ഷിംന

അദ്ധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ഷിംന ടീച്ചര്‍ എഴുതുന്നു

കുംഭച്ചൂടില്‍ സ്‌കൂള്‍മുറ്റത്തെ പന്തലിച്ച ചീനിമരം ഇലയടര്‍ത്താന്‍ തുടങ്ങുമ്പോള്‍ മനസില്‍ തെളിഞ്ഞു വരുന്നൊരു മുഖമുണ്ട്. ഒന്നര പതിറ്റാണ്ടു മുമ്പേ സ്‌കൂള്‍ വിട്ടുപോയ, എണ്ണമയമില്ലാതെ ചെമ്പിച്ച ചുരുളന്‍മുടിയും, ഒരു ചെപ്പുമഷി ഒന്നിച്ചെഴുതിച്ചന്തം വരുത്തിയ വിടര്‍ന്ന കണ്ണുകളുമുള്ള നിറഞ്ഞ ഒരു പുഞ്ചിരി. ഇന്റര്‍വെല്ലിന് കാത്ത് ബെല്ലടിക്കുന്ന ലക്ഷ്‌മ്യേടത്തി പുറത്തു വരുന്നതും നോക്കിയിരിക്കും. ധൃതിയില്‍ മുറ്റത്തിറങ്ങി ചവിട്ടു പറ്റാത്ത ചീനിക്കായ്കള്‍ ഇസ്തിരിപ്പെട്ടി കാണാതെ ഞൊറിവുകള്‍ പാടുമാറിയ പാവാടക്കുത്തില്‍ ശേഖരിക്കുന്ന, മെലിഞ്ഞ പെണ്‍കുട്ടി. മധുരതരമായ ശബ്ദത്തില്‍ കൂട്ടുകാരികളോടെന്തൊക്കെയോ പറയുന്നതിനിടയില്‍ ചീനിക്കായ്കള്‍ കാര്‍ന്നു കാര്‍ന്നു തിന്നുമ്പോള്‍ അവളിലുണ്ടായിരുന്നത് വിശപ്പോ, നാവുകൊഴുപ്പിക്കുന്ന ചവര്‍പ്പിനോടുള്ള ഇഷ്ടമോ എന്തായിരുന്നിരിക്കും എന്നു പിന്നീടും പലകുറി ചിന്തിച്ചു പോയിട്ടുണ്ട്.

ക്ലാസെടുക്കുമ്പോള്‍ അവളുടെ കണ്ണിലെ ആകാംക്ഷയും അതിനു പിറകെ വരുന്ന കാര്യമാത്ര പ്രസക്തങ്ങളായ സംശയങ്ങളും സിലബസിനപ്പുറത്തേക്ക് പറഞ്ഞു പറഞ്ഞു പോകാനെന്നും പ്രേരണയായിത്തീര്‍ന്നിരുന്നു.
ഒരിക്കല്‍ ഏതോ ഒരു പരീക്ഷയില്‍ തനിക്കു കിട്ടിയ മാര്‍ക്ക് തീര്‍ത്തും അവഗണനയായിരുന്നെന്നു പറഞ്ഞു നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്ന അവളെ സമാശ്വസിപ്പിക്കാനാവാതെ ഞാന്‍ പറഞ്ഞ വാക്കുകള്‍ കണ്ണു തുടച്ചും തലയാട്ടിയും പുറത്തിറങ്ങിയപ്പോള്‍ അവള്‍ക്കു മനസിലായിരുന്നെന്ന് ഞാന്‍ മനസിലാക്കിയത്, എസ്.എസ്.എല്‍.സി റിസള്‍ട്ടു വന്ന ദിവസം അയല്‍പക്കത്തു നിന്ന് അവള്‍ വിളിച്ച ഫോണ്‍ കോളിലൂടെയാണ്. ”ടീച്ചറു പറഞ്ഞ പോലെത്തന്നെ എനിക്ക് 9 എ പ്ലസ് …” ടാര്‍പോളിന്‍ ഷീറ്റ് മറച്ചു കെട്ടിയ വീട്ടില്‍ നിന്ന് അവള്‍ നേടിയത് ഒന്‍പതല്ല പതിനെട്ട് എ പ്ലസ് തന്നെയാണെന്ന് ഞാനെന്റെ സ്വന്തം മക്കളോടു പറയാറുണ്ടായിരുന്നു.

