ഖനനം, രാസവളങ്ങളും വിഷ കീടനാശിനികളും ഉപയോഗിച്ചുള്ള ഊര്‍ജിത കൃഷികള്‍, നെല്‍കൃഷി കുറയുന്നതും വയല്‍ നികത്തുന്നതും, നഗരവത്കരണം എന്നിവയെല്ലാം ദേശാടന പക്ഷികളുടെ താവളങ്ങള്‍ തുടച്ചു നീക്കികൊണ്ടിരിക്കുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടി, ശാസ്താംകോട്ട കായലുകളിലേക്കുള്ള ദേശാടന പക്ഷികളുടെ വരവ് കുറഞ്ഞതായി സര്‍വേ ചൂണ്ടിക്കാട്ടുകയുണ്ടായി. ദേശാടന പക്ഷികള്‍ക്കു പോലും വേണ്ടാത്ത ഒരു നാടായി കേരളം മാറുന്നുവെന്നതാണ് പുതിയ നാണക്കേട്.

ഇതിനൊക്കെപ്പുറമേ ദേശാടന പക്ഷികളുടെ വഴി മുടക്കുവാന്‍ ഒട്ടേറെ പുതിയ വിലക്കുകളും തടസ്സങ്ങളും അനുദിനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എണ്ണമറ്റ വൈദ്യുതി ലൈനുകള്‍, കാറ്റാടിപ്പാടങ്ങള്‍, ടെലിവിഷന്‍ – മൊബൈല്‍ ടവറുകള്‍, നഗര മാറിടങ്ങളില്‍ ചിതല്‍പുറ്റു പോലെ പൊന്തിവരുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍, കെട്ടിടങ്ങളിലെ ഗ്ലാസ് ജനലുകള്‍, രാത്രികാലങ്ങളിലെ അമിത വൈദ്യുത പ്രകാശം എന്നിവയെല്ലാം ദേശാടന പക്ഷികളെ വഴി തെറ്റിക്കുകയും അവയുടെ യാത്ര സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു. ഇത്തരം വഴിമുടക്കികളുമായി കൂട്ടിയിടിച്ച് നിരവധി പക്ഷികള്‍ രക്തസാക്ഷികളാകുന്നുവെന്ന്  പക്ഷിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ആഗോള താപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാരണം ദേശാടന പക്ഷികളുടെ വാര്‍ഷിക യാത്രാപരിപാടി പലപ്പോഴും തകരാറിലാകുന്നു. പ്രകൃതിയുടെ വിളിയാണെന്നു തെറ്റിദ്ധരിച്ച് നേരത്തെ അല്ലെങ്കില്‍ നേരം വൈകി യാത്ര പുറപ്പെട്ട് താവളങ്ങളിലും ഇടത്താവളങ്ങളിലും വേണ്ടത്ര അനുകൂല സാഹചര്യങ്ങള്‍ ലഭിക്കാതെ ഇവര്‍ നട്ടംതിരിയുന്നു.

വളരെ ശ്രമകരമായ ഈ ദേശാടനം പൂര്‍ത്തിയാക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒരു ഗുരുതര പ്രശ്‌നമാണിത്. ദേശാടനപ്പക്ഷികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ബദല്‍ മാര്‍ഗങ്ങള്‍ ആരായേണ്ടതാണ്. അവയുടെ ഡിസൈനുകളിലും സ്ഥാനങ്ങളിലും മാറ്റം വരുത്തുകയാണെങ്കില്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവും. ദേശാടനപ്പക്ഷികളുടെ സ്ഥിരം സഞ്ചാരപഥങ്ങള്‍ നിര്‍ണയിക്കുകയും ആ വഴിയില്‍നിന്ന് ഇത്തരം തടസ്സങ്ങള്‍ എടുത്തുമാറ്റുകയും വേണം. ഒപ്പം പുതിയവ ഈ വഴിയില്‍ സ്ഥാപിക്കുവാന്‍ അനുവദിക്കുകയുമരുത്. ദേശാടനപ്പക്ഷികളുടെ താവളങ്ങളും ഇടത്താവളങ്ങളും സംരക്ഷിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്.

ദേശാടനപ്പക്ഷികളും മനുഷ്യരും തമ്മിലുള്ള സൗഹൃദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അനസ്യൂതമായ ഒരു ജൈവ സുകൃതമാണത്. ഹോമറുടെ ഇതിഹാസങ്ങളിലും ഹെറോഡോട്ടസ്, അരിസ്റ്റോട്ടില്‍ മുതലായ മഹാരഥന്മാരുടെ രചനകളിലും മറ്റും പക്ഷികളുടെ ദേശാടനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നാടോടിച്ചൊല്ലുകള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ദൃശ്യ കലകള്‍, വിനോദങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയിലെല്ലാം ദേശാടനപ്പക്ഷികളുടെ ചിറകടിയുണ്ട്. മേടമാസത്തിലെ വിഷു ആനന്ദ സാന്ദ്രമാക്കുവാന്‍ കൊന്നപ്പൂവിളിയുമായി വിരുന്നെത്തുന്ന വിഷുപ്പക്ഷിയെ നമുക്ക് പരിചിതമാണല്ലോ.

പ്രപഞ്ചത്തിന്റെ ധന്യതയായ ദേശാടനപ്പക്ഷികളെ അന്യംനിന്നുപോകാതെ നമ്മോടൊപ്പം നിലനിര്‍ത്തുവാനുള്ള പരിശ്രമങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്. അവര്‍ക്ക് സ്വച്ഛമായി പറക്കുവാന്‍, ദേശാടനം അഭംഗുരം തുടരുവാന്‍ ആവശ്യമായ നീക്കങ്ങള്‍ മനുഷ്യരുടെ ഭാഗത്തുനിന്നു ഉയരുന്നില്ലെങ്കില്‍ ദേശാടന പക്ഷികളുടെ കൊഴിഞ്ഞ വര്‍ണത്തൂവലുകള്‍ നോക്കി ഭാവിയില്‍ നമുക്കു പരിതപിക്കേണ്ടി വന്നേക്കാം. ശുദ്ധമായ ഭക്ഷണവും വായുവും വെള്ളവും വഴിയും മനുഷ്യര്‍ക്കു മാത്രമല്ല ഈ ദേശാടനപ്പക്ഷികള്‍ക്കും ലഭിക്കുവാന്‍ അവകാശമുണ്ട്.

Categories: environment

Leave a Reply

Your email address will not be published. Required fields are marked *