സ്‌കൂളിനടുത്താണെങ്കിലും പിന്നെ ഞാനവളെ കണ്ടിരുന്നില്ല. ബസില്‍ വെച്ചു കാണുമ്പോള്‍ അവളുടെ അമ്മ വിശേഷം പറഞ്ഞു തീരാതെ ഇറങ്ങിപ്പോവുകയും ചെയ്തു. അങ്ങനെയൊരു ദിവസം വന്ന പത്രവാര്‍ത്ത എന്നെ തീര്‍ത്തും അതിശയപ്പെടുത്തി…
വെള്ളിയാഴ്ചയുടെ നീണ്ട മധ്യാഹ്നങ്ങളില്‍ എനിക്കു വായിക്കാനുള്ള പുസ്തകങ്ങള്‍ തെരഞ്ഞ് സ്‌കൂള്‍ ലൈബ്രറിയുടെ തടിയലമാരക്കു മുന്നില്‍ നില്‍ക്കുന്ന എന്നെ, ചുറ്റിപ്പറ്റി നില്‍ക്കുന്ന അവളുടെ മുഖത്ത് മാസത്തിലൊരിക്കല്‍ കിട്ടുന്ന ക്ലാസ്‌ലൈബ്രറി പുസ്തകം തികയാത്തതും വീട്ടില്‍ പുസ്തകങ്ങള്‍ ഏറെയുള്ള കൂട്ടുകാരികളുടെ പുസ്തകം, വായിക്കാന്‍ അവസാന ഊഴം വരെ കാത്തു നില്‍ക്കേണ്ടി വരുന്നതുമെല്ലാം വായിക്കാന്‍ കഴിഞ്ഞു എനിക്ക്. ചില നല്ല പുസ്തകങ്ങള്‍ കൊടുക്കുമ്പോഴുള്ള അവളുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
സ്‌കൂളില്‍ പഠനയാത്ര അനൗണ്‍സ് ചെയ്ത ദിവസം അവളുടെ മുഖത്തു തെളിഞ്ഞ നിസ്സംഗത, പിറ്റേദിവസം ക്ലാസിനു പുറത്ത് കൂട്ടുകാരറിയാതെ കൊടുത്ത തുക ക്ലാസ് ടീച്ചറായ എന്നെത്തന്നെ ഏല്‍പിച്ചു സീറ്റ് ബുക്കു ചെയ്ത സമയത്തുള്ള സന്തോഷത്തിന്റെയും മീതെ പൊങ്ങിത്തന്നെ നില്‍ക്കുന്നതാണ് ഇന്നും.
ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന് എഴുതിത്തന്ന മറുപടിക്കപ്പുറം അവള്‍ തന്ന വിശദീകരണം: ”ടീച്ചറെ എനിക്കൊരു ഡോക്ടറാവാനാ ശരിക്കും ഇഷ്ടം. അതിനൊക്കെ ഒരുപാടു കാശു വേണം. ഹോസ്റ്റലിലൊക്കെ നില്‍ക്കണം. നിനക്കൊന്നും പറ്റില്ലാന്ന് ഇവരു പറഞ്ഞതോണ്ടാ ഞാന്‍ ‘ടീച്ചര്‍’ എന്നെഴുതീത്…” സ്വപ്നങ്ങള്‍ക്കു കൂടി കടിഞ്ഞാണിടുന്ന സൗഹൃദങ്ങള്‍… ഡോക്ടറാവാന്‍ പൈസയല്ല പരിശ്രമവും ഈശ്വരാധീനവുമാണ് വേണ്ടതെന്നു പറഞ്ഞപ്പോ ഒന്നും പറയാതെ പ്രത്യേകിച്ചൊരു ഭാവവുമില്ലാതെ പോയെന്നു തോന്നി അവള്‍.

ഈയിടെ എന്റെ ആദ്യകവിതാസമാഹാരത്തിന്റെ പ്രകാശനത്തിന് വേദി പങ്കിടാന്‍ ക്ഷണിച്ചു കൊണ്ടു വിളിച്ചപ്പോള്‍- മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് പേപ്പര്‍ സബ്മിറ്റ് ചെയ്യാനുള്ള അവസാന മിനുക്കുപണിയിലായിരുന്നു അവള്‍. എനിക്ക് എത്രയോ മുമ്പു പറന്നുയര്‍ന്ന എന്റെ ശിഷ്യ. അവളുടെ രണ്ടാമത്തെ കഥാസമാഹാരവും പ്രകാശനം കഴിഞ്ഞിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അവളെത്തേടിയെത്തിയിരുന്നു.
പുസ്തക പ്രകാശനച്ചടങ്ങിന് മഞ്ഞ സാരിയും കറുത്ത ബ്ലൗസുമണിഞ്ഞ് അലക്ഷ്യമായി വെട്ടിയിട്ട മുടിയുമായ് കയറിവന്നത് നിശ്ചയ ദാര്‍ഢ്യത്തിനും വായനാശീലത്തിനും, അര്‍പ്പണബോധത്തിനും വിനയത്തിനും ഇന്നും ഉദാഹരണം നല്‍കുന്ന ഏകാംബരത്തിന്റെയും ലീലയുടെയും അഞ്ചു പെണ്‍മക്കളില്‍ മൂത്തവള്‍ ഡോ.ലിജിഷ എ.ടിയാണെന്നു കാണിച്ചുകൊടുക്കാന്‍, കുട്ടികളവിടെ ഉണ്ടായിരുന്നില്ല.
സമ്മാനങ്ങള്‍ വാരിക്കൂട്ടിയ പഴയ കലാമേള വേദികളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അനായാസം സംസാരിച്ച അവള്‍ ഒരിക്കല്‍ക്കൂടി എന്നോടു ചേര്‍ന്നു നിന്നു; ഒരു ഫോട്ടോയെടുക്കാന്‍ വേണ്ടി.

(ഷിംന, ടീച്ചര്‍, ജി.യു.പി.എസ്, ചെങ്ങര, മലപ്പുറം)

(സ്റ്റുഡന്റസ് ഇന്ത്യ 2020 ജൂണ്‍)

Leave a Reply

Your email address will not be published. Required fields are marked *